ബെംഗളൂരു ആസ്ഥാനമായുള്ള അൾട്രാവയലറ്റ്, ടെസറാക്റ്റ് ഇലക്ട്രിക് സ്കൂട്ടറും ഷോക്ക്‌വേവ് ഇലക്ട്രിക് ബൈക്കും പുറത്തിറക്കി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരുചക്രവാഹന വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് അൾട്രാവയലറ്റ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ ടെസറാക്റ്റും പുതിയ ഇലക്ട്രിക് ബൈക്ക് ഷോക്ക്‌വേവും ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. ബെംഗളൂരുവിൽ നടന്ന കമ്പനിയുടെ ഫാസ്റ്റ് ഫോർവേഡ് ഇന്ത്യ '25 പരിപാടിയിൽ പ്രഖ്യാപിച്ച പുതിയ ഓഫറുകൾ, ഇന്ത്യയിലെയും ആഗോള വിപണികളിലെയും മുഖ്യധാരാ ഇരുചക്രവാഹനങ്ങളിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കാനുള്ള അൾട്രാവയലറ്റിന്റെ നീക്കത്തെ എടുത്തുകാണിക്കുന്നു. ഇതാ ഈ രണ്ട് മോഡലുകളെപ്പറ്റി ഇതാ അറിയേണ്ടതെല്ലാം.

അൾട്രാവയലറ്റ് ഷോക്ക് വേവ്
അൾട്രാവയലറ്റ് പോർട്ട്‌ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞ മോട്ടോർസൈക്കിളാണിത്. ഡേർട്ട് ബൈക്കിന്റെ ലുക്കും ഡിസൈനുമുള്ള ഈ മോട്ടോർസൈക്കിളിന്റെ ആരംഭ വില 1.49 ലക്ഷം രൂപയാണ്. ആദ്യത്തെ 1,000 ബൈക്കുകളുടെ വിൽപ്പനയ്ക്ക് മാത്രമേ ഈ വില ബാധകമാകൂ. ഇതിനുശേഷം ഈ മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില 1.75 ലക്ഷം രൂപയാകും. നേരത്തെ, കമ്പനി F77 സീരീസ് അവതരിപ്പിച്ചിരുന്നു, അതിന്റെ വില 2.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. വെറും 120 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന്റെ ഇലക്ട്രിക് മോട്ടോർ 14.7 എച്ച്പി പവറും 505 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 2.9 സെക്കൻഡിനുള്ളിൽ ഈ ബൈക്കിന് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. മുന്നിൽ 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലുമാണ് ഇതിനുള്ളത്. മുന്നിൽ 270 എംഎം ഡിസ്‍ക് ബ്രേക്കും പിന്നിൽ 220 എംഎം ഡിസ്‍ക് ബ്രേക്കും ഇതിലുണ്ട്.

വെറും 120 കിലോഗ്രാം ഭാരമുള്ള ഒരു ഭാരം കുറഞ്ഞ മോട്ടോർസൈക്കിളാണിത്. ഓഫ്‌റോഡ് സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ബൈക്ക്. മോശം റോഡുകളിൽ പോലും എളുപ്പത്തിൽ ഓടാൻ ഇത് സഹായിക്കുന്നു. ഒറ്റ ചാർജിൽ 165 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് ബൈക്കിന് കഴിയുമെന്ന് അൾട്രാവയലറ്റ് അവകാശപ്പെടുന്നു. എങ്കിലും, ഇത് ഡ്രൈവിംഗ് ശൈലിയെയും റോഡിന്റെ അവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു. മുൻവശത്ത് 37 mm അപ്-സൈഡ്-ഡൗൺ (USD) ഫോർക്ക് സസ്‌പെൻഷനാണുള്ളത്. പിന്നിൽ മോണോഷോക്ക് സസ്‌പെൻഷൻ ലഭ്യമാണ്. സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഷോക്ക്‌വേവിന് 4-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും സ്വിച്ചബിൾ എബിഎസും ഉണ്ട്. എൽടിഇ അധിഷ്ഠിത ഇ-സിം കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് പെയറിംഗ് എന്നിവ ഇതിലുണ്ട്. ഇതിനുപുറമെ, 6-ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഈ ബൈക്കിൽ ലഭ്യമാണ്. രണ്ട് നിറങ്ങളിലാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

അൾട്രാവയലറ്റ് ഈ ഇലക്ട്രിക് ബൈക്കിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വെറും 999 രൂപയ്ക്ക് ഈ ബൈക്ക് ബുക്ക് ചെയ്യാം. ഇലക്ട്രിക് സ്കൂട്ടർ പോലെ, അടുത്ത വർഷം ആദ്യ പാദത്തിൽ ഈ ബൈക്കിന്റെയും വിതരണം കമ്പനി ആരംഭിക്കും.

അൾട്രാവയലറ്റ് ടെസറാക്റ്റ്
അൾട്രാവയലറ്റിന്‍റെ ആദ്യത്തെ ഇലക്ട്രിക്ക് സ്‍കൂട്ട‍ർ മോഡലാണിത്. ഇതുവരെ ഹെവി ഇലക്ട്രിക് ബൈക്കുകൾക്ക് പേരുകേട്ട അൾട്രാവയലറ്റിൽ നിന്നുള്ള ഈ ആദ്യ സ്കൂട്ടർ വളരെ ആകർഷകമാണ്. ടെസറാക്റ്റ് ഇലക്ട്രിക് സ്കൂട്ടർ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഇതിൽ ഡെസേർട്ട് സാൻഡ്, സ്റ്റെൽത്ത് ബ്ലാക്ക്, സോണിക് പിങ്ക് എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമെ, സ്‍കൂട്ടറിന്റെ സ്പോർട്ടി ലുക്കും യൂട്ടിലിറ്റിയും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ആക്‌സസറികളും സ്കൂട്ടറിനൊപ്പം ലഭ്യമാണ്. ടെസറാക്റ്റ് സ്‍കൂട്ടറിൽ നൽകിയിരിക്കുന്ന ബാറ്ററിയുടെ ശേഷി അൾട്രാവയലറ്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സ്‍കൂട്ടർ ഒറ്റ ചാർജിൽ 261 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സ്‍കൂട്ടറിന് വെറും 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിന്റെ ഇലക്ട്രിക് മോട്ടോർ പരമാവധി 20.4 എച്ച്പി പവർ ഉത്പാദിപ്പിക്കുന്നു, പരമാവധി വേഗത മണിക്കൂറിൽ 125 കിലോമീറ്ററാണ്.

ഈ ഇലക്ട്രിക് സ്‍കൂട്ടർ വളരെ ലാഭകരമാണെന്ന് അൾട്രാവയലറ്റ് അവകാശപ്പെടുന്നു. ഇതിന്റെ നടത്തിപ്പ് ചെലവ് വളരെ കുറവാണ്. 100 രൂപയ്ക്ക് ചാർജ് ചെയ്താൽ ടെസെറാക്റ്റ് സ്കൂട്ടറിന് 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ, ഒരു മണിക്കൂറിനുള്ളിൽ 0-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. റിവർ ഇൻഡിക്ക് ശേഷം, 14 ഇഞ്ച് വീലുള്ള രാജ്യത്തെ രണ്ടാമത്തെ ഇലക്ട്രിക് സ്‍കൂട്ടറാണിത്. മോശം റോഡുകളിൽ പോലും എളുപ്പത്തിൽ ഓടാൻ ഇത് സഹായിക്കും. F77 ബൈക്കിന് സമാനമായി, ഡ്യുവൽ-ചാനൽ ABS, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിന് ലഭിക്കുന്നു. ഇതിന് 34 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നു, ഇതിനായി നിങ്ങൾക്ക് ഒരു ഫുൾ-ഫേസ് ഹെൽമെറ്റ് അതിനുള്ളിൽ ഘടിപ്പിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സാങ്കേതിക ഭാഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ടെസെറാക്ടിന് 7 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ടിഎഫ്‍ടി ഡിസ്‌പ്ലേയും ഹാപ്‌റ്റിക് ഫീഡ്‌ബാക്കുള്ള ഹാൻഡിൽബാറും ഉണ്ട്. ഇതിന് മുന്നിലും പിന്നിലും ഡാഷ്‌കാം ലഭിക്കുന്നു. ഇന്ത്യൻ വിപണിയിലെ മറ്റൊരു ഇലക്ട്രിക് സ്‍കൂട്ടറിലും ഇത് ലഭ്യമല്ല. ഇതിനുപുറമെ, സ്‍മാർട്ട്‌ഫോണിന് വയർലെസ് ചാർജിംഗ് സൗകര്യവും നൽകുന്നുണ്ട്.

പുതിയ അൾട്രാവയലറ്റ് ടെസറാക്റ്റ് ഇലക്ട്രിക് സ്‍കൂട്ടർ 1.45 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. എന്നാൽ ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് വളരെ കുറഞ്ഞ വിലയ്ക്ക് ഈ സ്‍കൂട്ടർ വാങ്ങാനുള്ള മികച്ച അവസരമുണ്ട്. ആദ്യത്തെ 10,000 സ്‍കൂട്ടറുകൾക്ക് കമ്പനി 1.20 ലക്ഷം രൂപ മാത്രമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ വിതരണം 2026 ന്റെ ആദ്യ പാദത്തിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.