പ്രേക്ഷകര്‍ ഇത്രത്തോളം ശ്രദ്ധയോടെയും ആകാംക്ഷയോടെയും കാത്തിരുന്നു കാണുന്ന മറ്റൊരു ഷോയുണ്ടാവില്ല. അത്രത്തോളം ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ബിഗ്  ബോസ് സീസണ്‍ രണ്ടിനെ കുറിച്ച് നടക്കുന്നത്. അപ്രതീക്ഷിതമായ വഴികളിലൂടെയാണ് ബിഗ് ബോസ് വീട് നീങ്ങുന്നത്. വളരെ ശക്തരായി കളിച്ചുകൊണ്ടിരിക്കുകയും ബിഗ് ബോസ് വീടിന്‍റെ അവിഭാജ്യ ചേരുവയായും നിന്നിരുന്ന നാലുപേരാണ് കഴിഞ്ഞ ദിവസം പുറത്തുപോയതായി ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.

കണ്ണിന് അസുഖത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അഞ്ചുപേരെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ അവരില്‍ ഒരാള്‍, പവന്‍ മാത്രമാണ് തിരിച്ചുവന്നത്. മറ്റുള്ളവര്‍ക്ക് അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് അവരെ ചികിത്സയ്ക്കായി വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നാണ് ബിഗ് ബോസ് വീട്ടില്‍ അനൗണ്‍സ് ചെയ്തിരിക്കുന്നത്. എല്ലാവരും കൂടിയിരിക്കുമ്പോഴായിരുന്നു ബിഗ് ബോസ് പ്രഖ്യാപനം നടത്തിയത്. നാല് പേര്‍ക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നെന്നും അതിനാല്‍ അവര്‍ സ്വന്തം വീടുകളിലേക്ക് പോയെന്നും ബിഗ് ബോസ് അറിയിച്ചു. ഒരാള്‍ തിരിച്ചെത്തുമെന്നും പറഞ്ഞു. തുടര്‍ന്ന് പവൻ തിരിച്ചെത്തുകയും ചെയ്‍തു. 

രഘു, അലസാൻഡ്ര, സുജോ, രേഷ്‍മ എന്നിവരാണ് സ്വന്തം വീടുകളിലേക്ക് പോയത്. നാല് പേര്‍ സ്വന്തം വീടുകളിലേക്ക് പോയെന്ന വാര്‍ത്ത ബിഗ് ബോസ് വീട്ടില്‍ സങ്കടമുണ്ടാക്കി. മഞ്ജു പത്രോസ് കരയുകയും ചെയ്‍തു. എന്തായാലും അവര്‍ തിരിച്ചുവരുമെന്നാണ് ആര്യ പറഞ്ഞത്. അതേസമയം ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയ പവനോട് മറ്റുള്ളവര്‍ കാര്യം തിരക്കി. 

എന്നാല്‍ താൻ ഒറ്റയ്‍ക്കായിരുന്നുവെന്നും മറ്റ് നാലുപേരെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു പവൻ പറഞ്ഞത്. രഘു രോഗത്തിന് പ്രാധാന്യം നല്‍കിയില്ലെന്നും അതാണ് മറ്റുള്ളവര്‍ക്കും വരാൻ കാരണമെന്നും പാഷാണം ഷാജി പിന്നീട് ചര്‍ച്ചയില്‍ പറഞ്ഞു. രഘുവിന് ഉറക്കം കുറവാണ് അതിനാല്‍ പാതിരാത്രിയിലും മറ്റുള്ളവരോട് ചര്‍ച്ച ചെയ്യുകയാണ് പതിവെന്നും പാഷാണം ഷാജി പറഞ്ഞു. അതേസമയം സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയവര്‍ക്ക് വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് വരാനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ബിഗ് ബോസില്‍ ആര്യ പറഞ്ഞതുപോലെ വലിയൊരു സംശയത്തിലാണ് ആരാധകരും. സോഷ്യല്‍ മീഡിയയില്‍ വരുന്ന എഴുത്തുകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് അതാണ്. അവര്‍ തിരിച്ചുവരുമെന്നായിരുന്നു ആര്യ, കരയാന‍് തുടങ്ങിയ മഞ്ജുവിനെ പറഞ്ഞ് സമാധാനിപ്പിച്ചത്. ഇത് ബിഗ് ബോസ് നല്‍കുന്ന സസ്പെന്‍സാണെന്നും സര്‍പ്രൈസായി അവര്‍ വരുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതും ഒരു മാനസികമായ ബലപരീക്ഷണമാണെന്നായിരുന്നു മറ്റുചിലരുടെ കമന്‍റ്. മറ്റു മത്സരാര്‍ത്ഥികളെ പരീക്ഷിക്കുകയാണെന്നാണ് മറ്റുചിലരുടെ കമന്‍റ്.

ചുരുക്കിപ്പറഞ്ഞാല്‍ ആ നാലുപേര്‍ പുറത്തുപോയെന്ന് വിശ്വസിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ രഘു പുറത്തുവന്നുവെന്ന തരത്തില്‍ വീഡിയോ പുറത്തുവരികയും വൈറലാവുകയും ചെയ്തു. ഇക്കാര്യത്തില്‍ സംശയങ്ങളിങ്ങനെ പടരുകയാണ്. പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് പലരും കരുതുന്നത്. പക്ഷെ ബിഗ് ഹൗസിന്‍റെ ബോസ് ബിഗ് ബോസ് തന്നെയായിതിനാല്‍ നമുക്കെങ്ങനെ ബിഗ് ബോസിനെ അവിശ്വസിക്കാനാകും.