ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്‌സ് ബൈക്കായ നിഞ്ച ZX-25R -നെ അവതരിപ്പിച്ചു. ഇന്ത്യോനേഷ്യന്‍ വിപണിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അവതരണം. സ്റ്റാന്‍ഡേര്‍ഡ്, സ്‌പെഷ്യല്‍ എഡീഷന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് എത്തുന്നത്.

249 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 15,500 rpm-ല്‍ 49.3 bhp കരുത്തും 14,500 rpm-ല്‍ 22.9 Nm ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ട്രെല്ലിസ് ഫ്രെയിം, ഫുള്‍-ഫെയറിംഗ് ഡിസൈന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ്, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ പ്രധാന സവിശേഷതകള്‍.

സ്പെഷ്യല്‍ എഡീഷന്‍ പതിപ്പിനൊപ്പം ക്വിക്ക് ഷിഫ്റ്ററും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. ZX-6R-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25R ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബാക്ക്ലിങ്ക് റിയര്‍ മോണോഷോക്കിനൊപ്പം 37 mm ഷോവ SFF-BP ഫോര്‍ക്ക് ചേരുന്നതാണ് സസ്‍പെന്‍ഷനുകള്‍.

മുന്നില്‍ 310 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ. സ്പെഷ്യല്‍ എഡീഷന്‍ പതിപ്പില്‍ ഇരട്ട-ചാനല്‍ എബിഎസും ലഭിക്കും. കവാസാക്കി മൂന്ന് റൈഡിംഗ് മോഡുകളും ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് IDR 96 ദശലക്ഷവും (ഏകദേശം 4,99,071 രൂപ) സ്പെഷ്യല്‍ എഡീഷന്‍ പതിപ്പിന് IDR 112.9 ദശലക്ഷം (ഏകദേശം 5,86,929 രൂപ) വില. ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ മാത്രമാകും സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് വിപണിയില്‍ എത്തുക. എന്നാല്‍ ലൈം ഗ്രീന്‍/ എബണി, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക്/ പേള്‍ ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, കാന്‍ഡി പ്ലാസ്മ ബ്ലൂ/ മെറ്റാലിക് സ്പാര്‍ക്ക് ബ്ലൂ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ സ്പെഷ്യല്‍ പതിപ്പ് ലഭ്യമാകും.

2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവാസാക്കി മോഡലിനെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 

പള്‍സര്‍ 150 ബിഎസ് 6ന്‍റെ വില കൂട്ടി ബജാജ്; പുതുക്കിയ വിലവിവരം അറിയാം