ബിഗ് ബോസില്‍ എലിമിനേഷന്‍ നടക്കാന്‍ സാധ്യതയുള്ള ശനി, ഞായര്‍ എപ്പിസോഡുകള്‍ പോലെതന്നെ പ്രധാനപ്പെട്ടതാണ് തിങ്കളാഴ്ച എപ്പിസോഡ്. അന്നാണ് പുതിയ വാരം എവിക്ഷനിലേക്കുള്ള നോമിനേഷനുകള്‍ നടക്കുന്നത് എന്നതുതന്നെ അതിനുള്ള കാരണം. സീസണ്‍ രണ്ട് ആറാഴ്ചകള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ പരസ്പരം വളരെയേറെ മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒരാളെ എവിക്ഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാനായി പറയുന്ന കാരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അക്കാര്യം മനസിലാവും. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരില്‍ ഏറെ കൗതുകം ഉണര്‍ത്തുന്നതായിരുന്നു ഇന്നത്തെ എപ്പിസോഡ്. നോമിനേഷനിലേക്ക് പലരും അപ്രതീക്ഷിതത്വങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്നപ്പോള്‍ ഞെട്ടിച്ച ഒരാള്‍ വീണ നായരാണ്. ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്ത് ആര്യയാണ് മഞ്ജു നോമിനേറ്റ് ചെയ്തവരില്‍ ഒരാള്‍.

ആര്യയാണ് ഹൗസില്‍ ഇപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളെന്നും ആര്യയുടെ കൈയില്‍ ഇനിയും ഉപയോഗിക്കാത്ത 'നോമിനേഷന്‍ ഫ്രീ കാര്‍ഡ്' ഉള്ളതുകൊണ്ടാണ് നോമിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു വീണ പറഞ്ഞ കാരണം. 'ഇക്കൂട്ടത്തില്‍ എന്നെ മനസിലാക്കാന്‍ പറ്റുന്നത് അവള്‍ക്ക് മാത്രമേയുള്ളൂ. ഇപ്പോഴുള്ള എല്ലാവരെയും എനിക്ക് വലിയ ഇഷ്ടമാണ്. എന്തിന്റെ പേരിലായാലും ഇപ്പോഴുള്ള ആരോടും എനിക്ക് ദേഷ്യമൊന്നുമില്ല. ആര്യയുടെ കൈയ്യില്‍ കാര്‍ഡ് ഉള്ളതുകൊണ്ട് അവള്‍ സേഫ് ആവും. അതുകൊണ്ട് മാത്രം.. അല്ലാതെ കാരണമൊന്നും ഉണ്ടായിട്ടല്ല ബിഗ് ബോസേ', പ്രിയസുഹൃത്തിനെ നോമിനേറ്റ് ചെയ്തതിനെക്കുറിച്ച് വീണ പറഞ്ഞു. 

 

നോമിനേഷന് ശേഷം കരച്ചിലടക്കാന്‍ ഏറെ പാടുപെട്ടു വീണ. അതിനാല്‍ത്തന്നെ കരച്ചില്‍ അടങ്ങുന്നതുവരെ കണ്‍ഫെഷന്‍ റൂമില്‍ത്തന്നെ നില്‍ക്കുകയായിരുന്നു അവര്‍. പിന്നീട് കണ്ണ് തുടച്ച് വാതില്‍ തുറന്ന് കോമണ്‍ ഹാളിലേക്ക് പോയി. അതേസമയം രജിത്തിന്റെ പേരാണ് വീണ ആദ്യം നോമിനേറ്റ് ചെയ്തത്. എന്ത് കാര്യം പറഞ്ഞാലും മനസിലാകാത്ത ആളാണ് രജിത് എന്നും അങ്ങോട്ട് എത്ര അടുക്കാന്‍ നോക്കിയാലും അദ്ദേഹമത് അനുവദിക്കില്ലെന്നും വീണ പറഞ്ഞു. സ്വന്തം വൃത്തം വരച്ച് അതിനുള്ളില്‍ത്തന്നെ നില്‍ക്കുകയാണ് രജിത് എന്നും.