ടാറ്റ പഞ്ച്, ഹ്യുണ്ടായി വെന്യു, റെനോ കിഗർ എന്നിവയുടെ പുതിയ പതിപ്പുകൾ ഉടൻ വിപണിയിലെത്തും. പുതിയ ഡിസൈൻ, സവിശേഷതകൾ എന്നിവയോടെയാണ് ഇവ എത്തുന്നത്.
നിങ്ങൾ ഒരു കോംപാക്റ്റ് എസ്‌യുവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ, മൂന്ന് പുതിയ മോഡലുകൾ ഉടൻ എത്തുന്നു. അപ്‌ഡേറ്റ് ചെയ്ത പഞ്ച്, കിഗർ കോംപാക്റ്റ് എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടാറ്റയും റെനോയും. അതേസമയം ഹ്യുണ്ടായി 2025 ഒക്ടോബറിൽ അടുത്ത തലമുറ വെന്യു പുറത്തിറക്കാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ ബജറ്റ് എസ്‌യുവികളുടെ ഒരു ഹ്രസ്വ അവലോകനം ഇതാ.
ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്
2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽലെ പ്രകാശിതമായ ടാറ്റ ലോഗോയുള്ള പുതിയ ലെതറെറ്റ് പൊതിഞ്ഞ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ നൽകും. 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സജ്ജീകരിക്കും. അതേസമയം 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. മുൻവശത്ത് പ്രധാന ഡിസൈൻ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. 86bhp, 1.2L NA പെട്രോൾ, CNG ഓപ്ഷൻ എന്നിവയ്‌ക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത പഞ്ച് തുടർന്നും ലഭ്യമാകും.
പുതുതലമുറ ഹ്യുണ്ടായി വെന്യു
നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തിക്കൊണ്ട് തന്നെ മെച്ചപ്പെട്ട സ്റ്റൈലിംഗും ഇന്റീരിയറുമായാണ് ഹ്യുണ്ടായി വെന്യു വരുന്നത്. ക്രെറ്റ, അൽകാസർ പോലുള്ള വലിയ ഹ്യുണ്ടായി എസ്‌യുവികളിൽ നിന്ന് ചില ഡിസൈൻ ഘടകങ്ങൾ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തിയേക്കാം. അകത്ത് കോംപാക്റ്റ് എസ്‌യുവിയിൽ പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, പുതിയ അപ്ഹോൾസ്റ്ററി, ട്രിം, പുതുക്കിയ സെന്റർ കൺസോൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ ഉൾപ്പെടും. വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുതുക്കിയ എഡിഎഎസ് സ്യൂട്ട് തുടങ്ങിയവയും ഇതിൽ ഉൾപ്പെട്ടേക്കാം.
റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ്
പുതിയ റെനോ ലോഗോയും ട്വീക്ക് ചെയ്ത ബമ്പറും ഉൾപ്പെടെ പരിഷ്‍കരിച്ച മുൻവശമുള്ള രൂപമായിരിക്കും കിഗറിന് ലഭിക്കുക എന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, സി ആകൃതിയിലുള്ള ടെയിൽലാമ്പുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങൾ നിലവിലെ മോഡലിൽ നിന്ന് തുടരും. 2025 റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ് പുതിയ അപ്ഹോൾസ്റ്ററിയും കുറച്ച് അധിക സവിശേഷതകളും നൽകിയേക്കാം. മെക്കാനിക്കലി ഈ കോംപാക്റ്റ് എസ്‌യുവി മാറ്റമില്ലാതെ തുടരും. അതായത് 72 ബിഎച്ച്പി, 1.0 എൽ എൻഎ പെട്രോൾ, 100 ബിഎച്ച്പി, 1.0 എൽ ടർബോ പെട്രോൾ എഞ്ചിനുകൾ ഇതിൽ തുടർന്നും ഉണ്ടാകും.
