ടിവിഎസ് മോട്ടോർ കമ്പനി ഒക്ടോബർ-ഡിസംബർ കാലയളവിൽ ഒരു പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഐക്യൂബിന് താഴെയായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം, ഒരു ലക്ഷം രൂപയോ അതിൽ കുറവോ വില പ്രതീക്ഷിക്കുന്നു.

ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ ഐക്യൂബ് ഇലക്ട്രിക് സ്‍കൂട്ടറിന്റെ വിജയത്തിൽ മുന്നേറുകയാണ് . ബജാജ് ഓട്ടോ, ഓല ഇലക്ട്രിക്, ആതർ എനർജി, ഹീറോ വിഡ തുടങ്ങിയ എതിരാളികളെ മറികടന്ന് കഴിഞ്ഞ നാല് മാസമായി തുടർച്ചയായി ഇലക്ട്രിക് വാഹന വിഭാഗത്തിൽ കമ്പനി മുന്നിലാണ്. വിൽപ്പനയിലെ ഈ കുതിപ്പ് നിലനിർത്താൻ ലക്ഷ്യമിട്ട് ഒക്ടോബർ-ഡിസംബർ കാലയളവിൽ ഒരു പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാൻ ടിവിഎസ് ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതേ കാലയളവിൽ തന്നെ കമ്പനി ഒരു പുതിയ ഇലക്ട്രിക് ത്രീ-വീലറും അവതരിപ്പിക്കും.

വരാനിരിക്കുന്ന മോഡലിന്റെ വിശദാംശങ്ങൾ ടിവിഎസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇത് ഒരു എൻട്രി ലെവൽ ഇലക്ട്രിക് സ്‍കൂട്ടറായിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ടിവിഎസ് ഓർബിറ്റർ അല്ലെങ്കിൽ ടിവിഎസ് ഇൻഡസ് എന്ന പേരുകൾ മോഡലിന് നൽകാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഇവി-വൺ', 'ഒ' എന്നീ പേരുകൾക്കായി കമ്പനി ട്രേഡ്‍മാർക്ക് അപേക്ഷകളും ഫയൽ ചെയ്തിട്ടുണ്ട്. അതിനാൽ, വരാനിരിക്കുന്ന ഈ താങ്ങാനാവുന്ന വിലയുള്ള ഇ-സ്‍കൂട്ടറിന് ഏത് പേര് ഉപയോഗിക്കുമെന്ന് കണ്ടറിയണം.

കമ്പനിയുടെ ഉൽപ്പന്ന നിരയിൽ ഐക്യൂബിന് താഴെയായിരിക്കും പുതിയ ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടറിന്റെ സ്ഥാനം. ഐക്യൂബിനെപ്പോലെ, പുതിയ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‍കൂട്ടറിൽ ബോഷിൽ നിന്ന് വാങ്ങുന്ന ഒരു ഹബ്-മൗണ്ടഡ് മോട്ടോർ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. എങ്കിലും, 2.2kWh-ൽ താഴെ ബാറ്ററി ശേഷിയുള്ള ഒരു ശക്തി കുറഞ്ഞ ഇലക്ട്രിക് മോട്ടോറുമായി ഈ സ്‍കൂട്ടർ വരുമെന്ന് പ്രതീക്ഷിക്കുന്നു. സവിശേഷതകളുടെ കാര്യത്തിൽ, ടിവിഎസ് ഓർബിറ്റർ പരിമിതമായ കണക്റ്റിവിറ്റി സവിശേഷതകളുള്ള ഒരു അടിസ്ഥാന എൽസിഡി കൺസോൾ വാഗ്‍ദാനം ചെയ്തേക്കാം.

ടിവിഎസ് ഐക്യൂബ് നിലവിൽ ആറ് വേരിയന്റുകളിൽ ലഭ്യമാണ്. അടിസ്ഥാന 2.2kWh വേരിയന്റിന് 1.08 ലക്ഷം രൂപയും ഉയർന്ന ST 5.1kWh വേരിയന്റിന് 1.60 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. വരാനിരിക്കുന്ന ടിവിഎസ് ഓർബിറ്ററിന് ഒരു ലക്ഷം രൂപയോ അതിൽ കുറവോ വില പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ, പുതിയ ടിവിഎസ് ഇലക്ട്രിക് സ്കൂട്ടർ ഒല എസ് 1 എക്സ്, ബജാജ് ചേതക് എന്നിവയുടെ താഴ്ന്ന വേരിയന്റുകളുമായി മത്സരിക്കും.