പുതിയ ബജാജ് പൾസർ ആർഎസ്200 കൂടുതൽ കരുത്തും ഫീച്ചറുകളുമായി വിപണിയിൽ. യുഎസ്ഡി ഫോർക്ക്, പുതിയ എൻജിൻ എന്നിവ പ്രധാന ആകർഷണങ്ങളാണ്. രൂപത്തിൽ മാറ്റമില്ലാതെ മികച്ച റൈഡിങ് അനുഭവം നൽകുന്നു.

ബൈക്കായ പൾസർ ആർഎസ്200ന് നിരവധി പരിഷ്കാരങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്. ഡൽഹിയിൽ 1,98,441 രൂപയാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില. കൂടുതൽ കരുത്തുള്ള എൻജിൻ, പുതിയ സസ്പെൻഷൻ, റൈഡിങ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ.

കൂടുതൽ കരുത്തുമായി 200 സിസി എൻജിൻ പുതിയ പൾസർ ആർഎസ്200ന്റെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് എൻജിനിലാണ്. പഴയ മോഡലിൽ 24.5 ബിഎച്ച്പി കരുത്ത് നൽകിയിരുന്ന എൻജിൻ ഇപ്പോൾ 25.5 ബിഎച്ച്പി പരമാവധി കരുത്ത് ഉൽപ്പാദിപ്പിക്കും. ഇതോടെ മുൻ മോഡലിനെക്കാൾ ഒരു ബിഎച്ച്പി അധിക കരുത്ത് ലഭിക്കും. ഇലക്ട്രോണിക് ത്രോട്ടിൽ ബോഡിയും ബജാജ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ വ്യത്യസ്ത റൈഡിങ് മോഡുകൾ ലഭ്യമാകും. റോഡിന്റെ സാഹചര്യങ്ങൾക്കും റൈഡറുടെ ആവശ്യങ്ങൾക്കും അനുസരിച്ച് മോഡ് തിരഞ്ഞെടുക്കാൻ സാധിക്കും. ട്രാക്ഷൻ കൺട്രോൾ സംവിധാനവും പുതിയ മോഡലിന്റെ പ്രധാന ആകർഷണമാണ്.

യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ പുതിയ മാറ്റം സസ്പെൻഷൻ സംവിധാനത്തിലും ബജാജ് കാര്യമായ പരിഷ്കാരം വരുത്തിയിട്ടുണ്ട്. പഴയ ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾക്ക് പകരം 37 എംഎം അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളാണ് പുതിയ മോഡലിൽ നൽകിയിരിക്കുന്നത്. ബൈക്കിന്റെ ഹാൻഡ്‌ലിങ്ങും റൈഡിങ് സ്ഥിരതയും മെച്ചപ്പെടുത്താൻ ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷ. പിന്നിലെ ചക്രത്തിൽ 140/70-ആർ17 റേഡിയൽ ടയറാണ് നൽകിയിരിക്കുന്നത്. നേരത്തെ 150 സെക്ഷൻ പിൻ ടയർ നൽകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത് 140 സെക്ഷൻ ടയറാണ്.

ഗൂഗിൾ മാപ്‌സ് പിന്തുണയുള്ള ടിഎഫ്ടി ഡിസ്പ്ലേ പുതിയ പൾസർ ആർഎസ്200ന്റെ മറ്റൊരു പ്രധാന ആകർഷണം അഞ്ച് ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളാണ്. പഴയ മോഡലിലെ കളർ എൽസിഡി ഡിസ്പ്ലേയ്ക്ക് പകരമാണ് പുതിയ സംവിധാനം. ഗൂഗിൾ മാപ്‌സ് മിററിങ് സൗകര്യത്തിലൂടെ യാത്രയ്ക്കിടയിലെ നാവിഗേഷൻ വിവരങ്ങൾ ബൈക്കിന്റെ ഡിസ്പ്ലേയിൽ നേരിട്ട് കാണാനാകും. കൂടാതെ ക്രമീകരിക്കാവുന്ന ലിവറുകൾ, യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ട്, ഹസാർഡ് സ്വിച്ച് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും യുഎസ്ബി പോർട്ട് സഹായിക്കും.

രൂപത്തിൽ പഴയ സ്പോർട്ടി ശൈലി നിലനിർത്തി എൻജിൻ, സസ്പെൻഷൻ, സാങ്കേതിക ഫീച്ചറുകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തിയെങ്കിലും ബൈക്കിന്റെ അടിസ്ഥാന രൂപവും ഡിസൈൻ ശൈലിയും നിലനിർത്താനാണ് ബജാജ് ശ്രമിച്ചിരിക്കുന്നത്. കൂടുതൽ നിയന്ത്രണം, മെച്ചപ്പെട്ട റൈഡിങ് അനുഭവം, ആധുനിക കണക്റ്റിവിറ്റി എന്നിവയാണ് പുതിയ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് ഓട്ടോ വ്യക്തമാക്കി.

പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം പൾസർ ആർഎസ്200ന്റെ യഥാർത്ഥ ശൈലിയും വ്യക്തിത്വവും നിലനിർത്തിയിട്ടുണ്ടെന്ന് ബജാജ് ഓട്ടോ ടു വീലർ ബിസിനസ് യൂണിറ്റ് ചീഫ് ബിസിനസ് ഓഫീസർ സാരംഗ് കനാഡെ പറഞ്ഞു. പുതിയ ഫീച്ചറുകളും അധിക കരുത്തും ഉൾപ്പെടുത്തി സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യമാകാനാണ് ബജാജിന്റെ നീക്കം.