ബിഗ് ബോസ്സിലെ ആവേശവും ആകാംക്ഷാഭരിതവുമായ രംഗങ്ങളാണ് എവിക്ഷൻ പ്രക്രിയയും ലക്ഷ്വറി ബജറ്റ് ടാസ്‍കും. ലക്ഷ്വറി ബജറ്റ് ടാസ്‍ക്കില്‍ കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കാൻ ഓരോരുത്തരും അത്യന്തികം ആവേശത്തോടെയാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ചില ടാസ്‍ക്കുകള്‍ തര്‍ക്കങ്ങളിലേക്കും വഴിവയ്‍ക്കാറുണ്ട്. നാണയത്തുട്ടുകളുടെ മാതൃക സ്വന്തമാക്കുന്ന ടാസ്‍ക്ക് രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും കാരണമായി. എന്നാല്‍ ഇന്ന് ടാസ്‍ക്കില്‍ ഒരു രസകരമായ സംഭവവും നടന്നു.

നാണയത്തുട്ടുകള്‍ സ്വന്തമാക്കുന്ന ടാസ്‍ക്കില്‍ ആദ്യത്തെ ഘട്ടത്തില്‍ പവനായിരുന്നു മുന്നില്‍. എന്നാല്‍ നാണയം മോഷ്‍ടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്നാം സ്ഥാനം പോയി. ലക്ഷ്വറി ബജറ്റ് ടാസ്ക്കില്‍ പിന്നീടും രസകരമായ ഘട്ടങ്ങളാണ് ഉണ്ടായത്. ഒളിപ്പിച്ചുവെച്ച നാണയത്തുട്ടുകള്‍ സ്വന്തമാക്കുന്ന ഒരു ഘട്ടവുമുണ്ടായി. എന്നാല്‍ ട്വിസ്റ്റായി മറ്റൊരു ഘട്ടവുമുണ്ടായി. ഓരോ നറുക്ക് എടുക്കാനായിരുന്നു നിര്‍ദ്ദേശം. അതില്‍ കിട്ടുന്ന നിര്‍ദ്ദേശം അനുസരിക്കാനും. രജിത് കുമാര്‍ ഒരു നറുക്ക് എടുത്തു. അത് എടുക്കല്ലേയെന്ന് ഫുക്രു പറയുന്നുണ്ടായിരുന്നു. പക്ഷേ രജിത് കുമാര്‍ എടുത്തത് മാറ്റിയില്ല. എഴുതിയ കാര്യം വായിക്കുന്നതിന് മുന്നേ രജിത് കുമാര്‍ ചിരിക്കുകയായിരുന്നു. ഒരാളെ തെരഞ്ഞെടുക്കുക, ആരെ തെരഞ്ഞെടുക്കുന്നുവോ അയാളുടെ പകുതി ശതമാനം പോയന്റ് തനിക്ക് വരും എന്നായിരുന്നു നിര്‍ദ്ദേശം. രജിത് കുമാര്‍ തെരഞ്ഞെടുത്തത് ഫുക്രുവിനെയായിരുന്നു. പവന്റെ മൊത്തം പോയന്റുകള്‍ പകുതിയായി കുറയുമെന്നായിരുന്നു നറുക്കില്‍ ഉണ്ടായിരുന്നത്. ഒരാളെ തെരഞ്ഞെടുക്കുക അയാളുടെ അക്കൌണ്ടിലേക്ക് അഞ്ഞൂറു പോയന്റ് പോകുന്നതാണ് എന്നാണ് വീണാ നായര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. വീണാ നായര്‍ തെരഞ്ഞെടുത്തത് പാഷാണം ഷാജിയെയായിരുന്നു. പാഷാണം ഷാജിക്ക് 500 പോയന്റ് കിട്ടുകയും ചെയ്‍തു. ഫുക്രുവിന് കിട്ടിയ നിര്‍ദ്ദേശം രസകരമായിരുന്നു. ഒരാളെ തെരഞ്ഞെടുക്കുക, അയാളുടെ അക്കൌണ്ട് പൂജ്യമാകുന്നത് ആണ് എന്നായിരുന്നു നിര്‍ദ്ദേശം. ഫുക്രു തെരഞ്ഞെടുത്തത് രജിത് കുമാറിനെ ആയിരുന്നു. രജിത് കുമാറിന്റെ അക്കൌണ്ട് പൂജ്യമാകുകയും ചെയ്‍തു. അങ്ങനെ മത്സരത്തിനൊടുവില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് പാഷാണം ഷാജിയായിരുന്നു. രണ്ടാം സ്ഥാനത്ത് മഞ്ജു പത്രോസും, തൊട്ടടുത്ത സ്ഥാനത്ത് പ്രദീപ് ചന്ദ്രനുമായിരുന്നു. ഇതാണ് തകര്‍പ്പൻ ടാസ്‍ക് എന്നും എല്ലാവര്‍ക്കും അവസരം കിട്ടിയെന്നും ബിഗ് ബോസ് വീട്ടിലെ എല്ലാവരും പറയുന്നുമുണ്ടായിരുന്നു.