Asianet News MalayalamAsianet News Malayalam

മികച്ച വില്‍പ്പനയുമായി ഹോണ്ട കുതിക്കുന്നു

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ മാസത്തില്‍ മികച്ച വില്‍പന നേടാന്‍ സാധിച്ചതായി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.

Honda jumps with best sales
Author
Kerala, First Published May 9, 2021, 5:39 PM IST

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ മാസത്തില്‍ മികച്ച വില്‍പന നേടാന്‍ സാധിച്ചതായി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.

2021 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍  ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുറത്തുവിട്ടു. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം കമ്പനി 2,83,045 യൂണിറ്റ് ബൈക്കുകളും സ്‌കൂട്ടറുകളും വിറ്റഴിച്ചതായും 31 ശതമാനമാണ് കമ്പനിയുടെ വര്‍ദ്ധനവെന്നും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഭ്യന്തര വിപണിയിലെ വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെയാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ മാസത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ആഭ്യന്തര വിപണിയില്‍ മാത്രം 2,40,100 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കൊവിഡ് -19 മഹാമാരി മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന ഒന്നും തന്നെ നടന്നിരുന്നില്ല. ഹോണ്ടയുടെ ഏപ്രില്‍ 2021 കയറ്റുമതി 42,945 യൂണിറ്റായിരുന്നു, കഴിഞ്ഞ ഏപ്രിലില്‍ ഇത് 2,630 യൂണിറ്റായിരുന്നു. ഇതോടെ, കമ്പനിയുടെ കയറ്റുമതി മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 40,000 യൂണിറ്റ് മറികടന്നു.

ഹോണ്ട ടൂ വിലേഴ്‌സ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ബിഎസ് 6 മോഡലുകള്‍ക്ക് യൂറോപ്പിലും ജപ്പാനിലും വലിയ ഡിമാന്റാണെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. യൂറോപ്പില്‍ എസ്പി 125 മോഡലിനാണ് ആവശ്യക്കാര്‍ ഏറെ ഉള്ളതെങ്കില്‍ ജാപ്പാനില്‍ ഹോണ്ടയുടെ ഹൈനസ് സിബി 350, സി.ബി. 350 ആര്‍.എസ് മോഡലുകള്‍ക്കായി ഉയര്‍ന്ന ഡിമാന്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ ആദ്യം മുതലുള്ള പ്രാദേശിക തല ലോക്ക്ഡൗണുകള്‍ ഉപഭോക്തൃ ഡിമാന്‍ഡ് ഗണ്യമായി കുറച്ചെന്ന്, വില്‍പനയെ കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യകത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എങ്കിലും സുരക്ഷിതമായി വീട്ടില്‍ തന്നെ തുടരുക എന്നത് രാജ്യത്തിന്റെ പ്രഥമ പരിഗണനയായതിനാല്‍ വില്‍പന സാധാരണ നിലയിലാവാന്‍ കുറച്ച് മാസങ്ങള്‍ എടുക്കാമെന്നും നിലവിലെ സാഹചര്യങ്ങള്‍ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios