റോയൽ എൻഫീൽഡ് ഇലക്ട്രിക് ഹിമാലയന്റെ പുതിയ ടെസ്റ്റ് പതിപ്പിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു.
രാജ്യത്തെ താങ്ങാനാവുന്ന വിലയുള്ള ടൂറിംഗ്, അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ മുൻനിര മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ . സാങ്കേതികവിദ്യയിൽ പുതിയ മുന്നേറ്റങ്ങളുമായാണ് പുതുതലമുറ ഹിമാലയൻ എത്തുന്നത്. കരുത്തുറ്റ ടൂറിംഗ് ബൈക്കുകൾക്ക് പേരുകേട്ട ബ്രാൻഡ്, രണ്ട് പ്രധാന കൂട്ടിച്ചേർക്കലുകളോടെ ഹിമാലയൻ പരമ്പര വിപുലീകരിക്കാൻ ഒരുങ്ങുകയാണ്ശ. ക്തമായ ഹിമാലയൻ 750 ഉം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിമാലയൻ ഇലക്ട്രിക് (HIM-E) പതിപ്പും.
2024 നവംബറിൽ, റോയൽ എൻഫീൽഡ് ഇലക്ട്രിക് ഹിമാലയന്റെ രണ്ടാമത്തെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചു. അതിനെ ഇലക്ട്രിക് ഹിമാലയൻ പതിപ്പ് 2.0 എന്ന് വിളിക്കുന്നു. റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ലഡാക്കിന് സമീപത്തുള്ള ഖാർദുങ് ലാ പാസിലെ ദുർഘടമായ റോഡുകൾ ഉൾപ്പെടെ രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില സാഹചര്യങ്ങളിൽ പ്രോട്ടോടൈപ്പുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോട്ടുകൾ. ഇപ്പോഴിതാ ടെസ്റ്റ് പതിപ്പിന്‍റെ പുതിയ ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടിരിക്കുന്നു.
ലഡാക്കിൽ ഇലക്ട്രിക്ക് ഹിമാലയൻ പരീക്ഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് കമ്പനി പങ്കുവച്ചത്. മെയിൻഫ്രെയിം, സബ്ഫ്രെയിം, സ്വിംഗാർ തുടങ്ങിയവ ഉൾപ്പെടെ ടെസ്റ്റ് പതിപ്പിൽ എല്ലായിടത്തും അലുമിനിയം വ്യാപകമായി ഉപയോഗിച്ചിരിക്കുന്നതായികാണാം. ലഗേജ് മൗണ്ടുകൾ, ഹീൽ പാഡുകൾ, ബാറ്ററി കേസ് എന്നിവയും അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഉയരമുള്ള ഒരു വിൻഡ്‌സ്‌ക്രീൻ ഹിമാലയന്റെ മുഖമുദ്രയാണ്. ഇലക്ട്രിക് പതിപ്പിലും ഇത് കാണാം. ഹിമാലയൻ ഇലക്ട്രിക്ക്പതിപ്പ് 2.0-ൽ കണ്ടതിന് സമാനമായ ഒരു ഇന്ധന ടാങ്ക് , സിംഗിൾ-പീസ് സീറ്റ് തുടങ്ങിയവ ടെസ്റ്റ് പതിപ്പിൽ ലഭിക്കുന്നു. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും ഈ ബൈക്കിൽ ഉണ്ട്. ഇതിന് 7 ഇഞ്ച് വലിപ്പമുള്ള ഒരു സ്‌ക്രീനും ലഭിക്കുന്നു.
യുഎസ്ഡി ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഓഹ്ലിൻസ് പിൻ മോണോഷോക്കും ഉള്ള പൂർണ്ണമായി ക്രമീകരിക്കാവുന്ന സസ്പെൻഷൻ സജ്ജീകരണമാണ് മോട്ടോർസൈക്കിളിനുള്ളത്. രണ്ട് അറ്റത്തും സിംഗിൾ ഡിസ്കുകളും കാണാം. ബ്രിഡ്ജ്സ്റ്റോൺ ബാറ്റ്ലാക്സ് അഡ്വഞ്ചർ ക്രോസ് ടയറുകളിൽ പൊതിഞ്ഞ സ്പോക്ക്ഡ് പ്ലാറ്റിനം വീലുകളിലാണ് ടെസ്റ്റ് പതിപ്പ് ഓടുന്നത്.
ഇലക്ട്രിക് ഹിമാലയൻ നിലവിൽ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിരവധി മെച്ചപ്പെടുത്തലുകൾ ഈ ബൈക്കിൽ ലഭിക്കുമെന്ന് റോയൽ എൻഫീൽഡ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പ്രൊഡക്ഷൻ-റെഡി പതിപ്പ് അന്തിമമാക്കുന്നതിന് മുമ്പ് ഒന്നിലധികം പ്രോട്ടോടൈപ്പ് മോഡലുകൾ നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഔദ്യോഗിക ലോഞ്ച് കുറച്ച് വർഷങ്ങൾക്കുള്ളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
