Asianet News MalayalamAsianet News Malayalam

33 ലക്ഷത്തിന്‍റെ സൂപ്പർ ബൈക്ക്, ഹിമാചൽ നമ്പർ, അതും വ്യാജം; പൊക്കി എംവിഡി, കൊച്ചിയിൽ യുവാവിന് പണി കിട്ടി

ലക്ഷ്വറി ടാക്സ് വെട്ടിക്കുന്നതിന് വ്യാജ മേൽവിലാസത്തിൽ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത ശേഷം എറണാകുളത്ത് ഉപയോഗിച്ച് വരുകയായിരുന്ന ബൈക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

motor-vehicle-department-seized luxury bike without valid registration in kochi vkv
Author
First Published Sep 27, 2023, 9:49 AM IST | Last Updated Sep 27, 2023, 9:49 AM IST

കൊച്ചി: നികുതി വെട്ടിക്കാൻ അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആഡംബര ബൈക്ക് എറണാകുളം പെരുമ്പാവൂരില്‍ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റെ വിഭാഗം പിടികൂടി. വാഹന പരിശോധനക്കിടെയാണ് 33 ലക്ഷം വില വരുന്ന ബൈക്ക് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ ഇന്ത്യൻറെ റോഡ്മാസ്റ്റർ എന്ന സൂപ്പർ ബൈക്കാണ് എംവിഡി പൊക്കിയത്. 

ലക്ഷ്വറി ടാക്സ് വെട്ടിക്കുന്നതിന് വ്യാജ മേൽവിലാസത്തിൽ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത ശേഷം എറണാകുളത്ത് ഉപയോഗിച്ച് വരുകയായിരുന്ന ബൈക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശി ദീപു പൗലോസിന്‍റെ പേരിൽ ആണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരുന്നത്. മേൽവിലാസത്തിന് ആയി സമർപ്പിച്ചിരുന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹിമാചൽ പ്രദേശ് ആർ.ടി.ഓ ഈ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രേഖകൾ ഒന്നും ഇല്ലാതെയാണ് ഈ വാഹനം എറണാംകുളത്ത് ഉപയോഗിച്ച് വന്നിരുന്നത്. അതിനിടെ ഈ വാഹനം പെരുമ്പാവൂർ സ്വദേശിക്ക് കൈമാറുകയും ചെയ്തു.വാഹനപരിശോധനക്കിടയാണ് പെരുമ്പാവൂർ ഒക്കലിൽ വച്ച് എറണാകുളം എൻഫോഴ്സ്മെന്‍റ്  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസ ചിദംബരത്തിന്‍റെ നേതൃത്വത്തിൽ ബൈക്ക് പിടിച്ചെടുത്തത്. ഏകദേശം 7 ലക്ഷത്തോളം രൂപ നികുതി അടക്കാനുണ്ട്. 

നികുതി അടച്ച് രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഇനി വാഹനം ഉടമക്ക് തിരിച്ചു നൽകുകയുള്ളൂവെന്ന് എംവിഡി വ്യക്തമാക്കി. ഇത്തരത്തിൽ വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നതിന് ചില ഡീലർമാർ ഒത്താശ ചെയ്യുന്നതായും സംശയമുണ്ട്. ഇതു സംബന്ധിച്ചും മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നികുതിവെട്ടിക്കാൻ അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് ആഡംബര ബൈക്ക് പിടികൂടി- വീഡിയോ സ്റ്റോറി

Read More : ‘എന്‍റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം, നിങ്ങളോടൊന്നും പറയാനില്ല’; 11 മാസം ജയിലിൽ, ഗ്രീഷ്മയുടെ പ്രതികരണം

Latest Videos
Follow Us:
Download App:
  • android
  • ios