സുസുക്കി ആക്സസ് 125 സ്കൂട്ടറിന്റെ പുതിയ പതിപ്പ് 'റൈഡ് കണക്ട്' പുറത്തിറങ്ങി. 4.2 ഇഞ്ച് ടിഎഫ്‍ടി ഡിസ്‌പ്ലേ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പുതിയ കളർ ഓപ്ഷൻ എന്നിവയാണ് പ്രധാന സവിശേഷതകൾ. എക്സ്-ഷോറൂം വില 1,01,90 രൂപ.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL), ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ്  ആക്‌സസ്. ഇപ്പോഴിതാ കമ്പനി ആക്സസിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കി. റൈഡ് കണക്ട് എന്നാണ് ഇതിന്റെ പേര്. ശ്രദ്ധേയമായ ഫീച്ചർ അപ്‌ഗ്രേഡുകളോടെയാണ് സുസുക്കി 2025 ആക്‌സസ് 125 ലൈനപ്പ് പുറത്തിറക്കിയത്.

1,01,90 രൂപയാണ് ഈ സ്‍കൂട്ടറിന്‍റെ എക്സ്-ഷോറൂം വില. പേൾ മാറ്റ് അക്വാ സിൽവർ എന്ന പുതിയ കളർ ഓപ്ഷനാണ് സ്കൂട്ടറിന് നൽകിയിരിക്കുന്നത്. പുതിയ 4.2 ഇഞ്ച് നിറമുള്ള ടിഎഫ്‍ടി ഡിസ്‌പ്ലേയിൽ തിളക്കമുള്ള ദൃശ്യങ്ങൾ, വേഗത്തിലുള്ള റീഫ്രെഷ് നിരക്കുകൾ, ഉയർന്ന കോൺട്രാസ്റ്റ് അനുപാതം, കൂടുതൽ കൃത്യമായ വർണ്ണ റെൻഡറിംഗ് എന്നിവ ഉൾപ്പെടുന്നു. ഇവ കാരണം ഡിസ്‌പ്ലേ ഒരു ക്ലീനർ ഇന്റർഫേസും മികച്ച ദൃശ്യപരതയും വാഗ്ദാനം ചെയ്യുന്നു. എല്ലാ ലൈറ്റിംഗ് സാഹചര്യങ്ങളിലും മെച്ചപ്പെട്ട വായനാക്ഷമത റൈഡർമാർക്ക് ലഭിക്കും. കൂടാതെ യൂണിറ്റ് സുസുക്കിയുടെ റൈഡ് കണക്ട് പ്ലാറ്റ്‌ഫോം വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയെ സംയോജിപ്പിക്കുന്നു.

സുസുക്കി ആക്‌സസ് 125 4 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് ലഭ്യമാകുന്നത്. ഈ സ്‍കൂട്ടറന്‍റെ എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2025 സുസുക്കി ആക്‌സസ് 125 അതേ 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്നാണ് പവർ സ്വീകരിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 8.3 ബിഎച്ച്പി പവറും 10.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർ ഒബിഡി-2ബി മാനദണ്ഡങ്ങൾ പാലിക്കുന്നു. 5.3 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയും സീറ്റിനടിയിൽ 24.4 ലിറ്റർ സംഭരണശേഷിയും സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ഡിസ്‍ക്, റിയർ ഡ്രം ബ്രേക്കുകൾക്കൊപ്പം, സുസുക്കി ആക്സസ് 125 രണ്ട് വീലുകളിലും കോമ്പി ബ്രേക്കിംഗ് സിസ്റ്റവുമായി വരുന്നു. ഈ ആക്‌സസ് 125 സ്‌കൂട്ടറിന്റെ ഭാരം 106 കിലോഗ്രാം ആണ്. 5.3 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി.

നഗര റൈഡര്‍മാരുടെ വിശ്വസ്ത കൂട്ടാളിയാണ് സുസുക്കി ആക്‌സസ് എന്നും ഈ ഏറ്റവും പുതിയ അപ്‌ഗ്രേഡിലൂടെ, ആധുനിക പ്രവര്‍ത്തനക്ഷമതയുടെയും ദൃശ്യ ആകര്‍ഷണത്തിന്റെയും ഒരു പുതിയ രീതി അവതരിപ്പിക്കുന്നു എന്നും സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ് ആൻഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപക് മുട്രേജ പറഞ്ഞു. . പുതിയ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ഗംഭീരമായ കളര്‍ ഓപ്ഷനും ആക്‌സസിന്റെ പ്രധാന മൂല്യങ്ങളായ സുഖസൗകര്യങ്ങള്‍, വിശ്വാസ്യത, കാര്യക്ഷമത എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ദൈനംദിന റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.