ബിഗ് ബോസ് വീട്ടില്‍ രജിത് കുമാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു. ബിഗ് ബോസ് ഷോ തുടങ്ങി രജിത് കുമാറുമായി അടുപ്പം ഉണ്ടായിരുന്ന ഓരോരുത്തരായി ഓരോ കാരണം കൊണ്ട് വീട് വിട്ടു. അവസാനത്തെ ആളായിരുന്ന പവനും ഇന്നലെ പടിയിറങ്ങി. ബിഗ് ബോസ് ഷോയുടെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത പ്രതിസന്ധികളിലൂടെ ഷോ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് ഒന്നിന് പിറകെ ഒന്നായി കണ്ണിനസുഖം. ഓരോരുത്തര്‍ പുറത്താവുന്നു.

 

എന്നാല്‍ ഇതൊക്കെ വ്യക്തിപരമായി ബാധിക്കുന്നത് രജിത് കുമാറിനെയാണ്. കാരണം പടിയിറങ്ങി പോയ ഓരോരുത്തരും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരായിരുന്നു. അതിലുപരി ഇപ്പോള്‍ വീടിനുള്ളില്‍ ഉള്ളവരില്‍ ആരും രജിത് കുമാറിനൊപ്പം നില്‍ക്കുന്നവരോ കളിക്കുന്നവരോ അല്ല.

ഒറ്റക്ക് കളിക്കുന്ന രജിത് കുമാറും ഒത്തു കളിക്കുന്ന രജിത് കുമാറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രേക്ഷകര്‍ക്കിഷ്ടം ഒറ്റക്ക് കളിക്കുന്ന രജിത് കുമാറിനെയാണ്. കാരണം ഒറ്റക്ക് കളിക്കുമ്പോള്‍ രജിത് കുമാറിന് ചില പ്രത്യേകതകള്‍ ഉണ്ട്.  

1. പ്രേക്ഷകരുമായി നേരിട്ട് സംസാരിച്ചു കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്. അദ്ദേഹം ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ കാമറയ്ക്ക് മുന്നില്‍ വന്നുനിന്ന് പ്രേക്ഷകരോട് സംസാരിക്കുമ്പോള്‍ അവര്‍ അദ്ദേഹവുമായി നേരിട്ട് കണക്റ്റ് ആവുന്നു. അങ്ങനെയാണ് രജിത് കുമാറിന് ഇത്രയും ഫാന്‍സ് ഉണ്ടായത്.

2. സാധാരണക്കാരന്റെ പ്രതിനിധിയാണ് താന്‍ എന്നതാണ് രജിത് കുമാര്‍ കളിയില്‍ എടുത്ത സ്റ്റാന്‍ഡ്. അതിനായി അദ്ദേഹം സീരിയല്‍- സിനിമ താരങ്ങളുടെ ലോബി തന്നെ ടാര്‍ഗെറ്റ് ചെയ്യുന്നുവെന്ന് ആദ്യ ആഴ്ചയില്‍ തന്നെ പറഞ്ഞു, സുജോ ഉപയോഗിക്കുന്ന സാധനങ്ങളുടെ വില പറഞ്ഞു, വീണയുടെയൊക്കെ മേക്കപ്പ് സാധനങ്ങളുടെ വില പറഞ്ഞു, അതിനൊപ്പം തന്റെ ലളിത ജീവിതവും പറഞ്ഞു. ഒറ്റമുറി വീട്, റോഡരികില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങുന്ന സാധനങ്ങള്‍... അങ്ങനെ സാധാരണക്കാരന്റെ പ്രതിനിധിയായി സ്വയം  പരിചയപ്പെടുത്തിയ രജിത് കുമാറിനെ കേരളത്തിലെ സാധാരണക്കാര്‍ ഏറ്റെടുത്തു.

 

3. പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞ് ജനമനസുകളില്‍ പതിപ്പിച്ചു. ഉദാഹരണത്തിന് ഇന്‍ജസ്റ്റിസ്... കൂടാതെ പ്രായമായ മനുഷ്യന്‍, സാധാരണക്കാരന്‍ എന്നതൊക്കെ  അദ്ദേഹം തന്നെ ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെ പ്രായമായ ഒരു സാധാരണക്കാരനായ മനുഷ്യനോട് ഇന്‍ജസ്റ്റിസ് കാണിക്കുന്നു എന്ന വികാരം അദ്ദേഹം തന്നെ പ്രേക്ഷകരിലേക്ക് നേരിട്ട് എത്തിച്ചു. മനുഷ്യര്‍ അത് ഏറ്റെടുത്തു.

4. ബിഗ് ബോസ് കളിയില്‍ രജിത് അവനവനെ പ്ലെസ് ചെയ്തിരിക്കുന്നത് കളിക്കുതകുന്ന ഒരു മികച്ച റോ മെറ്റീരിയല്‍ ആയിട്ടാണ്. സ്വയം സമര്‍പ്പിച്ചിരിക്കുകയാണ് ഗെയിമിനായി. അദ്ദേഹം തന്നെക്കൊണ്ട് ആവുന്നപോലെ കണ്ടന്റ് നല്‍കുന്നുമുണ്ട്. കണ്ടന്റ് ഒന്നുമില്ലാതാവുന്നു എന്ന് തോന്നുമ്പോള്‍ ഒറ്റക്ക് സംസാരിച്ചും കൂട്ടുകൂടി ചൊറിഞ്ഞും കണ്ടന്റ് നല്‍കും. അതിനാല്‍ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കാന്‍ രജിത് കുമാറിന് കഴിഞ്ഞു. ജനമനസ്സില്‍ ഇടം നേടാനും.

5. ബിഗ് ബോസ് മത്സരാര്‍ഥികളില്‍ വീടിന് പുറത്ത് എന്ത് നടക്കുന്നു എന്നതും പ്രേക്ഷകര്‍ എന്ത് ചിന്തിക്കുന്നു എന്നതും  കൃത്യമായി മനസിലാക്കുന്ന, അതിനനുസരിച്ച് കണക്കുകൂട്ടി കളിക്കുന്ന, പ്രേക്ഷകര്‍ക്ക് വേണ്ടി കളിക്കുന്ന ഒരേയൊരാള്‍ രജിത് കുമാറാണ്.

6. സത്യത്തില്‍ കൂട്ടുകൂടി കളിക്കുമ്പോള്‍ രജിത് കുമാര്‍ അത്ര നല്ല മത്സരാര്‍ത്ഥിയല്ല. പവനോടൊപ്പം കൂടിയപ്പോള്‍ ബിഗ് ബോസ് നിയമങ്ങള്‍ പോലും തെറ്റിച്ച്, നോമിനേഷന്‍ വരെ  പവനുമായി ചര്‍ച്ച ചെയ്തു. സ്വയം കളിച്ച് ജയിക്കുന്നതിന് പകരം പവനെ  ജയിപ്പിക്കാന്‍ കോയിനുകള്‍ ദാനം ചെയ്തു. സുജോയോടൊപ്പം കളിക്കുമ്പോഴും അദ്ദേഹം അലമ്പായിരുന്നു. ലവ്, ഹേറ്റ്, പൊസസീവ്നെസ്സ് ആയിരുന്നു സുജോയോടുള്ള ബന്ധം. അത് അത്ര ആരോഗ്യകരമായിരുന്നില്ല. ശരിക്കും പ്രേക്ഷകര്‍ ഇഷ്ട്ടപ്പെടുന്നത്  ഒറ്റക്ക് കളിക്കുന്ന രജിത് കുമാറിനെയാണ്.

7. ഒരു പ്രായമായ മനുഷ്യനെ പ്രായം പോലും പരിഗണിക്കാതെ വീടിനുള്ളില്‍ ഉള്ളവര്‍ മുഴുവന്‍ ഒറ്റപ്പെടുത്തുന്നു, അവഗണിക്കുന്നു എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് വന്നതോടെയാണ് രജിത് കുമാറിന് പിന്തുണയുമായി പ്രേക്ഷകര്‍ മുന്നോട്ട് വരാന്‍ തുടങ്ങിയത്. കളിക്കിടയിലും ടാസ്‌ക്കിലും ഒറ്റക്ക് സംസാരിക്കുമ്പോഴും അദ്ദേഹം തന്റെ പ്രായത്തെക്കുറിച്ചു എടുത്ത് പറയും. ദയ ഉള്‍പ്പെടെയുള്ളവര്‍ പ്രണയം പറയുമ്പോള്‍ പ്രായമായി, ഇനിയെന്ത് പ്രണയം എന്ന് പറയും.

8. രജിത് കുമാറിന്റെ മുഴുവന്‍ സംസാരത്തിലുമുള്ള കാര്യങ്ങളെ ചുരുക്കി നന്മ, സ്‌നേഹം, കാരുണ്യം, അമ്മയോടുള്ള സ്‌നേഹം, അധ്യാപകന്റെ മാന്യത എന്നിങ്ങനെ പറയാം. ഇതൊക്കെ പ്രേക്ഷകരെ വളരെയേറെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. അതൊക്കെ അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ചു.

 

9. രജിത് കുമാര്‍ എന്ന് പറയുന്നത് പ്രേക്ഷകര്‍ക്ക് ഒരു തികഞ്ഞ പുരുഷനാണ്. അദ്ദേഹം എപ്പോഴും ആണത്തത്തെ കുറിച്ച് സംസാരിക്കും. ആണത്തം കുറവുള്ളവരെ 'പെണ്ണാളന്‍' എന്നും 'ആണും പെണ്ണും കെട്ടവന്‍' എന്നും വിളിക്കും. എപ്പോഴും ആണായാല്‍ ഇങ്ങനെ, പെണ്ണായാല്‍ ഇങ്ങനെ എന്നൊക്കെ സംസാരിക്കും.

ആളുകള്‍ക്ക് അതില്‍നിന്നും കിട്ടുന്ന ഒരു അധികാരത്തിന്റെ മെസ്സേജ് ഉണ്ട്. പി എച് ഡിയുള്ള അധ്യാപകന്‍, പ്രായമുള്ള മനുഷ്യന്‍, നിരന്തരം ഒറ്റപ്പെടുന്ന മനുഷ്യന്‍.. ആളുകള്‍ വളരെ പെട്ടന്ന് അദ്ദേഹവുമായി കണക്റ്റ് ആവുന്നു. മലയാളികളില്‍ ഭൂരിപക്ഷത്തിന് മനസിലാവുന്ന, റിലേറ്റ് ചെയ്യാന്‍ പറ്റുന്ന മനുഷ്യനാണ് രജിത്കുമാറും അദ്ദേഹത്തിന്റെ കളി രീതിയും.

10. ഒറ്റക്ക് കളിക്കുമ്പോള്‍ രജിത് കുമാര്‍ കളിക്കുന്നത് 'വിക്ടിം പ്‌ളേ' ആണ്. ഇരവാദരീതി. എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നേ എന്ന രീതി. ആ സമയത്തതാണ് പ്രേക്ഷകര്‍ അദ്ദേഹത്തിന് വന്‍ പിന്തുണയുമായി എത്തുന്നത്. ഫാന്‍സ് കൂടുന്നത്. കൂട്ടായി കളിക്കുമ്പോള്‍ രജിത് കുമാര്‍ പവര്‍ പ്‌ളേയുടെ ആളാണ്. പവനെ  മുന്‍നിര്‍ത്തി കളിച്ച കളി ഓര്‍ക്കുക.

സത്യത്തില്‍ ഒറ്റക്കുള്ള രജിത് കുമാര്‍, ഒറ്റക്ക് കളിക്കുന്ന രജിത് കുമാര്‍ ഒത്തു കളിക്കുന്ന രജിത് കുമാറിനേക്കാള്‍ ശക്തനാണ്. ഒറ്റപ്പെട്ടതോടെ കളിയില്‍ രജിത് കുമാര്‍ ഇനിയും കൂടുതല്‍ ശക്തനാവും, പ്രേക്ഷകരെ കൂടുതല്‍ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യുന്ന ആളാവും. കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള ആളുമാവും.