ഇന്ത്യൻ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ ഹീറോ വിഡ, സിജി മോട്ടോഴ്‌സുമായി സഹകരിച്ച് നേപ്പാളിൽ അന്താരാഷ്ട്ര ലോഞ്ച് നടത്തി. ഈ ലോഞ്ചിൽ VX2 EVOOTER ഇലക്ട്രിക് സ്‍കൂട്ടർ ശ്രേണിയും DIRT.E K3 യൂത്ത് ഓഫ്-റോഡറും അവതരിപ്പിച്ചു. 140 കിലോമീറ്റർ റേഞ്ചുള്ള VX2 പ്ലസ് വേരിയന്റാണ് പ്രധാന ആകർഷണം.

ന്ത്യൻ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ ഹീറോ വിഡ (VIDA) അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെച്ചു. കമ്പനിയുടെ ആദ്യ ആഗോള ലോഞ്ചിന് നേപ്പാൾ വേദിയായി. നേപ്പാളിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ചൗധരി ഗ്രൂപ്പിന്റെ ഭാഗമായ സിജി മോട്ടോഴ്‌സുമായി (CG Motors) സഹകരിച്ചാണ് വിഡയുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുന്നത്. ലോകമെമ്പാടുമായി 160-ലധികം കമ്പനികളും 123 ബ്രാൻഡുകളും ഉൾപ്പെടുന്ന വലിയ ബിസിനസ് ശൃംഖല നിയന്ത്രിക്കുന്ന ചൗധരി ഗ്രൂപ്പുമായുള്ള പങ്കാളിത്തം വിഡയുടെ ആഗോള വിപണി വികസനത്തിലെ നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

VX2 ഇലക്ട്രിക് സ്‍കൂട്ടറും DIRT.E K3 യൂത്ത് ഓഫ്-റോഡറും

നേപ്പാളിലെ ഉപഭോക്താക്കൾക്കായി ഹീറോ വിഡ VX2 EVOOTER ശ്രേണിയും വിഡ DIRT.E K3 യൂത്ത് ഓഫ്-റോഡറും അവതരിപ്പിച്ചു. വ്യത്യസ്ത റൈഡിംഗ് ആവശ്യങ്ങൾ പരിഗണിച്ച് രൂപകൽപ്പന ചെയ്ത VX2 ശ്രേണിയിൽ VX2 പ്ലസ്, VX2 ഗോ എന്നീ രണ്ട് വേരിയന്റുകളാണ് ലഭ്യമാകുന്നത്. നേപ്പാളിന്റെ വ്യത്യസ്‍ത ഭൂപ്രകൃതികൾക്ക് അനുയോജ്യമായ രീതിയിലാണ് VX2 പ്ലസ് ഒരുക്കിയിരിക്കുന്നത്. 18 ഡിഗ്രി ഗ്രേഡബിലിറ്റിയുള്ള ഈ ഇലക്ട്രിക് സ്‍കൂട്ടറിൽ 4.4 kWh ബാറ്ററി പാക്കാണ് ലഭിക്കുന്നത്. രണ്ട് 2.2 kWh നീക്കം ചെയ്യാവുന്ന ബാറ്ററി യൂണിറ്റുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

VX2 പ്ലസ് ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ യഥാർഥ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 90 കിലോമീറ്ററാണ് പരമാവധി വേഗത. 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.1 സെക്കൻഡ് മാത്രം മതിയാകും. കൂടാതെ ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിച്ച് 65 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

ആഗോള വിപണിയിലേക്ക് വിഡയുടെ പുതിയ ചുവടുവയ്പ്പ്

വിദ ബ്രാൻഡിന്റെ അന്താരാഷ്ട്ര യാത്രയിലെ പ്രധാന നാഴികക്കല്ലാണ് നേപ്പാൾ ലോഞ്ചെന്ന് ഹീറോ മോട്ടോകോർപ്പ് വ്യക്തമാക്കി. "VIDA ആഗോളതലത്തിലേക്ക് കടക്കുന്ന ഈ നിമിഷം ഏറെ അഭിമാനകരമാണ്. സ്മാർട്ട് ഇലക്ട്രിക് മൊബിലിറ്റി വേഗത്തിൽ സ്വീകരിക്കുന്ന തന്ത്രപ്രധാനമായ വിപണിയായ നേപ്പാളിൽ നിന്നാണ് ഞങ്ങളുടെ അന്താരാഷ്ട്ര യാത്ര ആരംഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തേക്കും മികച്ച എൻജിനീയറിങ്, ഡിസൈൻ കഴിവുകൾ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ഹീറോ മോട്ടോകോർപ്പിന്റെ എമർജിംഗ് മൊബിലിറ്റി ബിസിനസ് യൂണിറ്റ് ചീഫ് ബിസിനസ് ഓഫീസർ കൗസല്യ നന്ദകുമാർ പറഞ്ഞു.

വിദ VX2 EVOOTER ശ്രേണിയും വിദ DIRT.E K3 ഉം ഭാവിയിലെ മൊബിലിറ്റിയെ പുനർനിർവചിക്കാൻ ലക്ഷ്യമിട്ടുള്ള ഉൽപ്പന്നങ്ങളാണെന്നും, സിജി മോട്ടോഴ്‌സുമായുള്ള സഹകരണത്തിലൂടെ നേപ്പാളിലെ ഉപഭോക്താക്കൾക്ക് മികച്ച സാങ്കേതികവിദ്യയും വിശ്വാസ്യതയും നൽകുന്ന റൈഡിംഗ് അനുഭവം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. നേപ്പാൾ വിപണിയിലെ വിജയത്തിന് പിന്നാലെ കൂടുതൽ അന്താരാഷ്ട്ര വിപണികളിലേക്ക് വിദ സാന്നിധ്യം വ്യാപിപ്പിക്കാനാണ് ഹീറോ മോട്ടോകോർപ്പിന്റെ പദ്ധതി.