ഡ്യുക്കാട്ടി ഡെസേർട്ട്എക്സ് റാലിയിൽ 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ് ഓഫർ. ഈ ഓഫർ ഓഗസ്റ്റ് 31 വരെ മാത്രമേ സാധുതയുള്ളൂ. ഈ ക്രെഡിറ്റ് ഉപയോഗിച്ച് ആക്‌സസറികൾ, റൈഡിംഗ് ഗിയർ, കമ്പനി ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാം.

രും ദിവസങ്ങളിൽ നിങ്ങൾ ഒരു അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർ‍ത്തയുണ്ട്. ഇറ്റാലിയൻ സൂപ്പ‍‍ർ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റി കിടിലൻ ഒരു ഓഫർ അവതരിപ്പിച്ചിരിക്കുന്നു. കമ്പനി അവരുടെ ശക്തമായ അഡ്വഞ്ചർ ബൈക്കായ ഡ്യുക്കാട്ടി ഡെസേർട്ട്എക്സ് റാലിയിൽ ആണ് ഒരു വമ്പൻ ഓഫർ പ്രഖ്യാപിച്ചത്. ഈ ഓഫർ പ്രകാരം, ബൈക്ക് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോർ ക്രെഡിറ്റ് ലഭിക്കും. ഈ ഓഫർ ഓഗസ്റ്റ് 31 വരെ മാത്രമേ സാധുതയുള്ളൂ എന്നതാണ് പ്രത്യേകത.

അതേസമയം കമ്പനി ബൈക്കിന് നേരിട്ട് കിഴിവ് നൽകുന്നില്ല. ഡ്യുക്കാട്ടി സ്റ്റോറിൽ ഉപയോഗിക്കാവുന്ന ഒരു ക്രെഡിറ്റ് കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നു. അതായത്, ഈ ക്രെഡിറ്റ് ഉപയോഗിച്ച് നിങ്ങളുടെ ബൈക്കിനുള്ള ആക്‌സസറികൾ, റൈഡിംഗ് ഗിയർ, ജാക്കറ്റുകൾ, ഹെൽമെറ്റുകൾ, കമ്പനി ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാം. ബൈക്കിംഗ് അനുഭവം കൂടുതൽ പ്രീമിയമാക്കാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.

ഇന്ത്യൻ വിപണിയിൽ ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് റാലിയുടെ എക്സ്-ഷോറൂം വില 23.71 ലക്ഷം രൂപയാണ്. ഡെസേർട്ട്എക്‌സ് നിരയിലെ ഏറ്റവും ചെലവേറിയതും പ്രീമിയം മോഡലുമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഓഫ്-റോഡിംഗിനും ദീർഘദൂര ടൂറിംഗിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന റാലി എഡിഷൻ ശക്തമായ പ്രകടനവും പരുക്കൻ രൂപവും നൽകുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതികൾക്കായി നിർമ്മിച്ച ഡെസേർട്ട്എക്സ് റാലിയിൽ, ബീക്ക്-സ്റ്റൈൽ ഫ്രണ്ട് മഡ്ഗാർഡും എക്സ്റ്റൻഡഡ് ട്രാവൽ ഫീച്ചർ ചെയ്യുന്ന കയാബ സസ്പെൻഷനും ഉണ്ട്. ഫ്രണ്ട്, റിയർ സസ്പെൻഷനുകൾ 20 മില്ലീമീറ്റർ അധിക യാത്രാ ദൂരം നേടിയിട്ടുണ്ട്, ഇത് ഓഫ്-റോഡ് ഹാൻഡ്‌ലിങ്ങും സുഖസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നു. പുതുതായി വികസിപ്പിച്ച സെൻട്രൽ-സ്പോക്ക്ഡ് വീലുകൾ പരമ്പരാഗത അലോയ് റിമ്മുകളെ അപേക്ഷിച്ച് ആഘാത പ്രതിരോധം കൂടുതൽ മെച്ചപ്പെടുത്തുന്നു, ഇത് ദുർഘടമായ പാതകളിൽ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കുന്നു. 937 സിസി ഡ്യുക്കാട്ടി ടെസ്റ്റസ്ട്രെറ്റ 11° ട്വിൻ-സിലിണ്ടർ എഞ്ചിൻ ആണ് ഈ ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിൻ 9,250 rpm-ൽ 108 bhp കരുത്തും 6,500 rpm-ൽ 92 Nm ടോർക്കും നൽകുന്നു.

നിങ്ങൾ ഡ്യുക്കാറ്റിയുടെ ആരാധകനും സാഹസിക ബൈക്കിംഗിൽ താൽപ്പര്യമുള്ള ആളുമാണെങ്കിൽ, ഈ ഓഫർ നിങ്ങൾക്ക് ഒരു സുവർണ്ണാവസരമായിരിക്കും. ഇത്രയും വിലയേറിയതും പ്രീമിയം ബൈക്കുമായ നിങ്ങൾക്ക് 1.50 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലഭിക്കുന്നുണ്ടെങ്കിൽ, ഈ ഡീൽ നഷ്‍ടപ്പെടുത്താൻ പാടില്ല. ഈ ഓഫർ പരിമിതമായ സമയത്തേക്ക് മാത്രമാണെന്ന് ഓർമ്മിക്കുക.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ വാഹനങ്ങളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു വാഹനം വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.