ബിഗ് ബോസിലെ ഏറ്റവും സെന്റിമെന്റല്‍ മത്സരാര്‍ഥികളില്‍ ഒരാളാണ് വീണ നായര്‍. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ത്തന്നെ വീണയുടെ കുറവായി ഇത് പലരും എടുത്ത് പറയാറുമുണ്ട്. 'അമ്പുച്ചന്‍' എന്ന് വീണ വിളിക്കുന്ന മകന്‍ അമ്പാടിയുടെയും 'കണ്ണേട്ടന്‍' എന്ന് വിളിക്കുന്ന ഭര്‍ത്താവ് കണ്ണന്റെയുമൊക്കെ കാര്യം വീണ പലവട്ടം ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മറ്റ് മത്സരാര്‍ഥികള്‍ക്ക് മാത്രമല്ല, പ്രേക്ഷകര്‍ക്കും ഇവര്‍ പരിചിതരാണ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഒരു മാസ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ക്കുള്ള ഒരു സര്‍പ്രൈസുമായാണ് മോഹന്‍ലാല്‍ ഇന്ന് ബിഗ് ബോസ് വേദിയില്‍ എത്തിയത്. മത്സരാര്‍ഥികളില്‍ ചിലരുടെ ശബ്ദസന്ദേശമായിരുന്നു അത്.

എലീനയുടെയും ഫുക്രുവിന്റെയും പ്രദീപിന്റെയും സാജുവിന്റെയും മഞ്ജുവിന്റെയും പ്രിയപ്പെട്ടവര്‍ ബിഗ് ബോസിലെ തങ്ങളുടെ ഉറ്റവരോട് സംസാരിച്ചു. റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് എല്ലാവരും കേള്‍ക്കെ പ്ലേ ചെയ്തത്. പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടപ്പോള്‍ മിക്കവരും കണ്ണീര്‍ വാര്‍ത്തു. ചിലര്‍ പൊട്ടിക്കരഞ്ഞു. ഇത്രയും പേരുടെ പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടതിന് ശേഷം സര്‍പ്രൈസ് അവസാനിച്ചുവെന്ന മട്ടില്‍ മോഹന്‍ലാല്‍ സംസാരിച്ചു. ഇനി ആര്‍ക്കെങ്കിലും ഇങ്ങനെ ശബ്ദം കേള്‍ക്കണോ എന്ന ചോദ്യത്തിന് വീണ പ്രതികരിച്ചു. അമ്മയുടെ പിറന്നാളാണ് ഇന്നെന്നും ശബ്ദം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും വീണ മോഹന്‍ലാലിനോട് പറഞ്ഞു. തുടര്‍ന്നുവന്ന ശബ്ദത്തോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വീണ പ്രതികരിച്ചത്. വീണയുടെ കുട്ടി, 'അമ്പുച്ചന്‍' എന്ന് വിളിക്കുന്ന അമ്പാടിയുടെ ശബ്ദമായിരുന്നു അത്.

 

ഉറയ്ക്കാത്ത ശബ്ദത്തില്‍ 'അമ്മേ, ബിഗ് ബോസില്‍ ആണോ' എന്ന് ചോദിച്ചുകൊണ്ടാണ് അമ്പാടി തുടങ്ങിയത്. അതിനുശേഷം കാവാലത്തിന്റെ 'കറുകറെ കാര്‍മുകില്‍' എന്ന പാട്ടിന്റെ ചില വരികളും അമ്പാടി പാടി. 'അമ്മോ, സുഖമായിട്ട് ഇരിക്കുന്നോ' എന്ന് വീണ്ടും കുശലാന്വേഷണം. 'കുഞ്ഞുണ്ണി സുഖമായിട്ട് ഇരിക്കുന്നു. സ്‌കൂളില്‍ പോകുന്നുണ്ട്. ചോറുണ്ണും. പാപ്പം കഴിക്കും. അച്ഛന്‍ എന്നും വിളിക്കാറുണ്ട്. ഉമ്മ', അടുത്തുനിന്ന് വീണയുടെ അമ്മായിഅമ്മ അടുത്തുനിന്ന് കുട്ടിയെ സംസാരിക്കാന്‍ സഹായിക്കുന്നത് കേള്‍ക്കാമിയിരുന്നു. 'സുമയമ്മ' എന്ന് വീണ ബിഗ് ബോസില്‍ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ള അമ്മായിഅമ്മയുടെ ശബ്ദവും പിന്നീട് വീണയെ തേടിയെത്തി. 'മോളേ എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. കുഴപ്പങ്ങളൊന്നുമില്ല. കുഞ്ഞ് സ്‌കൂളില്‍ പോകുന്നുണ്ട്. വേറെ വിശേഷങ്ങള്‍ ഒന്നുമില്ല. എല്ലാം ദൈവം അനുഗ്രഹിക്കട്ടെ', അവര്‍ പറഞ്ഞുനിര്‍ത്തി.

അവരോട് തിരിച്ചെന്തെങ്കിലും പറയാനുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് കരച്ചിലിനിടെ വീണയ്ക്ക് വേണ്ടതുപോലെ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് കരച്ചിലിനിടെ വീണ പറഞ്ഞൊപ്പിച്ചു. വീണ ആവശ്യപ്പെട്ടതനുസരിച്ച് മോഹന്‍ലാലും 'സുമയമ്മ'യ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 'ഒരുപാട് ഐശ്വര്യവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ' എന്നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസ.