Asianet News MalayalamAsianet News Malayalam

World book day : ഒറ്റത്തവണയെങ്കിലും കാണാൻ കൊതിച്ചുപോകും, വേറിട്ട ചില ലൈബ്രറികൾ!

ഫുജിമോട്ടോ പറയുന്നത് 'ഒരു ലൈബ്രറിയില്‍ നിങ്ങള്‍ക്കാകെ ആവശ്യം പുസ്‍തകങ്ങളും പുസ്‍തകഷെല്‍ഫുകളും വെളിച്ചവും മനോഹരമായ ഇടങ്ങളും മാത്രമാണ്' എന്നാണ്. 

beautiful and unique libraries in the world
Author
Thiruvananthapuram, First Published Apr 23, 2022, 10:46 AM IST

എല്ലാത്തരം കെട്ടിടങ്ങളിലും വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ നടത്തപ്പെടുന്ന കാലമാണിത്. ഇന്‍റീരിയറായാലും എക്സ്റ്റീരിയറായാലും ഓരോ കെട്ടിടവും അതിന്‍റേതായൊരു പ്രത്യേകത നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ലൈബ്രറികളും അതില്‍ നിന്നും വ്യത്യസ്‍തമല്ല. നിങ്ങളൊരു പുസ്‍തകപ്രേമിയാണോ? എങ്കില്‍ തീര്‍ച്ചയായും ഈ ലൈബ്രറികള്‍ നിങ്ങളെ ആകര്‍ഷിക്കുക തന്നെ ചെയ്യും. കെട്ടിലും മട്ടിലും മാത്രമല്ല, പുസ്‍തകശേഖരത്തിലും ഈ വായനശാലകള്‍ക്ക് അതിന്‍റേതായ ചില പ്രത്യേകതകളുണ്ട്. ലോകത്തെമ്പാടുമുള്ള പുസ്‍തകപ്രേമികള്‍ ഒരുവട്ടമെങ്കിലും കാണണമെന്നാഗ്രഹിക്കുന്ന കുറച്ച് ലൈബ്രറികള്‍ പരിചയപ്പെടാം. 

അഡ്‍മോണ്ട് ലൈബ്രറി, അഡ്മോണ്ട്, ഓസ്ട്രിയ: ആല്‍പ്‍സ് പര്‍വതനിരകളുടെ താഴെയായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ലൈബ്രറിയാണ് അഡ്മോണ്ട് ലൈബ്രറി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ മൊണാസ്റ്ററി ലൈബ്രറിയാണിത്.

beautiful and unique libraries in the world

1776 -ൽ വാസ്‍തുശില്‍പിയായ ജോസഫ് ഹ്യൂബർ, ബറോക്ക് ശൈലിയിലാണ് ലൈബ്രറി ഹാൾ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. 230 അടി നീളമുള്ള ഹാളിൽ 200,000 വാല്യങ്ങൾ ഉൾക്കൊള്ളുന്നു. ലൈബ്രറിയുടെ മുകള്‍ഭാഗം മനുഷ്യന്‍റെ അറിവുകളുടെ വിവിധ ഘട്ടത്തെ ചിത്രീകരിച്ചിരിക്കുന്നു. 

ബോസ്റ്റണ്‍ പബ്ലിക് ലൈബ്രറി, ബോസ്റ്റണ്‍, മസാച്യുസെറ്റ്സ്, യുഎസ്എ: യു എസ്സിലെ രണ്ടാമത്തെ വലിയ പൊതുവായനശാലയാണിത്. ഇതിന്‍റെ പ്രവേശന കവാടം, പണിതിരിക്കുന്ന രീതി, വിശാലമായ മുറ്റം, ബേറ്റ്സ് ഹാള്‍ എന്നറിയപ്പെടുന്ന റീഡിംഗ് റൂം എന്നിവയെല്ലാം ചേര്‍ന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്.

beautiful and unique libraries in the world

ആദ്യമായി ലൈബ്രറി തുടങ്ങുന്നതിനായി എല്ലാ സഹായങ്ങളും നല്‍കിയ ജോഷ്വാ ബേറ്റ്‍സിനോടുള്ള ആദരമായിട്ടാണ് റീഡിംഗ് റൂമിന് ബേറ്റ്സ് ഹാള്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. 1852 -ല്‍ എല്ലാവര്‍ക്കും സൗജന്യമായി പ്രവേശനം നല്‍കണമെന്ന കണ്ടീഷണിലാണ് ജോഷ്വാ ലൈബ്രറിയുടെ നിര്‍മ്മാണത്തിന് സാമ്പത്തികസഹായം നല്‍കിയത്. 

ലിയുവാണ്‍ ലൈബ്രറി, ബെയ്‌ജിങ്ങ്‌, ചൈന: പുസ്‍തകപ്രേമികളെ ആകര്‍ഷിക്കുന്ന അതിമനോഹരമായ ലൈബ്രറിയാണ് ചൈനയിലെ ലിയുവാണ്‍ ലൈബ്രറി. ചെസ്നട്ട്, വാല്‍നട്ട്, പീച്ച് മരങ്ങളൊക്കെ നിറഞ്ഞുനില്‍ക്കുന്നൊരു താഴ്വാരത്തിലാണ് ഈ ലൈബ്രറി. അതിന്‍റെ ചില്ലകളാണ് ഈ ലൈബ്രറിയെ അലങ്കരിക്കുന്നത്.

2012 -ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്. മരം കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നും, നിലത്തിരുന്നുമൊക്കെ വായിക്കാം. 

ജൊസ് വാസ്കോൺസെലോസ് ലൈബ്രറി, മെക്സിക്കോ സിറ്റി, മെക്സിക്കോ: ആര്‍ക്കിടെക്ടായ ആല്‍ബര്‍ട്ടോ കലാഷ് ആണ് ഈ ലൈബ്രറി രൂപകല്‍പന ചെയ്‍തിരിക്കുന്നത്. കോണ്‍ക്രീറ്റ്, ഗ്ലാസ് നിര്‍മ്മിതിയാണ് ഇതിനെ വേറിട്ടതാക്കുന്നത്. ഇവിടെ പുസ്‍തക ഷെൽഫുകൾ വായുവിൽ സഞ്ചരിക്കുന്നതുപോലെ കാണപ്പെടുന്നു. കൂടാതെ, ഒരു ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം ലൈബ്രറിയുടെ മധ്യഭാഗത്ത് കാണാം.

സ്റ്റട്ട്ഗാര്‍ട്ട് സിറ്റി ലൈബ്രറി, സ്റ്റട്ട്ഗാര്‍ട്ട്, ജര്‍മ്മനി: ക്യൂബ് ആകൃതിയിലുള്ള, ഒൻപത് നിലകളുള്ള ഈ ലൈബ്രറിയുടെ രൂപകൽപ്പന പുരാതന റോമിലെ പന്തീയോനിൽ നിന്ന് എടുത്തതാണ്.

beautiful and unique libraries in the world

മുറികളെല്ലാം ഒന്നിന്‍റെ തുടര്‍ച്ചയെന്നോണം ആകർഷകമായ ശുദ്ധമായ വെള്ള നിറത്തിലാണ് ഉള്ളത്. കെട്ടിടത്തില്‍ കൂടുതലായും നിറങ്ങള്‍ കാണാന്‍ സാധിക്കുക പുസ്‍തകങ്ങളിൽ നിന്നുള്ളത് മാത്രമായിരിക്കും. 

മുസാഷിനോ ആര്‍ട്ട് യൂണിവേഴ്‍സിറ്റി ലൈബ്രറി, ടോക്യോ, ജപ്പാന്‍: ജാപ്പനീസ് ആര്‍ക്കിടെക്ടായ സൗ ഫുജിമോട്ടോയാണ് ഈ ലൈബ്രറി ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. ലോകത്തിലെ തന്നെ ലളിതമായ രീതിയില്‍ നിര്‍മ്മിച്ച മികച്ച ലൈബ്രറികളിലൊന്നാണിത്. 20 അടി ഉയരത്തിലുള്ള ചുമരുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് പുസ്‍തകഷെല്‍ഫുകള്‍ കൊണ്ടുതന്നെയാണ്. ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഫുജിമോട്ടോ പറയുന്നത് 'ഒരു ലൈബ്രറിയില്‍ നിങ്ങള്‍ക്കാകെ ആവശ്യം പുസ്‍തകങ്ങളും പുസ്‍തകഷെല്‍ഫുകളും വെളിച്ചവും മനോഹരമായ ഇടങ്ങളും മാത്രമാണ്' എന്നാണ്. 

വെന്നെസ്ല ലൈബ്രറി ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍, വെന്നെസ്ല, നോര്‍വെ: 2011 -ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ലൈബ്രറി ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ നിരവധി പുരസ്‍കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. വിശാലമായ തുറന്നത് പോലെ തോന്നിക്കുന്ന ഉള്‍വശവും നിര്‍മ്മാണത്തിലെ തനതായ ശൈലിയും ഈ ലൈബ്രറിയെ വേറിട്ടു നിര്‍ത്തുന്നു. 

Follow Us:
Download App:
  • android
  • ios