Asianet News MalayalamAsianet News Malayalam

Royal Enfield Classic 350 : നാലു മാസം, ഒരുലക്ഷം യൂണിറ്റുകള്‍, കുതിച്ചുപാഞ്ഞ് ക്ലാസിക് 350

പുതുതലമുറ ക്ലാസിക് 350 മോട്ടോർ സൈക്കിളുകളുടെ നിർമ്മാണം ആദ്യലക്ഷം പിന്നിട്ടു. ഈ ഉൽപ്പാദന നാഴികക്കല്ല് വരുന്നത് നിരവധി നിർമ്മാണ പരിമിതികൾക്കിടയില്‍

New Royal Enfield Classic 350 crosses 1 lakh production milestone
Author
Mumbai, First Published Dec 16, 2021, 2:47 PM IST

ക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്‍റെ (Royal Enfield) പുതുതലമുറ ക്ലാസിക് 350 മോട്ടോർ സൈക്കിളുകളുടെ നിർമ്മാണം ആദ്യലക്ഷം പിന്നിട്ടു.  കമ്പനി പ്ലാന്‍റിൽ നിന്ന് 1,00,000-ാമത് മോട്ടോർസൈക്കിൾ പുറത്തിറങ്ങിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ന്യൂ-ജെൻ ക്ലാസിക്കിനെ 2021 സെപ്റ്റംബറിൽ ആണ് കമ്പനി പുറത്തിറക്കിയത്.  ഇന്ത്യയെ കൂടാതെ യൂറോപ്പ്, ദക്ഷിണേഷ്യ, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഈ ബൈക്ക് വിറ്റഴിക്കപ്പെടുന്നു.

ഈ ഉൽപ്പാദന നാഴികക്കല്ല് വരുന്നത് നിരവധി നിർമ്മാണ പരിമിതികൾക്കിടയിലാണ് എന്നതാണ് പ്രത്യേകത. മറ്റു പല വാഹന നിര്‍മ്മാതാക്കളെയും പോലെ കൊവിഡ് 19 വ്യാപനം, തുടര്‍ന്നുള്ള ലോക്ക്ഡൗണുകൾ, നിയന്ത്രണങ്ങൾ, വിപണി മാന്ദ്യം എന്നിവയ്ക്കിടയിൽ ഉൽപ്പാദന കാലതാമസം നേരിടുന്നു. ഇത് ക്ലാസിക് 350 നായി നീണ്ട കാത്തിരിപ്പിന് കാരണമായി.

ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കടും ചുവപ്പും കാപ്പി കളറും സംഗമിക്കുന്ന ബർഗണ്ടി നിറമുള്ളതും വിഭജിച്ചതുമായ സീറ്റ് സഹിതമെത്തുന്ന ബൈക്കിൽ പഴമയുടെ സ്പർശമുള്ള സ്വിച് ഗീയർ, ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവയും ക്ലാസിക്കിന്റെ ഹെഡ്‍ലൈറ്റ് അസംബ്ലിയിൽ ഇടംപിടിക്കുന്നുണ്ട്.  ഔദ്യോഗികമായി റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന അക്സസറികൾ സഹിതമായിരുന്നു 2021 ക്ലാസിക് 350 മോട്ടോർ സൈക്കിളിന്റെ വരവ്. 

കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുത്തന്‍ ക്ലാസിക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.

2021 ക്ലാസിക് 350 അതിന്റെ മുൻഗാമിയോട് ഏതാണ്ട് സമാനമാണെന്ന് തോന്നാമെങ്കിലും വാസ്‍തവത്തിൽ, പുതുക്കിയ ബൈക്കിലെ മിക്കവാറും എല്ലാ ഘടകങ്ങളും പുതിയതാണ്. ഇതിന്‍റെ ഫലമായി, ക്ലാസിക് 350 വാങ്ങുന്നതിന് മുമ്പത്തേക്കാൾ അൽപ്പം ചെലവേറിയതായി മാറി. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

'കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'

പുതിയ മീറ്റിയോർ 350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ ക്ലാസിക്ക് മോഡല്‍. ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്‌ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിച്ചിരിക്കുന്നത്.  റെട്രോ ക്ലാസിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള ഡിസൈനുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം ബെസല്‍ നല്‍കിയുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റര്‍, ക്രോം ആവരണം നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, ടിയര്‍ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകള്‍ തുടങ്ങിയവയാണ് ഡിസൈനിങ്ങില്‍ സ്റ്റൈലിഷാക്കുന്നത്. 

വർഷങ്ങളായി റോയൽ എൻഫീൽഡിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350. ഒരു വ്യാഴവട്ടം മുമ്പ് 2009ൽ പുറത്തിറങ്ങിയശേഷം, ഇന്ത്യയിൽ 30 ലക്ഷം ക്ലാസിക് 350 ബൈക്കുകളാണ്​ വിറ്റത്​. റോയൽ എൻഫീൽഡിന്‍റെ വിൽപ്പനയുടെ 60 മുതല്‍ 70 ശതമാനെ വരെയും കയ്യാളുന്നത്  ഈ ബൈക്ക്​ തന്നെയാണ്. 

പുതിയ ക്ലാസിക്​ 350​യുടെ യഥാർഥ മൈലേജ് എത്ര?

ഇനി വരാനിരിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെപ്പറ്റി പരിശോധിക്കുകയാണെങ്കില്‍ റോയൽ എൻഫീൽഡ് ഹിമാലയന്റെ ഒരു പുതിയ വേരിയന്റ് പരീക്ഷണയോട്ടത്തിലാണ്. കൂടാതെ ബൈക്ക് നിർമ്മാതാവ് ബുള്ളറ്റ് / ഇലക്‌ട്ര ശ്രേണിയും അപ്‌ഡേറ്റ് ചെയ്‌തേക്കാം. ഇരട്ട സിലിണ്ടർ ക്രൂയിസർ, 650 സിസി ഷോട്ട്ഗൺ എന്നിവ പോലെയുള്ള പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.  

Follow Us:
Download App:
  • android
  • ios