Asianet News MalayalamAsianet News Malayalam

ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയിലേക്ക് സിപിംള്‍ വണ്‍; ബുക്കിങ് 30000 കവിഞ്ഞു

മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് ബൈക്കിന്റെ വേഗത. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
 

simple one electric scooter booking surpass 30,000
Author
Bengaluru, First Published Aug 22, 2021, 10:26 AM IST
  • Facebook
  • Twitter
  • Whatsapp

സ്വാതന്ത്ര്യ ദിനത്തിലാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇ വി സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ സിംപിള്‍ വണ്‍ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഇ വി യുദ്ധത്തില്‍ നിശബ്ദ വിപ്ലവത്തിനാണ് സിംപിള്‍ വഴിയൊരുക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാരണം  ചുരുങ്ങിയ ദിവസങ്ങള്‍ക്കകം 30,000ത്തോളം ബുക്കിംഗുകളാണ് സ്‌കൂട്ടറിന് ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരസ്യ കോലാഹലങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെയാണ് സിമ്പിള്‍ വണ്‍ നിരത്തിലെത്തിയത്. അതുകൊണ്ടു തന്നെ സീറോ മാര്‍ക്കറ്റിംഗിലൂടെ ലഭിച്ച ഈ ജനപ്രിയതയെ ഏറെ വിലമതിക്കുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ ബെംഗലുരുവിലാണ് സ്‌കൂട്ടറിന്റെ പുറത്തിറക്കല്‍ ചടങ്ങ് നടന്നത്.  1.10 ലക്ഷം രൂപയാണ് വാഹനത്തിന് വില. 1,947 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷത്തിന്റെ സ്മരണയിലാണ് ബുക്കിംഗ് തുക 1947 ആയി നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ ഫീച്ചറുകളും, സവിശേഷതകളും സിമ്പിള്‍ വണ്‍ സ്‌കൂട്ടറിനുണ്ടായിരിക്കും. ഈ മോഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ക്ലൗഡിലെ ഡസ്സോള്‍ട്ട് സിസ്റ്റംസിന്റെ ത്രിഡി എക്‌സ്പീരിയന്‍സ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായി സിമ്പിള്‍ വണ്‍ മാറുമെന്നും കമ്പനി അവകാശപ്പെടുന്നു.

നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് സിമ്പിള്‍ ഇ വിയുടെ പ്രത്യേകതയാണ്. ബാറ്ററി പാക്കിന് ആറ് കിലോഗ്രാമില്‍ കൂടുതല്‍ ഭാരം വരും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 203 കിലോമീറ്ററും ഐഡിയല്‍ ഡ്രൈവിങ് കണ്ടീഷനുകളില്‍ 236 കിലോമീറ്ററും റേഞ്ച് നല്‍കും. മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് ബൈക്കിന്റെ വേഗത. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററിയുടെ ഒപ്പം വലിയ ടച്ച് സ്‌ക്രീന്‍, ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 30 ലിറ്റര്‍ ബൂട്ട് സ്പേസ്, 4.8 കെ ഡബ്ല്യു എച്ച് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് എന്നിവയാണ് സിമ്പിള്‍ വണ്ണിന്റെ സവിശേഷതകള്‍.  സിമ്പിള്‍ വണ്ണിന് സ്‌പോര്‍ട്‌സ് മോഡും നല്‍കിയിട്ടുണ്ട്. അതില്‍ റേഞ്ച് കുറയുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ടച്ച് സ്‌ക്രീന്‍ റൈഡര്‍ ഡിസ്‌പ്ലേ, 30 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവ വാഹനം വാഗ്ദാനം ചെയ്യുന്നു. 110 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം. 200 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കാണ് ഇതിലുള്ളത്. കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, ഓണ്‍-ബോര്‍ഡ് നാവിഗേഷന്‍, ജിയോ-ഫെന്‍സിങ്, എസ്ഒഎസ് സന്ദേശം, ഡോക്യുമെന്റ് സ്റ്റോറേജ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകളും വണ്ണിലുണ്ട്. ചുവപ്പ്, വെള്ള, കറുപ്പ്, നീല എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്.

നിലവില്‍ വിപണിയിലെ ഹിറ്റ് വാഹനമായ ഹോണ്ട ആക്ടീവ സിക്‌സ് ജിയുടെ പെട്രോള്‍ ടാങ്ക് 5.3ലിറ്ററാണ്. ഈ ടാങ്കില്‍ മുഴുവനും ഇന്ധനം നിറച്ചാല്‍ വാഹനത്തിന് ഓടാനാവുക 260 കിലോമീറ്ററാണ്. അപ്പോള്‍ ഏകദേശം ലഭിക്കുന്ന മൈലേജ് 50 കിലോമീറ്റര്‍ ആയിരിക്കും. അതുകൊണ്ടുതന്നെ സിംപിള്‍ വണ്ണിന് കമ്പനി പറയുന്ന റേഞ്ച് ലഭിക്കുകയാണെങ്കില്‍ അത് വിപ്ലവകരമായിരിക്കുമെന്ന് ഉറപ്പ്.

ആദ്യഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ സിമ്പിള്‍ വണ്‍ ലഭ്യമാകും. സ്‌കൂട്ടറിന്റെ പേരിന്റെ രജിസ്‌ട്രേഷന്‍ അടുത്തിടെ കമ്പനി പൂര്‍ത്തിയാക്കിയിരുന്നു.  കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ദില്ലി, രാജസ്ഥാന്‍, ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ് വണ്‍ ആദ്യമായി എത്തുന്ന സംസ്ഥാനങ്ങള്‍. എന്നാല്‍ വാഹനം കേരളത്തില്‍ എവിടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios