ഹീറോ മോട്ടോകോർപ്പ് 2025 സാമ്പത്തിക വർഷത്തിൽ മികച്ച വിൽപ്പന നേടി. പുതിയ കരിസ്‌മ 250, സ്പ്ലെൻഡർ പ്ലസ് ബൈക്കുകൾ ഉടൻ പുറത്തിറങ്ങും.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് 2025 സാമ്പത്തിക വർഷത്തിൽ ആകെ 58,99,187 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഇലക്ട്രിക്ക് വാഹന വിൽപ്പനയും രേഖപ്പെടുത്തി. കമ്പനി 200 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. വിപണിയിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഹീറോ മോട്ടോ കോർപ് പുതിയ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് വൈദ്യുത വാഹന വിഭാഗത്തിൽ, പുറത്തിറക്കാൻ പദ്ധതിയിടുന്നു. അതേസമയം, ഹീറോ രണ്ട് പ്രധാന ഐസിഇ-പവർ ബൈക്കുകളും പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പുതിയ ഹീറോ സ്പ്ലെൻഡർ പ്ലസും ഹീറോ കരിസ്‍മ 250 ഉം. വരാനിരിക്കുന്ന ഈ പുതിയ ഹീറോ ബൈക്കുകളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.

ഹീറോ കരിസ്‍മ 250
ഹീറോ കരിസ്‌മ 250 ന് കരുത്തേകുന്നത് പുതിയ 250 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ്. ഈ എഞ്ചിൻ പരമാവധി 29PS പവറും 25Nm ടോർക്കും സൃഷ്‍ടിക്കുന്നു. കരിസ്‌മ XMR 210 ന്റെ 210 സിസി എഞ്ചിനിൽ നിന്നാണ് ഈ പുതിയ എഞ്ചിനും കമ്പനി സൃഷ്‍ടിക്കുന്നത്. പക്ഷേ ഇത് ദൈർഘ്യമേറിയ സ്ട്രോക്കും വ്യത്യസ്ത ക്രാങ്ക് കേസുകളും ഉൾക്കൊള്ളുന്നു. ഈ ബൈക്കിൽ യുഎസ്‍ഡി, ഫോർക്ക് സസ്‌പെൻഷൻ, സ്വിച്ചബിൾ എബിഎസ് മോഡുകൾ, ചെറിയ വിംഗ്‌ലെറ്റുകൾ, ഒരു ടിഎഫ്‍ടി ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു. ആംഗുലർ ടാങ്ക് എക്സ്റ്റൻഷനുകൾ, ഷാർപ്പ് ക്രീസുകൾ, പുതുക്കിയ എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, വിംഗ്‌ലെറ്റുകൾ, ഒരു സ്റ്റീപ്പ്-അപ്പ് പില്യൺ പെർച്ച് തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിംഗും സ്‍പോട്ടിയുമായി കാണപ്പെടുന്നു. ക്രമീകരിക്കാവുന്ന ക്ലിപ്പ്-ഓണുകളും ഇതിന് ലഭിക്കുന്നു. കരിസ്‌മ XMR 210 ന് ഒപ്പം ഹീറോ കരിസ്‌മ 250 വിൽക്കും.

പുതിയ ഹീറോ സ്പ്ലെൻഡർ പ്ലസ്
2025 ഹീറോ സ്പ്ലെൻഡർ പ്ലസിൽ OBD-2B കംപ്ലയിന്റ് എഞ്ചിൻ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, പുതിയ കളർ ഓപ്ഷനുകൾ എന്നിവ ഉണ്ടാകും. അതായത്, അപ്ഡേറ്റ് ചെയ്ത പതിപ്പിൽ 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ അതേ 97.2 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉണ്ടാകും. OBD-2B അപ്ഡേറ്റിനു ശേഷവും പ്രകടന കണക്കുകൾ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. ഈ എഞ്ചിൻ കോൺഫിഗറേഷൻ പരമാവധി 8.02PS പവറും 8.05Nm ടോർക്കും സൃഷ്ടിക്കുന്നു. പുതിയ ഹീറോ സ്പ്ലെൻഡർ പ്ലസിൽ പരമ്പരാഗത ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 5-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന ഡ്യുവൽ റിയർ ഷോക്ക് അബ്സോർബേഴ്സ് സസ്പെൻഷനും തുടരും എന്നാണ് റിപ്പോർട്ടുകൾ.