ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ 'ബിഗ് ബോസ്' മലയാളം സീസണ്‍ രണ്ട് ആരംഭിക്കാന്‍ അഞ്ച് ദിവസങ്ങള്‍ കൂടി മാത്രം. ജനുവരി അഞ്ചിനാണ് ഷോ ആരംഭിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി-ഞായര്‍ ദിനങ്ങളില്‍ രാത്രി ഒന്‍പത് മണിക്കുമാണ് ഷോയുടെ സമയം. എന്നാല്‍ ലോഞ്ചിംഗ് എപ്പിസോഡ് ജനുവരി അഞ്ചിന് വൈകിട്ട് ആറിന് ആരംഭിക്കും.

മോഹന്‍ലാല്‍ അവതാരകനാവുന്ന ഷോയിലെ മത്സരാര്‍ഥികളെ അഞ്ചാം തീയ്യതിയുള്ള ആദ്യ എപ്പിസോഡിലാവും പ്രഖ്യാപിക്കുക. എന്നാല്‍ രണ്ടാം സീസണില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത് ആരൊക്കെയെന്ന ചര്‍ച്ച 'ബിഗ് ബോസ്' ആരാധകര്‍ക്കിടയില്‍ ഷോ അനൗണ്‍സ് ചെയ്ത സമയം മുതല്‍ ആരംഭിച്ചിരുന്നു. ഇടംനേടാന്‍ സാധ്യതയുള്ള സെലിബ്രിറ്റികളുടെ ലിസ്റ്റുകള്‍ ചില മാധ്യമങ്ങളും നല്‍കിയിരുന്നു. അതില്‍ പ്രധാനപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗമിന്റേത്. എന്നാല്‍ ഷെയ്ന്‍ നിഗം ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവില്ല. ഷെയ്‌നുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 

അതേസമയം ഷെയ്ന്‍ നിഗം നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'വലിയ പെരുന്നാള്' തീയേറ്ററുകളില്‍ തുടരുകയാണ്. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയാവുന്നത് ഹിമിക ബോസ് ആണ്.