ജാപ്പനീസ് ബ്രാൻഡായ ഹോണ്ട, CB1000 ഹോർനെറ്റ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച പുതിയ ലിറ്റർ-ക്ലാസ് നിയോ-റെട്രോ മോട്ടോർസൈക്കിളായ 2026 CB1000F പുറത്തിറക്കി. 1980-കളിലെ റെട്രോ സ്റ്റൈലും ആധുനിക പ്രകടനവും സാങ്കേതികവിദ്യയും ഈ ബൈക്കിൽ സമന്വയിപ്പിക്കുന്നു.

ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ട CB1000 ഹോർനെറ്റ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഏറ്റവും പുതിയ ലിറ്റർ-ക്ലാസ് നിയോ-റെട്രോ മോട്ടോർസൈക്കിൾ പുറത്തിറക്കി. 2026 CB1000F റെട്രോ നേക്കഡ് എന്നാണ് ഈ ബൈക്കിന്‍റെ പേര്. 1980-കളിലെ റെട്രോ സ്റ്റൈലിംഗ് ഇഷ്ടപ്പെടുന്നവർക്കും, പുതിയ പ്രകടനവും സാങ്കേതികവിദ്യയും ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഈ ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഹോണ്ട CB1000F ന്റെ രൂപകൽപ്പന 1980-കളിലെ സൂപ്പർബൈക്കുകളിൽ നിന്ന്, പ്രത്യേകിച്ച് അമേരിക്കൻ പ്രൊഫഷണൽ റൈഡർ ഫ്രെഡി സ്പെൻസർ റേസ് ചെയ്ത CB900F Bol D'Or, CB750F എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വിശദാംശങ്ങൾ അറിയാം. 

നൊസ്റ്റോൾജിയയിലേക്ക് വഴി നടത്തും

ബൈക്കിന്റെ രൂപകൽപ്പന ബോൾഡും നൊസ്റ്റാൾജിയയും നിറഞ്ഞതാണ്. ക്ലാസിക് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഡ്യുവൽ ഹോണുകൾ, സ്ലിം ഫ്യുവൽ ടാങ്ക് ഡിസൈൻ, ബൈക്കിന്റെ ശബ്ദം വർദ്ധിപ്പിക്കുന്ന മെഗാഫോൺ ശൈലിയിലുള്ള എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതെല്ലാം CB1000F-നെ ഒരു ആധുനിക ക്ലാസിക് മെഷീനാക്കി മാറ്റുന്നു. CBR1000RR ഫയർബ്ലേഡിനെ (2017–2019) കരുത്തനാക്കിയ അതേ 999 സിസി ഇൻലൈൻ-4 എഞ്ചിനാണ് ഹോണ്ട CB1000F നും കരുത്തേകുന്നത്. എങ്കിലും പവറും പ്രകടനവും സന്തുലിതമാക്കുന്നതിനായി ഇത് ചെറുതായി പുനഃക്രമീകരിച്ചിരിക്കുന്നു. ഇത് 9,000rpm-ൽ 122bhp പവറും 8,000rpm-ൽ 103Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

ഹോണ്ട പുതിയ ക്യാംഷാഫ്റ്റ്, പുതുക്കിയ വാൽവ് ടൈമിംഗ്, ഇൻടേക്ക് ഫണലുകൾ എന്നിവ നൽകിയിട്ടുണ്ട്. ഇത് എഞ്ചിനെ സുഗമവും കൂടുതൽ പ്രതികരണശേഷിയുള്ളതുമാക്കുന്നു. പവർ ചെറുതായി കുറച്ചിട്ടുണ്ട്, എന്നാൽ ബൈക്ക് ഇപ്പോൾ കൂടുതൽ ടോർക്കും മിഡ് റേഞ്ച് പ്രകടനവും വാഗ്ദാനം ചെയ്യുന്നു. മികച്ച ഹാൻഡ്‌ലിംഗിനായി ഹോണ്ട CB1000F-ൽ ഉയർന്ന നിലവാരമുള്ള സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നു. മുന്നിൽ 41 എംഎം ഷോവ SFF-BP ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന ഷോവ മോണോഷോക്കും (പ്രോ-ലിങ്ക് സിസ്റ്റത്തോടുകൂടിയത്) ഇതിൽ ഉൾപ്പെടുന്നു. വിശ്വസനീയമായ ഹൈ-സ്പീഡ് ഹാൻഡ്‌ലിംഗ് നൽകുന്ന നിസാൻ 4-പിസ്റ്റൺ റേഡിയൽ കാലിപ്പറുകളും 310 എംഎം ഫ്ലോട്ടിംഗ് ഡിസ്കുകളും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

റെട്രോ ലുക്ക് ഉണ്ടായിരുന്നിട്ടും, CB1000F പൂർണ്ണമായും ആധുനിക സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. കോർണറിംഗ് ABS, 6-ആക്സിസ് IMU ഉള്ള ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) തുടങ്ങിയ സവിശേഷതകൾ ലഭ്യമാണ്. ത്രോട്ടിൽ-ബൈ-വയർ സിസ്റ്റം, 3 പ്രീസെറ്റ് റൈഡിംഗ് മോഡുകൾ + 2 കസ്റ്റം മോഡുകൾ, 5-ഇഞ്ച് ടിഎഫ്‍ടി ഡിസ്പ്ലേ (ഒപ്റ്റിക്കൽ ബോണ്ടിംഗ്, സൂര്യപ്രകാശത്തിൽ പോലും വ്യക്തതയോടെ) എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഹോണ്ട റോഡ്‌സിങ്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും സ്മാർട്ട്-കീ സിസ്റ്റത്തോടുകൂടിയ കീലെസ് ഇഗ്നിഷനും ഈ ബൈക്കിൽ ഉണ്ട്. 2026 ഹോണ്ട CB1000F വുൾഫ് സിൽവർ മെറ്റാലിക് (നീല വരകളോടെ) ഗ്രാഫൈറ്റ് ബ്ലാക്ക് (ചുവപ്പ് ആക്സന്റുകളോടെ) എന്നിങ്ങനെയുള്ള രണ്ട് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: നിലവിൽ യൂറോപ്യൻ വിപണികളിലാണ് ഈ ബൈക്ക് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് ഹോണ്ട ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ ഇന്ത്യൻ ബൈക്കർമാരിൽ നിന്നുള്ള ഡിമാൻഡ് വർദ്ധിച്ചാൽ ഈ ബൈക്ക് വൈകാതെ ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.