userpic
user icon
0 Min read

ടിവിഎസ് അപ്പാച്ചെ: 20 വർഷം, 60 ലക്ഷം ഉപഭോക്താക്കൾ!

TVS Apache celebrates 20 Years with 6 million customers
TVS Apache 165 RP

Synopsis

ടിവിഎസ് അപ്പാച്ചെ 2025-ൽ 20 വർഷം പൂർത്തിയാക്കുന്നു. ഈ വേളയിൽ 60 ലക്ഷം ഉപഭോക്താക്കളെന്ന നേട്ടവും സ്വന്തമാക്കി. റേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഈ ബ്രാൻഡ് 60-ൽ അധികം രാജ്യങ്ങളിൽ ലഭ്യമാണ്.

ലോക റേസിങ് സര്‍ക്യൂട്ടില്‍ വിപ്ലവം സൃഷ്ടിച്ച ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ടിവിഎസ് അപ്പാച്ചെ 2025ല്‍ രണ്ട് പതിറ്റാണ്ടിന്റെ മികവ് ആഘോഷിക്കുന്നു. ഇരുപതാം വാര്‍ഷികത്തില്‍ 60 ലക്ഷം ഉപഭോക്താക്കളെന്ന അതുല്യ നേട്ടവും ടിവിഎസ് അപ്പാച്ചെ നേടി എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. അത്യാധുനിക റേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പന ചെയ്‍ത ടിവിഎസ് അപ്പാഷെ, 60ൽ ഏറെ രാജ്യങ്ങളിലായി അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിൽ ഒരെണ്ണം കൂടിയാണ്. 

2005ൽ ആണ് ടിവിഎസ് അപ്പാഷെയുടെ പിറവി. അപ്പാഷെ  150 മോഡലിന്റെ അവതരണം ടിവിഎസിന്റെ പ്രീമിയം സെഗ്‌മെന്റിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു. സെഗ്‌മെന്റിലെ ഒന്നിലധികം സാങ്കേതികവിദ്യകള്‍ ആദ്യമായി അവതരിപ്പിച്ച ടിവിഎസ് അപ്പാച്ചെ മോഡല്‍ കരുത്തുറ്റ പ്രകടനം, സമാനതകളില്ലാത്ത സുരക്ഷ, കാലത്തിനൊത്ത പുതുമ എന്നിവയിലൂടെ ജനപ്രിയ ബ്രാന്‍ഡായി മാറി. ഫാക്ടറി കസ്റ്റമൈസേഷന്‍, (ബില്‍ഡ്-ടു-ഓര്‍ഡര്‍) ബിടിഒ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡ് കൂടിയാണ് ടിവിഎസ് അപ്പാഷെ. റേസിങ് വിഭാഗത്തിനായി അപ്പാച്ചെ ആര്‍ആര്‍ പ്ലാറ്റ്‌ഫോമിലും, സ്ട്രീറ്റ്‌പെര്‍ഫോമന്‍സിനായി അപ്പാച്ചെ ആര്‍ടിആര്‍ പ്ലാറ്റ്‌ഫോമിലുമാണ് ഇതിന്റെ പ്രവര്‍ത്തനം. ബംഗ്ലാദേശ്, നേപ്പാള്‍, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, ഹോണ്ടുറാസ്, ഗിനിയ മേഖല തുടങ്ങിയ പ്രധാന ആഗോള വിപണികളില്‍ ടിവിഎസ് അപ്പാച്ചെയ്ക്ക് വലിയ ജനപ്രീതിയുണ്ട്. യൂറോപ്പിലും (ഇറ്റലി) ടിവിഎസ് അപ്പാച്ചെയുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്. നിലവില്‍ ആഗോളതലത്തില്‍ 300,000ത്തിലധികം റൈഡര്‍മാര്‍ അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പില്‍ (എഒജി) പങ്കാളികളാണ്.

കഴിഞ്ഞ 20 വര്‍ഷമായി കാണിക്കുന്ന വിശ്വാസത്തിനും അഭിനിവേശത്തിനും ടിവിഎസ് അപ്പാച്ചെയുടെ ആറ് ദശലക്ഷത്തിലധികം റൈഡര്‍മാരോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു. ടിവിഎസ് അപ്പാച്ചെയോടുള്ള ഉപഭോക്താക്കളുടെ അതിരുകളില്ലാത്ത സ്‌നേഹം, അപ്പാഷെയെ ആഗോളതലത്തില്‍ അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായി മാറ്റാന്‍ തങ്ങളെ പ്രേരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പാച്ചെ കഴിഞ്ഞ 20 വര്‍ഷമായി പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിങിനെ പുനര്‍നിര്‍വചിക്കുകയും, അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പിലൂടെ ആഗോളതലത്തില്‍ അഭിനിവേശമുള്ള റൈഡര്‍മാരെ ഒന്നിപ്പിക്കുകയും ചെയ്‌തെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു.

Download App

Latest Videos