ടിവിഎസ് മോട്ടോർ കമ്പനി ദീപാവലിക്ക് മുമ്പ് ഒരു പുതിയ എൻട്രി ലെവൽ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഐക്യൂബിന് താഴെയായിരിക്കും ഈ സ്‍കൂട്ടറിന്റെ സ്ഥാനം. ചെറിയ ബാറ്ററി പായ്ക്കും ബോഷിൽ നിന്നുള്ള ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ടിവിഎസ് മോട്ടോർ കമ്പനിക്ക് വലിയ പദ്ധതികളുണ്ട്. അതിൽ നോർട്ടൺ ബ്രാൻഡിന്‍റെ ഇന്ത്യൻ അരങ്ങേറ്റവും ഉൾപ്പെടുന്നു . ഇലക്ട്രിക് വാഹന വാങ്ങുന്നവർക്കും താൽപ്പര്യക്കാർക്കും വേണ്ടിയുള്ള മറ്റൊരു ആവേശകരമായ വാർത്തയുണ്ട്. കമ്പനി ഈ വർഷത്തെ ദീപാവലി സീസണിന് മുമ്പ് ഒരു പുതിയ എൻട്രി ലെവൽ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ സ്‍കൂട്ടർ കമ്പനിയുടെ ഇലക്ട്രിക് വാഹന ഉൽപ്പന്ന നിരയിൽ ഐക്യൂബിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. ഈ പുതിയ ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടറിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത്? ഇതാ അറിയേണ്ടതെല്ലാം
ബാറ്ററി, റേഞ്ച്
ടിവിഎസിൽ നിന്നുള്ള പുതിയ എൻട്രി ലെവൽ ഇ-സ്‍കൂട്ടറിൽ ഒരു ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ബോഷിൽ നിന്ന് കടമെടുത്ത ഒരു ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ബാറ്ററി ജോടിയാക്കും. നിലവിലെ ടിവിഎസ് ഐക്യൂബ് നിലവിൽ 2.2kW, 3.4kW, 5.1kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. യഥാക്രമം 75km, 100km, 150km എന്നിങ്ങനെയാണ് അവകാശപ്പെടുന്ന റേഞ്ച് നൽകുന്നത്.
ഫീച്ചറുകൾ
ഐക്യൂബിനെ അപേക്ഷിച്ച് കുറച്ച് സവിശേഷതകൾ മാത്രമായിരിക്കും പുതിയ ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടറിൽ ലഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ടിഎഫ്‍ടി ഡിസ്പ്ലേ (3.4kWh വേരിയന്റുകൾക്ക് 5 ഇഞ്ച്, ടോപ്പ്-എൻഡ് എസ്, എസ്ടി വേരിയന്റുകൾക്ക് 7 ഇഞ്ച് ടച്ച്സ്ക്രീൻ), ഒടിഎ അപ്‌ഡേറ്റുകൾ, ജിഎസ്എം കണക്റ്റിവിറ്റി, മൊബൈൽ ആപ്പ് വഴിയുള്ള ബ്ലൂടൂത്ത്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേഷൻ, ഇൻകമിംഗ് കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ, പാർക്ക് അസിസ്റ്റ്, ഇൻകോഗ്നിറ്റോ മോഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (എസ്‍ടി വേരിയന്റുകളിൽ ഒരു ആക്സസറിയായി) എന്നിവ ടിവിഎസ് ഐക്യൂബിൽ ലഭ്യമാണ്.
പ്രതീക്ഷിക്കുന്ന വിലയും പേരും
വിലയുടെ കാര്യത്തിൽ, പുതിയ ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടർ ബജറ്റ് അവബോധമുള്ള വാങ്ങുന്നവരെയാണ് ലക്ഷ്യമിടുന്നത്. 90,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. വരാനിരിക്കുന്ന ഇ-സ്‍കൂട്ടറിന് ടിവിഎസ് ജനപ്രിയ ജൂപ്പിറ്റർ ബ്രാൻഡ് നാമം ഉപയോഗിച്ചേക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇലക്ട്രിക് ടിവിഎസ് മോപ്പെഡിന് ഉപയോഗിക്കാൻ സാധ്യതയുള്ള XL, EV, E-XL പേരുകൾക്കുള്ള പേറ്റന്റുകൾ കമ്പനി അടുത്തിടെ ഫയൽ ചെയ്തിരുന്നു. ഈ പുതിയ എൻട്രി ലെവൽ ഇവി XL സഫിക്സുള്ള ഇലക്ട്രിക് മോപ്പെഡിന്റെ ഒരു വകഭേദമായിരിക്കാം എന്നും റിപ്പോട്ടുകൾ പറയുന്നു.



