ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വിജയിയായ സാബുമോനെ ഒന്നിലധികം സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളില്‍ അടുത്തിടെ മലയാളികള്‍ കണ്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ടി'ലെയും ജോണ്‍ മന്ത്രിക്കലിന്റെ 'ജനമൈത്രി'യിലെയും കഥാപാത്രങ്ങള്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. അതില്‍ 'ജല്ലിക്കട്ടി'ലെ വേഷത്തിന്റെ കാര്യം ലിജോ അനൗണ്‍സ് ചെയ്തത് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വേദിയിലായിരുന്നു. എന്നാല്‍ സിനിമകളിലെ അവസരങ്ങള്‍ക്കപ്പുറത്ത് ബിഗ് ബോസ് തനിക്ക് വ്യക്തിപരമായി നല്‍കിയത് എന്തൊക്കെയെന്ന് പറയുകയാണ് സാബുമോന്‍ അബ്ദുസമദ്. ബിഗ്‌ബോസ് സീസണ്‍ 2 കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ഏഷ്യാനെറ്റ് തയ്യാറാക്കിയ വീഡിയോയിലാണ് സാബു ഇതേക്കുറിച്ച് പറയുന്നത്.

കേരളീയ സമൂഹത്തിന് തന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് ഷോ മാറ്റിയെന്നും പല പുതിയ സുഹൃത്തുക്കളെയും കിട്ടിയെന്നും സാബു പറയുന്നു. 'ഇപ്പോള്‍ കുറേ സിനിമകളുടെയൊക്കെ തിരക്കുകളുമായി ഇങ്ങനെ പോകുന്നു. സിനിമയിലെ തിരക്ക് എന്നതിലുപരി കേരളീയ സമൂഹത്തിന് എന്നോടുള്ള കാഴ്ചപ്പാട് മാറി. എന്റെ ജീവിത കാഴ്ചപ്പാടുകളിലും ഒരുപാട് മാറ്റം വന്നു. ഒരിക്കലും കൂട്ടുകാര്‍ ആവില്ല എന്ന് കരുതിയിരുന്ന ഒരുപാട് പേര്‍ അടുത്ത സൗഹൃദത്തിലായി. ചുരുക്കി പറഞ്ഞാല്‍ എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു ബിഗ് ബോസ്', സാബുമോന്‍ പറഞ്ഞവസാനിപ്പിക്കുന്നു.