ഹോണ്ടയുടെ പുതിയ CB650R, CBR650R മോഡലുകളിൽ ഇ-ക്ലച്ച് സാങ്കേതികവിദ്യ അവതരിപ്പിച്ചു. ക്ലച്ച് ഇല്ലാതെ ഗിയർ മാറ്റാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. മെയ് അവസാന വാരം മുതൽ ഡെലിവറികൾ ആരംഭിക്കും.
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിലെ വാഹന പോർട്ട്‌ഫോളിയോയിൽ ഒരു പ്രധാന അപ്‌ഡേറ്റ് നടത്തിയത്. കമ്പനി തങ്ങളുടെ പ്രശസ്‍ത ബൈക്കുകളായ CB650R, CBR 650R എന്നിവയുടെ പുതുക്കിയ മോഡലുകൾ പുറത്തിറക്കി. ഇതിന്റെ ഏറ്റവും പ്രത്യേകത, ഈ രണ്ട് ബൈക്കുകളിലും കമ്പനിയുടെ പ്രശസ്‍തമായ ഇ-ക്ലച്ച് സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ്. നിലവിൽ, CB650R, CBR650R E ക്ലച്ച് വകഭേദങ്ങൾ ഇന്ത്യയിൽ 'അസിസ്റ്റഡ്' ക്ലച്ച് സിസ്റ്റം ലഭ്യമായ ചുരുക്കം ചില ബൈക്കുകളിൽ ഒന്നാണ്. ബിഎംഡബ്ല്യു R 1300 GS മോഡലിൽ മാത്രമേ ഈ സാങ്കേതികവിദ്യ നേരത്തെ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഈ സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും ഒപ്പം ഈ ബൈക്കുകളുടെ മറ്റുചില പ്രത്യേകതകളും അറിയാം.
എന്താണ് ഇ-ക്ലച്ച് സാങ്കേതികവിദ്യ?
ഇ-ക്ലച്ച് സാങ്കേതികവിദ്യ വളരെ സവിശേഷമായ ഒരു സാങ്കേതികവിദ്യയാണ്. ഓട്ടോമേറ്റഡ് ക്ലച്ച് സിസ്റ്റം ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് മോട്ടോർസൈക്കിളിന് ക്ലച്ച് ഇല്ലാതെ ഗിയർ ഷിഫ്റ്റിംഗ് നൽകാൻ സാധിക്കും. അതായത് പരമ്പരാഗത ബൈക്ക് ഡ്രൈവിംഗ് രീതി പൂർണ്ണമായും മാറും. ഹ്യുണ്ടായ്, കിയ കാറുകളിൽ കാണുന്ന ഐഎംടി (ഇന്റലിജന്റ് മാനുവൽ ട്രാൻസ്‍മിഷൻ) ഗിയർബോക്‌സിനോട് ഈ സാങ്കേതികവിദ്യ ഏറെക്കുറെ സമാനമാണ്. ഈ ഐഎംടി സിസ്റ്റത്തിന് ക്ലച്ച് ഇല്ലെങ്കിലും ഇപ്പോഴും ഒരു മാനുവൽ ഗിയർബോക്‌സ് ലഭിക്കുന്നു, കൂടാതെ ക്ലച്ച് സജീവമാക്കുന്നതിനോ നിർജ്ജീവമാക്കുന്നതിനോ ഗിയർ ലിവറിൽ സ്ഥിതി ചെയ്യുന്ന ഒരു 'ഇന്റലിജന്റ് ഇന്റന്റ് സെൻസർ' ഉപയോഗിക്കുന്നു. ഈ സാങ്കേതികവിദ്യയിൽ ഹോണ്ട ക്ലച്ച് ഉൾപ്പെടുത്തും. പക്ഷേ ഇത് പ്രദർശനത്തിനായി മാത്രമേ നൽകൂ.
ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ക്ലച്ച്
മൾട്ടി-ഗിയർ മോട്ടോർസൈക്കിൾ ട്രാൻസ്‍മിഷനുള്ള ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് ക്ലച്ച് കൺട്രോൾ സിസ്റ്റം ആണിതെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഇത് മൾട്ടി-ഗിയർ മോട്ടോർസൈക്കിൾ ട്രാൻസ്മിഷനിൽ ഉപയോഗിക്കും. ക്ലച്ച് ഉപയോഗിക്കാതെ മോട്ടോർ സൈക്കിൾ സവാരി എളുപ്പമാക്കുക എന്നതാണ് ഈ സാങ്കേതികവിദ്യയുടെ ലക്ഷ്യം. ദൈനംദിന യാത്രക്കാർക്ക് ഈ സാങ്കേതികവിദ്യ ഒരു അനുഗ്രഹമായിരിക്കും.
എങ്ങനെയാണ് ഇ-ക്ലച്ച് പ്രവർത്തിക്കുന്നത്?
എല്ലാത്തരം സാഹചര്യങ്ങളിലും ഓട്ടോമാറ്റിക് ക്ലച്ച് നിയന്ത്രണ സംവിധാനം സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കുന്ന ഇലക്ട്രോണിക് നിയന്ത്രണ സാങ്കേതികവിദ്യയാണ് ഹോണ്ട ഇ-ക്ലച്ചിൽ ഉപയോഗിക്കുന്നത്. മാനുവൽ ക്ലച്ച് പ്രവർത്തനത്തെ അപേക്ഷിച്ച് ഇ-ക്ലച്ച് ഗിയർ ഷിഫ്റ്റിംഗ് കൂടുതൽ സുഖകരവും റൈഡർക്ക് എളുപ്പവുമാക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഏതൊരു മോട്ടോർസൈക്കിളിലെയും പോലെ ഇ-ക്ലച്ച് സിസ്റ്റത്തിനും ഒരു മാനുവൽ ക്ലച്ച് ലിവർ ഉണ്ടായിരിക്കും. പക്ഷേ അത് യാന്ത്രികമായി പ്രവർത്തിക്കും. ഇത് മാനുവലായി പ്രവർത്തിപ്പിക്കാനും കഴിയും. ഗിയർ മാറ്റാൻ ഡ്രൈവർക്ക് വീണ്ടും വീണ്ടും ക്ലച്ച് അമർത്തേണ്ടി വരില്ല എന്നതാണ് പ്രത്യേകത.
കരുത്തും പ്രകടനവും
സ്റ്റാൻഡേർഡ് വേരിയന്റുകളെപ്പോലെ, CB650R, CBR650R എന്നിവയുടെ ഇ-ക്ലച്ച് വേരിയന്റുകളിലും 649 സിസി ലിക്വിഡ്-കൂൾഡ്, ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിൻ 12,000 rpm-ൽ 95 bhp കരുത്തും 9,500 rpm-ൽ 63 ന്യൂട്ടൺ മീറ്റർ (Nm) ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇ-ക്ലച്ച് വേരിയന്റിന്റെ ബാക്കി ചേസിസും ഫീച്ചർ സെറ്റും സ്റ്റാൻഡേർഡ് വേരിയന്റിന് സമാനമായി തുടരുന്നു. എന്നിരുന്നാലും, ഇ-ക്ലച്ച് സംവിധാനം കാരണം, അതിന്റെ ഭാരത്തിൽ 2.8 കിലോഗ്രാം വർദ്ധനവ് ഉണ്ട്.
ഡിസൈൻ
രൂപത്തിലും രൂപകൽപ്പനയിലും ഹോണ്ട CB650R ഉം CBR650R ഉം സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. CB, CBR എന്നിവ കറുപ്പ്, ചുവപ്പ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
വിലയും ബുക്കിംഗും
യഥാക്രമം 9.60 ലക്ഷം രൂപ, 10.40 ലക്ഷം രൂപ എക്സ്-ഷോറൂം വിലകൾ ഉള്ള ഈ വാഹനത്തിന്റെ ബുക്കിംഗുകൾ ഇപ്പോൾ ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകളിലും അവരുടെ വെബ്‌സൈറ്റിലും തുറന്നിരിക്കുന്നു. 2025 മെയ് അവസാന വാരത്തിൽ ഡെലിവറികൾ ആരംഭിക്കും.



