യെസ്‍ഡി റോഡ്‌സ്റ്ററിന്റെ പുതിയ പതിപ്പ് ഓഗസ്റ്റ് 12 ന് ലോഞ്ച് ചെയ്യും. പുതിയ ഡിസൈൻ സവിശേഷതകളും മെക്കാനിക്കൽ മാറ്റങ്ങളും പ്രതീക്ഷിക്കാം. സ്പൈ ഷോട്ടുകൾ പുതിയ റിയർ ഫെൻഡർ, ടെയിൽ-ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ വെളിപ്പെടുത്തുന്നു.

ക്കണിക്ക് ടൂവീലർ ബ്രാൻഡായ യെസ്‍ഡിയുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് റോഡ്‌സ്റ്റർ. വിപണിയിൽ തങ്ങളുടെ സാനധ്യ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കമ്പനി ഇപ്പോൾ റോഡ്സ്റ്ററിന്‍റെ അപ്‌ഡേറ്റ് ചെയ്ത മോഡലിൽ പ്രവർത്തിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഓഗസ്റ്റ് 12 ന് ഈ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുമ്പ്, അപ്‌ഡേറ്റ് ചെയ്ത റോഡ്‌സ്റ്ററിന്റെ ഒരു പരീക്ഷണപ്പതിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്പൈ ഷോട്ടുകൾ അതിന്റെ രൂപകൽപ്പനയും ഹൈലൈറ്റുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

2022 ന്റെ തുടക്കത്തിലാണ് കമ്പനി ഈ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഓഗസ്റ്റ് 12 ന് പുറത്തിറങ്ങാനിരിക്കുന്ന യെസ്ഡി റോഡ്‌സ്റ്റർ അതിന്‍റെ ലോഞ്ചിനു ശേഷമുള്ള ആദ്യ അപ്‌ഡേറ്റ് കൂടിയാണ്. പുറത്തുവന്ന അതിന്റെ ടെസ്റ്റ് മോഡലിന്റെ ചിത്രങ്ങൾ ബൈക്കിന്റെ രൂപകൽപ്പനയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കാണിക്കുന്നു. ഇപ്പോൾ ഇതിന് സ്വിംഗാർ -മൗണ്ടഡ് റിയർ നമ്പർ പ്ലേറ്റ് ഹോൾഡർ, വേറിട്ട റിയർ ഫെൻഡർ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ-ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ ലഭിക്കുന്നു. പിൻ സീറ്റും വളരെ ചെറുതായി കാണപ്പെടുന്നു, ഇത് ബോബർ/ക്രൂയിസർ പോലുള്ള സ്റ്റൈലിംഗിലേക്ക് വിരൽ ചൂണ്ടുന്നു.

ബൈക്കിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 29hp കരുത്തും 29.4Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 334 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ബൈക്കിൽ തുടർന്നും ഉപയോഗിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. യെസ്ഡിയുടെ ക്രൂയിസർ ബൈക്ക് റോഡ്സ്റ്റർ നിയോ-റെട്രോ ഡിസൈൻ ശൈലിയിൽ മികച്ചതായി കാണപ്പെടുന്നു. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ വരുന്നു. റൈഡർ കൺസോൾ എൽസിഡി പാനൽ ഇതിലുണ്ട്. ട്രിപ്പ്മീറ്റർ, പെട്രോൾ, സമയം, എബിഎസ് മോഡ്, ഗിയർ പൊസിഷൻ തുടങ്ങിയ എല്ലാ പ്രധാന വിവരങ്ങളും ഇത് പറയുന്നു. യെസ്ഡി റോഡ്സ്റ്റർ നിരവധി കളർ ഓപ്ഷനുകളിൽ വാങ്ങാം. റോഡ്സ്റ്റർ ഡാർക്ക് സ്മോക്ക് ഗ്രേ, സ്റ്റീൽ ബ്ലൂ, ഹണ്ടർ ഗ്രീൻ, റോഡ്സ്റ്റർ ക്രോം ഗാലന്റ് ഗ്രേ, സിൻ സിൽവർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജാവ മോട്ടോർസൈക്കിളുകളിൽ ഉപയോഗിക്കുന്ന 334 സിസി എഞ്ചിനാണ് യെസ്ഡിയിലും ഉപയോഗിക്കുന്നത്. റോഡ്‌സ്റ്ററിലെ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് യൂണിറ്റിന് 29.7 bhp കരുത്തും 29 Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയും. 6-സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ ഷോക്ക് അബ്സോർബറുകളും ഡ്യുവൽ-ചാനൽ ABS-ഉം ഇതിലുണ്ട്. 12.5 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക് ഇതിനുണ്ട്. 184 കിലോഗ്രാം ആണ് മോട്ടോർസൈക്കിളിന്റെ ഭാരം.