ഓഗസ്റ്റിൽ നടക്കുന്ന ഏഥർ കമ്മ്യൂണിറ്റി ഡേയിൽ പുതിയ കൺസെപ്റ്റ് വാഹനങ്ങൾ, പുതിയ ഇഎൽ സ്കൂട്ടർ പ്ലാറ്റ്‌ഫോം, ആതർ സ്റ്റാക്ക് 7.0 എന്നിവ അവതരിപ്പിക്കും. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‍കൂട്ടറും പുതിയ ഫാസ്റ്റ് ചാർജറുകളും പ്രതീക്ഷിക്കാം.

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക്ക് ടൂവീല‍ർ സ്റ്റാ‍ട്ടപ്പ് കമ്പനിയായ ഏഥർ എനർജിയുടെ വാർഷിക കമ്മ്യൂണിറ്റി പരിപാടിയായ 'ഏഥർ കമ്മ്യൂണിറ്റി ഡേ' ഈ വർഷം ഓഗസ്റ്റിൽ നടക്കും. ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡിന്റെ ഉപഭോക്താക്കൾക്കും ആരാധകർക്കും വേണ്ടി കമ്പനി നടത്തുന്ന ഒരു പരിപാടിയാണ് ഏഥർ കമ്മ്യൂണിറ്റി ഡേ. ഉപഭോക്താക്കളുമായി സംവദിക്കാനും പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കാനും വരാനിരിക്കുന്ന മോഡലുകൾ വെളിപ്പെടുത്താനും കമ്പനി ഏകദിന പരിപാടി ഉപയോഗിക്കുന്നു.

ഈ വർഷത്തെ ഏഥർ കമ്മ്യൂണിറ്റി ദിനത്തിൽ പുതിയ കൺസെപ്റ്റ് വാഹനങ്ങൾക്കൊപ്പം പുതിയ ഇഎൽ സ്കൂട്ടർ പ്ലാറ്റ്‌ഫോമും കമ്പനി അവതരിപ്പിക്കും. വരാനിരിക്കുന്ന ഇഎൽ പ്ലാറ്റ്‌ഫോം "വൈവിധ്യമാർന്നതും ചെലവ് കുറഞ്ഞതുമായി" രൂപകൽപ്പന ചെയ്‌തിരിക്കുമെന്നും, ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളെ വിശാലമായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനായി അവരുടെ ഉൽപ്പന്ന നിര വികസിപ്പിക്കാൻ സഹായിക്കുമെന്നും കമ്പനി വെളിപ്പെടുത്തി.

പുതിയ കുറഞ്ഞ വിലയുള്ള ഇഎൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ ഏപ്രിലിൽ ഏഥർ സ്ഥിരീകരിച്ചിരുന്നു. 125 നും 300 സിസിക്കും ഇടയിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് അടിസ്ഥാനമാകുന്ന സെനിത്ത് പ്ലാറ്റ്‌ഫോമും കമ്പനി പ്രദർശിപ്പിച്ചു. വരാനിരിക്കുന്ന പരിപാടിയിൽ സെനിത്ത് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.

അടുത്തിടെ ആതർ എനർജി തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടറിന്റെ രൂപകൽപ്പനയ്ക്ക് പേറ്റന്റ് ഫയൽ ചെയ്‍തിരുന്നു. കമ്പനിയുടെ പുതിയ ഇഎൽ പ്ലാറ്റ്‌ഫോമിലാണ് ഈ പുതിയ താങ്ങാനാവുന്ന ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മിക്കുന്നത്. കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള ആതർ റിസ്റ്റയ്ക്ക് താഴെയുള്ള സെഗ്‌മെന്റിലാണ് ഈ സ്‍കൂട്ടർ എത്തുക. അതായത്, അതിന്റെ വിലയും സവിശേഷതകളും അൽപ്പം കുറവായിരിക്കും.

നിലവിൽ, ആതറിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‍കൂട്ടർ റിസ്റ്റയാണ്. ഇതിന്റെ വില 1.10 ലക്ഷം രൂപയും എക്സ്-ഷോറൂം വില 1.49 ലക്ഷം രൂപ വരെയുമാണ്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 2.9 kWh ഉം 3.7 kWh ഉം ബാറ്ററി ഓപ്ഷനുകളുള്ള സ്കൂട്ടർ ഉപഭോക്താക്കൾക്ക് വാങ്ങാം. ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, ഒറ്റ ചാർജിൽ 123 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 159 കിലോമീറ്ററും സഞ്ചരിക്കാൻ സാധിക്കും. ആതർ 450S-ൽ കാണപ്പെടുന്ന അതേ PMS മോട്ടോറാണ് റിസ്റ്റയിലും ഉള്ളത്. ഈ സ്കൂട്ടറിന് പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത വെറും 3.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും, കൂടാതെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

പുതിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാറ്റ്‌ഫോമിന് പുറമേ, ഈ വർഷത്തെ കമ്മ്യൂണിറ്റി ദിനത്തിൽ, തങ്ങളുടെ വാഹന സോഫ്റ്റ്‌വെയറിന്റെ നവീകരിച്ച പതിപ്പായ ആതർ സ്റ്റാക്ക് 7.0, അടുത്ത തലമുറ ഫാസ്റ്റ് ചാർജറുകൾ പുറത്തിറക്കുമെന്ന് ആതർ സ്ഥിരീകരിച്ചു. പുതിയ ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷൻ ചാർജിംഗ് വേഗത്തിലും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിടുന്നു.

2025 ലെ കമ്മ്യൂണിറ്റി ദിനത്തിന്റെ കൃത്യമായ തീയതികളും വേദിയും ഏഥർ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.