Asianet News MalayalamAsianet News Malayalam

ഡൊമിനോറിൻ്റെ വില കൂട്ടി ബജാജ്, കാരണം നിരത്തി കമ്പനി

ഡൊമിനാര്‍ 400-യുടെ വിലയില്‍ 1,997 രൂപ വര്‍ധിച്ചു. ഡൊമിനാര്‍ 250-യുടെ വിലയില്‍ 2,003 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്

bajaj dominar price hike
Author
New Delhi, First Published Jan 15, 2021, 9:30 PM IST

ഡൊമിനാര്‍ ശ്രേണിയുടെ വില വര്‍ധിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. ഡൊമിനാര്‍ 400, ബജാജ് ഡൊമിനാര്‍ 250 എന്നിവയുടെ വിലയിലാണ് കമ്പനി വര്‍ധനവ് വരുത്തിയിരിക്കുന്നതെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൊമിനാര്‍ 400-യുടെ വിലയില്‍ 1,997 രൂപ വര്‍ധിച്ചു. ഡൊമിനാര്‍ 250-യുടെ വിലയില്‍ 2,003 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെയും, ആവശ്യ സാധനങ്ങളുടെയും വില വര്‍ധിച്ചതാണ് ബൈക്കുകളുടെ വില  വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് കമ്പനി പറയുന്നത്. അടുത്തിടെ പള്‍സര്‍ ബൈക്ക് ശ്രേണിയുടെ വിലയും കമ്പനി കൂട്ടിയിരുന്നു.

വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും മോഡലുകള്‍ക്ക് ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂറിംഗ് അധിഷ്ഠിത മോഡലായ 400 ഡൊമിനാറിന് ബിഎസ്-6 നിലവാരത്തിലുള്ള 373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 39.4 bhp പവറും 35 Nm ടോര്‍ക്കും നല്‍കുന്നുണ്ട്. .

സ്ലിപ്പര്‍ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്യുവല്‍ ടാങ്കില്‍ ഒരു ചെറിയ എല്‍സിഡി യൂണിറ്റ് എന്നിവ ഉള്‍ക്കൊള്ളുന്നു. ഡൊമിനാര്‍ 400 ന്റെ ബ്രേക്കിംഗിനായി മുന്നില്‍ 320mm ഡിസ്‌കും പിന്നില്‍ 230mm ഡിസ്‌കുമാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷക്കായി ഡ്യുവല്‍-ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

2016 ഡിസംബറിലാണ് ആദ്യ ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളായ  ഡൊമിനർ ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചത്.

Follow Us:
Download App:
  • android
  • ios