അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ ഐ.സി.ഇ, ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ മഹീന്ദ്ര ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി, വിഷൻ കോൺസെപ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള വിഷൻ എസ്, വിഷൻ എക്സ് എന്നീ പുതിയ എസ്.യു.വികൾ എൻ.യു-ഐക്യു എന്ന നൂതന പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കും.
ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്ത അഞ്ച് വർഷത്തിനിടെ നിരവധി പുതിയ ഐ.സി.ഇ (ഇന്റേണൽ കംബഷൻ എൻജിൻ) വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി വിഷൻ കോൺസെപ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള പുതിയ എസ്.യു.വി മോഡലുകളും വിപണിയിലെത്തും. ഇലക്ട്രിക് വാഹന വിഭാഗത്തിൽ മഹീന്ദ്രയുടെ പുതിയ എക്സ്ഇവി, ബി.ഇ ശ്രേണി ഇതിനകം തന്നെ മികച്ച പ്രതികരണം നേടിയിട്ടുണ്ട്. 2026 ജൂണിൽ കമ്പനിയുടെ ഇലക്ട്രിക് വാഹന വിപണി വിഹിതം 23.8 ശതമാനമായി ഉയർന്നതായാണ് റിപ്പോർട്ടുകൾ. മുൻവർഷം ഇതേ കാലയളവിൽ ഇത് 16.8 ശതമാനമായിരുന്നു. ഇലക്ട്രിക് വാഹന മേഖലയിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം, വിഷൻ ശ്രേണിയിലുള്ള പുതിയ എസ്.യു.വികൾ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം.
മഹീന്ദ്ര വിഷൻ എസ്: 2026 അവസാനത്തോടെ എത്തും
വിഷൻ എസ് കോൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ മോഡൽ 2026 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നാല് മീറ്ററിൽ താഴെ നീളമുള്ള ഈ കോംപാക്ട് എസ്.യു.വി മഹീന്ദ്രയുടെ സ്കോർപിയോ എൻ കുടുംബത്തിന്റെ ഭാഗമായാകും എത്തുക. പുതിയ എൻ.യു-ഐക്യു മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യ മഹീന്ദ്ര എസ്.യു.വി ആയിരിക്കും ഇത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ വിവിധ പവർട്രെയിൻ ഓപ്ഷനുകൾക്ക് പിന്തുണ നൽകുന്ന തരത്തിലാണ് ഈ പുതിയ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയിലെ പാസഞ്ചർ വാഹന തന്ത്രത്തിൽ എൻ.യു-ഐക്യു പ്ലാറ്റ്‌ഫോം നിർണായക പങ്ക് വഹിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യകളുമായി എൻ.യു-ഐക്യു പ്ലാറ്റ്‌ഫോം
മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിൽ നിരവധി ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വേരിയബിൾ റേഷിയോ സ്റ്റിയറിങ് റാക്ക്, ആക്ടീവ് ഡാംപറുകളോടെയുള്ള അഞ്ച് ലിങ്ക് റിയർ സസ്പെൻഷൻ, പുതിയ ഡൊമെയ്ൻ ആർക്കിടെക്ചർ ആയ എൻ.യു-യു.എക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എൻ.യു-ഐക്യു പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന വിഷൻ ശ്രേണി വാഹനങ്ങൾ ബി.എൻ.സി.എ.പി, യൂറോ എൻ.സി.എ.പി, എ.എൻ.സി.എ.പി തുടങ്ങിയ ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് നേടാൻ ലക്ഷ്യമിട്ടാണ് വികസിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയും ബ്രിട്ടനിലെ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പും ചേർന്നാണ് വിഷൻ കോൺസെപ്റ്റ് വാഹനങ്ങളുടെ ഡിസൈൻ ഒരുക്കിയത്.
വിഷൻ എക്സ്: എക്സ്യുവി 3എക്സ്ഒയ്ക്ക് മുകളിലുള്ള മോഡൽ
വിഷൻ എസ് പുറത്തിറക്കിയതിന് പിന്നാലെ, വിഷൻ എക്സ് കോൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു എസ്.യു.വി അവതരിപ്പിക്കാനും മഹീന്ദ്ര ഒരുങ്ങുന്നതായാണ് സൂചന. കമ്പനിയുടെ നിലവിലെ നിരയിൽ എക്സ്യുവി 3എക്സ്ഒയ്ക്ക് മുകളിലുള്ള സ്ഥാനം ഈ വാഹനത്തിന് ലഭിച്ചേക്കും. കോൺസെപ്റ്റ് മോഡലിന് സമാനമായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ക്രോസ്ഓവർ ശൈലിയിലുള്ള ഡിസൈനും പുതിയ എസ്.യു.വിയിൽ പ്രതീക്ഷിക്കാം. 2027ഓടെ ഈ മോഡൽ വിപണിയിലെത്താൻ സാധ്യതയുണ്ട്.
പെട്രോൾ മുതൽ ഇലക്ട്രിക് വരെ വിവിധ ഓപ്ഷനുകൾ
എൻയു-ഐക്യു പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന പുതിയ എസ്‍യുവികളുടെ കൃത്യമായ പവർട്രെയിൻ വിവരങ്ങൾ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. എന്നാൽ പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങി വിവിധ ഓപ്ഷനുകളോടെയാകും വാഹനങ്ങൾ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വിഷൻ എസ്.യു.വി ശ്രേണിയിലൂടെ ഇലക്ട്രിക് വാഹന മേഖലയിലും പരമ്പരാഗത വാഹന വിപണിയിലും തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.


