ജാപ്പനീസ് ടൂവീലർ ബ്രാൻഡായ കാവാസാക്കി 2027 വൾക്കൻ എസ് ക്രൂയിസർ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 8.23 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില. ചെറിയ ടോർക്ക് വർധനവും പുതിയ കളർ ഓപ്ഷനും ബ്രേക്ക് ഡിസ്കുകളിലെ മാറ്റങ്ങളുമാണ് പ്രധാന സവിശേഷതകൾ

ജാപ്പനീസ് ടൂവീലർ ബ്രാൻഡായ കാവാസാക്കി തങ്ങളുടെ ജനപ്രിയ ക്രൂയിസർ മോട്ടോർസൈക്കിളായ 2027 വൾക്കൻ എസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ₹8.23 ലക്ഷം ആണ് പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില. 2026 വൾക്കൻ എസ് മോഡലിനെ അപേക്ഷിച്ച് ഏകദേശം ₹10,000 ആണ് വില വർധിച്ചത്. വില കൂടിയെങ്കിലും ബൈക്കിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എൻജിൻ അടിസ്ഥാനപരമായി അതേപടി തുടരുമ്പോൾ ടോർക്ക് ഔട്ട്പുട്ടിൽ ചെറിയ വർധനവുണ്ട്. ബ്രേക്ക് ഡിസ്കുകളുടെ വലുപ്പത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ കളർ ഓപ്ഷനും ലഭിക്കും. ബൈക്കിന്റെ ഡെലിവറി ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

649 സിസി എൻജിൻ

2027 കവാസാക്കി വൾക്കൻ എസിൽ 649 സിസി പാരലൽ-ട്വിൻ എൻജിനാണ് ഉപയോഗിക്കുന്നത്. ഇത് 59.1 ബിഎച്ച്പി കരുത്തും 62.4 എൻഎം ടോർക്കും നൽകുന്നു. പവർ ഔട്ട്പുട്ടിൽ മാറ്റമില്ല. എന്നാൽ 2026 മോഡലിലെ 61 എൻഎം ടോർക്കിനെ അപേക്ഷിച്ച് പുതിയ മോഡലിൽ 1.4 എൻഎം വർധനവുണ്ട്. എൻജിന്റെ പവർ ഡെലിവറിയിലും ടോർക്ക് ലഭിക്കുന്ന ശ്രേണിയിലും കാര്യമായ മാറ്റമില്ല. അതിനാൽ പ്രകടനത്തിൽ വലിയ വ്യത്യാസം പ്രതീക്ഷിക്കേണ്ടതില്ല.

ഫീച്ചറുകളിൽ വലിയ മാറ്റമില്ല

പുതിയ വൾക്കൻ എസിന്റെ ഫീച്ചറുകൾ മുൻ മോഡലിന് സമാനമാണ്. അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കും. ഇതിന് പുറമെ പ്രധാന ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ നൽകിയിട്ടില്ല.

ബ്രേക്ക് ഡിസ്കുകൾക്ക് മാറ്റം

2027 മോഡലിലെ പ്രധാന മാറ്റങ്ങളിലൊന്ന് ബ്രേക്കിംഗ് സംവിധാനത്തിലാണ്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ടെങ്കിലും ഡിസ്കുകളുടെ വലുപ്പം കുറച്ചിട്ടുണ്ട്. 2026 മോഡലിൽ 300 എംഎം ആയിരുന്ന ഫ്രണ്ട് ഡിസ്കിന് പകരം പുതിയ മോഡലിൽ 272 എംഎം ഡിസ്കാണ് നൽകിയിരിക്കുന്നത്. പിൻ ഡിസ്കിന്റെ വലുപ്പം 250 എംഎമ്മിൽ നിന്ന് 216 എംഎമ്മായും കുറഞ്ഞു.

705 എംഎം സീറ്റ് ഉയരം

130 എംഎം ട്രാവലുള്ള 41 എംഎം ഫ്രണ്ട് ഫോർക്കാണ് വൾക്കൻ എസിലുള്ളത്. പിന്നിൽ 80 എംഎം ട്രാവലുള്ള ലിങ്ക്-ടൈപ്പ് മോണോഷോക്കും പ്രീലോഡ് ക്രമീകരണവും നൽകിയിട്ടുണ്ട്. ബൈക്കിന്റെ സീറ്റ് ഉയരം 705 എംഎം ആണ്. ഉയരം കുറഞ്ഞ റൈഡർമാർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. എന്നാൽ 130 എംഎം മാത്രമാണ് ഗ്രൗണ്ട് ക്ലിയറൻസ്. ബൈക്കിന്റെ കെർബ് ഭാരം 235 കിലോഗ്രാമാണ്.

പുതിയ നിറവും എത്തി

2027 വൾക്കൻ എസിൽ പുതിയ പെയിന്റ് സ്കീമും കവാസാക്കി അവതരിപ്പിച്ചിട്ടുണ്ട്. മുൻ മോഡലിലെ മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്കിന് പകരം മെറ്റാലിക് കാർബൺ ഗ്രേ നിറമാണ് നൽകിയിരിക്കുന്നത്. നീല-പച്ച നിറത്തിലുള്ള സൂക്ഷ്മ ഹൈലൈറ്റുകളും പുതിയ കളർ സ്കീമിന്റെ ഭാഗമാണ്.

പ്രധാന ബദൽ സൂപ്പർ മെറ്റിയർ 650

ഇന്ത്യൻ വിപണിയിൽ വൾക്കൻ എസിന് നേരിട്ടുള്ള മത്സരം പരിമിതമാണ്. എന്നാൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ഒരു പ്രധാന ബദലാണ്. സൂപ്പർ മെറ്റിയർ 650ന്റെ എക്സ്-ഷോറൂം വില ഏകദേശം ₹4.05 ലക്ഷം മുതലാണ്. ഇതോടെ കവാസാക്കി വൾക്കൻ എസ്, റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 എന്നിവ തമ്മിൽ വിലയിൽ വലിയ വ്യത്യാസമുണ്ട്.