ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള റിയാലിറ്റിഷോയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസ് രണ്ടാം സീസണ്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ലാലേട്ടന്‍ അവതാരകന്‍ എന്ന നിലയിലെ രസകരമായ നിമിഷങ്ങളെപ്പറ്റിയും മറ്റും വാചാലനായത്. 

അവതാരകനായി ഏഷ്യാനെറ്റ് വിളിച്ചപ്പോള്‍ തെരഞ്ഞെടുക്കാനുള്ള കാരണം തിരക്കിയപ്പോള്‍ അവതാരകനാവുക എന്നതൊരു ചലഞ്ചാണെന്നാണ് ലാലേട്ടന്‍ പറയുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ആകെ പുറത്ത് ബന്ധമുള്ളത് ഞാനുമായാണ്. അവരെന്താണ് പറയാന്‍ പോകുന്നതെന്നും, അതിനെന്താണ് മറുപടി കൊടുക്കേണ്ടത് എന്നും ഒരു മുന്‍ധാരണയുമില്ല. എല്ലാം റിയലായിട്ടാണ്.

അതായത് അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണം, കരയുന്നവരെ സമാധാനിപ്പിക്കണം. അതെല്ലാം തീര്‍ത്തും വെല്ലുവിളി തന്നെയാണ് പക്ഷെ രസകരമാണ് എന്നും ലാലേട്ടന്‍ പറയുന്നു. ബിഗ്‌ബോസ് കാരണം കൂടുതല്‍ ആളുകള്‍ക്ക് തങ്ങളിലേക്കുതന്നെ ഒന്നു നോക്കാനും സ്വയം വിലയിരുത്താന്‍ കഴിഞ്ഞെന്നും ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.

പുറംലോകവുമായി യാതൊരുബന്ധവുമില്ലാതെ നൂറു ദിവസങ്ങള്‍ വലിയൊരുവീട്ടില്‍ താമസിക്കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യുന്നത്. മത്സരാര്‍ത്ഥികളെ നിരീക്ഷിക്കാനായി അറുപതിലധികം ക്യാമറയാണ് വീട്ടില്‍ സെറ്റ് ചെയ്തിരിക്കുക. 

പ്രേക്ഷകര്‍ നല്‍കുന്ന വോട്ടും, മത്സരാര്‍ത്ഥികള്‍ ചെയ്യുന്ന വോട്ടുമനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ്‌ബോസില്‍ തുടരാന്‍ കഴിയുക. ഹിന്ദിയില്‍ ആരംഭിച്ച ബിഗ്‌ബോസ് ഇന്ന് മലയാളമടക്കമുള്ള ഏഴ് വ്യത്യസ്ത ഭാഷ ചാനലുകളിലുണ്ട്. ഹിന്ദിയില്‍ 13-ാം സീസണ്‍ ആരംഭിച്ചിട്ട് അധികമായിട്ടില്ല.

മലയാളത്തില്‍ രണ്ടാമത്തെ സീസണ്‍ ഉടനെ വരുന്നു എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. മലയാളികള്‍ ഏറ്റെടുത്ത ഒന്നാം സീസണില്‍നിന്നും രണ്ടാം സീസണിലേക്കെത്തുമ്പോള്‍ ആരെല്ലാമായിരിക്കും മത്സരാര്‍ത്ഥികള്‍ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പേളിയുടേയും ശ്രിനീഷിന്റേയും വിവാഹം തുടങ്ങിയ സംഭവബഹുലതകള്‍ ബിഗ്‌ബോസ് വഴി നടന്നു. 

ആളുകളുടെ യഥാര്‍ത്ഥ മുഖങ്ങള്‍ എങ്ങനെയാണ്, സന്ദര്‍ഭത്തിനനുസരിച്ച് എത്തരത്തിലാണ് മനുഷ്യന്‍ പെരുമാറുക എന്നതെല്ലാം പുറത്തുകൊണ്ടുവരുന്ന ബിഗ്‌ബോസിന് പല ഭാഗത്തുനിന്നും പല രീതിയിലുള്ള എതിരഭിപ്രായങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും, മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ റിയാലിറ്റിഷോയാണിത്. അടുത്തവര്‍ഷം പുതുവര്‍ഷസമ്മാനമായാണ് ബ്ഗ്‌ബോസ് രണ്ടാംസീസണ്‍ എത്തുക എന്നതാണ് അണിയറ വിശേഷം.