ദില്ലി: ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 നിരത്തിൽ എത്തിച്ചു. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ സ്കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്, 73,336 രൂപയിലാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നീ നിറങ്ങളിൽ ഗ്രാസിയ ലഭിക്കും.

125 ബിഎസ് 6, 125 സിസി, സിംഗിൾ സിലിണ്ടർ എൻജിൻ ആണ് പുതിയ ഹോണ്ട ഗ്രാസിയയുടെ ഹൃദയം. പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി), എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) എന്നിവ വാഹനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റുചെയ്‌ത എഞ്ചിൻ 6,000 ആർപിഎമ്മിൽ 8.14 ബിഎച്ച്പി കരുത്തും 5,000 ആർപിഎമ്മിൽ 10.3 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും മൂന്ന് തരത്തിൽ ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷനും നൽകിയിരിക്കുന്നു. ആറ് വർഷത്തെ വാറന്റി പാക്കേജാണ് (മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് + മൂന്ന് വർഷം ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറന്റി) സ്കൂട്ടറിൽ വരുന്നത്.

എൽഇഡി ഡി സി ഹെഡ്‌ലാമ്പ്, സ്പ്ലിറ്റ് എൽഇഡി പൊസിഷൻ ലാമ്പ്, മൾട്ടി-ഫംഗ്ഷൻ സ്വിച്ച്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം & പാസിംഗ് സ്വിച്ച്, എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ തുടങ്ങിയ ഫീച്ചേഴ്സ് ഈ പുതിയ മോഡലിന് നൽകിയിട്ടുണ്ട്. ഇന്റലിജന്റ് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ ഡിസ്റ്റൻസ് ടു എംപ്റ്റി , ശരാശരി ഇന്ധനക്ഷമത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ത്രീ-സ്റ്റെപ്പ് ഇക്കോ ഇൻഡിക്കേറ്റർ, ക്ലോക്ക്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങളും മീറ്ററിലൂടെ അറിയാൻ സാധിക്കും.

ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ച് 2017 നവംബറിലാണ് ഹോണ്ട ആദ്യ ഗ്രാസിയയെ നിരത്തിലെത്തിച്ചത്. അഗ്രസീവ് ഡിസൈനായിരുന്നു ഗ്രാസിയയുടെ മുഖമുദ്ര. നിലവില്‍ ആക്ടീവ 125-ല്‍ നല്‍കിയിരുന്ന ബിഎസ്-4 നിലവാരത്തിലുള്ള 124.9 സിസി എയര്‍-കൂള്‍ഡ് എന്‍ജിനായിരുന്നു ഗ്രാസിയയ്ക്ക് കരുത്തേകിയിരുന്നത്. ഇത് 8.52 ബിഎച്ച്പി പവറും 10.54 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.