മലയാളം ബിഗ്‌ബോസിലൂടെ മലയാളികളുടെ 'മസിലന്‍ ഇക്ക'യായ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് ഒന്നാം സീസണില്‍നിന്നും ശാരീരിക വിഷമതകള്‍ കാരണം മനോജ് വര്‍മ്മ പുറത്തായപ്പോഴാണ് ഷിയാസ് ബിഗ്‌ബോസിലെത്തുന്നത്. അതുവരേക്കും പ്രമുഖ കമ്പനികളുടെ ദേശീയ അന്തര്‍ദേശീയ മോഡലായാണ് ഷിയാസ് അറിയപ്പെട്ടിരുന്നത്. അന്ന് അധികമാരുമറിയാത്ത ഷിയാസ് കരീം, ബിഗ്‌ബോസിലൂടെ വളരെ പെട്ടന്നാണ് മലയാളികളുടെ ഷിയാസിക്ക ആയി മാറുന്നത്. റാംപില്‍നിന്നും മിനിസ്‌ക്രീനിലെത്തിയതോടെ ഷിയാസിന്റെ താരമൂല്യം ഉയര്‍ന്നു. ഒരുപാട് ഗേള്‍ഫ്രണ്ട്‌സുള്ള താരം എന്ന നിലയ്ക്കാണ് താരത്തെ ബിഗ്‌ബോസിലും അവതരിപ്പിച്ചത്.

താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. തൃശൂര്‍ ടൗണ്‍ഹാളില്‍ ഒരു പരിപാടിക്കെത്തിയ താരം ആരാധകരുടെ കൂടെ സെല്‍ഫിയെടുക്കുന്ന വീഡിയോ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 'ആരും തിരക്ക് കൂട്ടരുത്! എല്ലാവര്‍ക്കും കാണാം' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ ഫോണ്‍ വാങ്ങി താരം അവരോടൊന്നിച്ചുള്ള സെല്‍ഫി എടുക്കുന്ന വിഡിയോ ആരാധകര്‍ക്കിടയല്‍ തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇത്ര സിംപിളാണോ ഷിയാസിക്ക, ഇക്കാ നിങ്ങള്‍ ഉഷാറാണ് തുടങ്ങിയ തരത്തിലുള്ള കമന്റുകള്‍ കൊണ്ട് ആരാധകര്‍ അദ്ദേഹത്തിന്റെ കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ്.

ബിഗ്‌ബോസിനുശേഷം സിനിമാരംഗത്തും ഷിയാസിന് നല്ല തിരക്കാണ്. താരം അഭിനയിച്ച ക്യാബിന്‍ എന്ന ചിത്രം വൈകാതെ തന്നെ തിയ്യേറ്ററുകളിലെത്തും. താരത്തിന്റെ ആരാധകര്‍ ബിഗ്‌ബോസ്‌നുശേഷം നല്ലരീതിയില്‍ കൂടിയിട്ടുണ്ടെന്നും, എവിടെപോയാലും ആളുകള്‍ തന്നെ തിരിച്ചറിയുന്നുണ്ടെന്നും താരം നേരത്തെ പലപ്പോഴും പറഞ്ഞിരുന്നു.