Asianet News MalayalamAsianet News Malayalam

'അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ മക്കളെ ഞാന്‍ വാങ്ങിച്ചു'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് സോമദാസ്

'പല ദിവസങ്ങളില്‍ ഞാനൊരു ഭ്രാന്തനെപ്പോലെ നടന്നിട്ടുണ്ട്. അവസാനം കേസ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാല്‍ മതിയെന്ന് അവര്‍ മറുപടി പറഞ്ഞു.'

somadas breaks down at bigg boss 2
Author
Thiruvananthapuram, First Published Jan 9, 2020, 10:31 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഗായകനാണ് സോമദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും പരിചിതനായ സോമദാസ് ഒരിടവേളയ്ക്ക് ശേഷമാണ് ഒരു വലിയ ഷോയിലേക്ക് എത്തുന്നത്. സ്വന്തം ജീവിതത്തിന്റെ കയറ്റിറങ്ങള്‍ മറ്റ് പതിനാറ് മത്സരാര്‍ഥികളുമായി പങ്കുവെക്കാനുള്ള നിര്‍ദേശം ഇന്നത്തെ എപ്പിസോഡില്‍ ബിഗ്‌ബോസില്‍ നിന്ന് സോമദാസിന് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹം ജീവിതത്തിലെ ഏറ്റവും പ്രശ്‌ന സങ്കീര്‍ണമായ ഒരു കാലത്തെക്കുറിച്ച് പറയാനാരംഭിച്ചു.

സ്റ്റാര്‍ സിംഗറില്‍ എത്തുന്നതിന് മുന്‍പ് ഓട്ടോറിക്ഷ തൊഴിലാളിയും അതേസമയം ഗാനമേളകളില്‍ പാടുന്നയാളുമായിരുന്നു സോമദാസ്. സ്റ്റാര്‍ സിംഗറില്‍ വന്നതിന് ശേഷം പരിപാടികള്‍ കുറഞ്ഞുതുടങ്ങുന്നോ എന്ന് സംശയിച്ച സമയത്ത് അമേരിക്കയിലേക്ക് ജോലിക്ക് പോകാന്‍ ഒരു അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം അവിടെ നിന്നിട്ടും വലിയ മെച്ചമൊന്നും ഉണ്ടാകാത്ത ജോലിയായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിനിപ്പുറം അടിയന്തിരമായി നാട്ടിലെത്താന്‍ ഇടയാക്കിയത് കുടുംബജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്നും സോമദാസ് പറയുന്നു.

'അച്ഛനുമമ്മയുമായി ഭാര്യ രസത്തിലായിരുന്നില്ല. ഞാന്‍ തിരികെയെത്തിയ ദിവസം തന്നെ അവള്‍ അവളുടെ വീട്ടിലേക്ക് പോയി. പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല. അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസില്‍ പരാതി കൊടുത്തു. ഭാര്യയെ അവളുടെ വീട്ടികാര്‍ വന്ന് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് വിവരമില്ലെന്നുമാണ് പരാതി കൊടുത്തത്. കുട്ടികളില്‍ ഒരാളെയും ഭാര്യ കൊണ്ടുപോയിരുന്നു. ഒത്തുതീര്‍പ്പിനായി വിളിപ്പിച്ചപ്പോള്‍ പേപ്പറുകളൊക്ക വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടിയുമായി വീണ്ടും പോയെന്നും സോമദാസ് പറയുന്നു. 

'പല ദിവസങ്ങളില്‍ ഞാനൊരു ഭ്രാന്തനെപ്പോലെ നടന്നിട്ടുണ്ട്. അവസാനം കേസ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാല്‍ മതിയെന്ന് അവര്‍ മറുപടി പറഞ്ഞു. കുട്ടികളെ വിട്ടുതരണമെങ്കില്‍ 10 ലക്ഷം രൂപ തരണമെന്നാണ് ഭാര്യയുടെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചത്. എന്റെ കൈയില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. അത് പറഞ്ഞുപറഞ്ഞ് അഞ്ചരലക്ഷമാക്കി.' അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാന്‍ വാങ്ങിച്ചു, പൊട്ടിക്കരഞ്ഞുകൊണ്ട് സോമദാസ് പറഞ്ഞു.

അമ്മ നിര്‍ബന്ധിച്ചതുകൊണ്ടാണ് രണ്ടാമതൊരു വിവാഹം കഴിച്ചതെന്നും നിലവിലെ ജീവിതം പ്രയാസമില്ലാതെ പോകുന്നുവെന്നും സോമദാസ് പറഞ്ഞു. സ്വന്തം ജീവിതത്തെ ഒരു പാട്ടിലൂടെ പ്രകാശിപ്പിക്കണമെങ്കില്‍ ഏത് പാട്ട് പാടുമെന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് 'കണ്ണാന കണ്ണേ..' എന്ന പാട്ടും പാടിയാണ് സോമദാസ് വേദി വിട്ടത്. 

Follow Us:
Download App:
  • android
  • ios