കൊച്ചി: ആഗസ്റ്റ് മാസത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ടൂ-വീലര്‍ വില്‍പ്പന നാലു ലക്ഷം യൂണിറ്റ് കടന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,43,969 യൂണിറ്റാണ്. ഇതില്‍ 4,28,231 യൂണിറ്റുകള്‍ ആഭ്യന്തര വില്‍പ്പനയും 15,738 യൂണിറ്റുകള്‍ കയറ്റുമതിയുമായിരുന്നു. സാമ്പത്തിക വര്‍ഷം 2020-21ല്‍ ആദ്യമായാണ് ഹോണ്ടയുടെ വില്‍പ്പന നാലു ലക്ഷം യൂണിറ്റ് കടക്കുന്നത്. ഒരു ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കുറിച്ചത്.

എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളോടെയും ഉല്‍പ്പാദനം ഉയര്‍ത്തികൊണ്ടു വരുകയാണ്. 2020 ജൂലൈയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്റ്റില്‍ 38 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന തുടര്‍ച്ചയായി മൂന്നാം മാസവും ഒരു ലക്ഷം യൂണിറ്റുകള്‍ വര്‍ധിച്ചു. ജൂണില്‍ 2.02 ലക്ഷമായിരുന്നു. ജൂലൈയില്‍ ഇത് 3.09 ലക്ഷമായി. ആഗസ്റ്റില്‍ 4.28 ലക്ഷമായി.

 ആഗസ്റ്റില്‍ 90 ശതമാനം നെറ്റ്‌വര്‍ക്കുകളും തിരികെ ബിസിനസിലെത്തിയെന്നും ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്ന തോതിലുള്ള അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം ആദ്യമായി വില്‍പ്പന നാലു ലക്ഷം യൂണിറ്റ് കടന്നെന്നും ഉല്‍സവ കാലത്ത് ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളായ ഹോര്‍ണറ്റ് 2.0 ഉള്‍പ്പടെയുള്ള 14 മോഡലുകളും ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.