Asianet News MalayalamAsianet News Malayalam

'പെട്ടിയിലെന്ത്' എന്ന് ഇത്തവണ ചോദിക്കാനാകില്ല, ബജറ്റ് രേഖ എത്തിയത് 'ബഹി ഖാത'യിൽ!

സാധാരണ എല്ലാ തവണയും കേന്ദ്രമന്ത്രിമാർ ബജറ്റ് രേഖ കൊണ്ടു വരാറ് ഒരു പെട്ടിയിലാണ്. പക്ഷേ, നിർമലാ സീതാരാമന്‍റെ കയ്യിലുണ്ടായിരുന്നത് ഒരു ചുവന്ന തുണിപ്പൊതിയാണ്. 

budget document was brought wrapped in a red cloth
Author
New Delhi, First Published Jul 5, 2019, 9:50 AM IST

ദില്ലി: എല്ലാ വർഷവും ബജറ്റ് രേഖകൾ ധനമന്ത്രിമാർ ധനമന്ത്രാലയത്തിലേക്കും പാർലമെന്‍റിലേക്കും കൊണ്ടുവരുന്നത് ഒരു കാഴ്ചയാണ്. പെട്ടി ഉയർത്തിക്കാട്ടി, ബജറ്റിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കുമൊപ്പം ധനമന്ത്രാലയത്തിന് മുന്നിൽ വച്ച് കേന്ദ്രധനമന്ത്രിമാർ ഒരു ഫോട്ടോ സെഷനൊക്കെ നടത്താറുണ്ട്. കഴിഞ്ഞ വർഷങ്ങളിലൊന്നും ഈ പതിവ് ധനമന്ത്രിമാർ തെറ്റിച്ചിട്ടില്ല.

ആദ്യത്തെ ബജറ്റ് അവതരിപ്പിക്കാനെത്തിയ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടി ബജറ്റ് രേഖ കൊണ്ടുവന്ന ചിത്രമിതാ:

ഏറ്റവുമൊടുവിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച താൽക്കാലിക ധനമന്ത്രി പിയൂഷ് ഗോയൽ പോലും ബജറ്റ് കൊണ്ടു വന്നത് സ്ഥിരം തുകൽ പെട്ടിയിലാണ്. അരുൺ ജയ്റ്റ്‍ലിയും അതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ച യുപിഎ സർക്കാരിൽ പി ചിദംബരവും പതിവ് തെറ്റിച്ചിട്ടില്ല.

budget document was brought wrapped in a red cloth

Image result for arun jaitley budget

എന്നാൽ ഇത്തവണ ബജറ്റ് രേഖ എത്തിയത് പെട്ടിയിലല്ല, തുണിയിലാണ്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിന് മുന്നിലുള്ള പതിവ് ഫോട്ടോ സെഷനെത്തിയപ്പോൾ, കയ്യിലുണ്ടായിരുന്നത് ഒരു ചുവന്ന തുണിപ്പൊതി. ആ പൊതിയിലാകട്ടെ, കേന്ദ്രസർക്കാരിന്‍റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

വെറുമൊരു ചുവന്ന തുണിയല്ല, ഇത്. ഈ ചുവപ്പ് തുണിയിൽ പൊതിഞ്ഞ് കാണുന്നത്, രാജ്യത്തെ വ്യാപാരികൾ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്കകമാണ്. ഇതിന് ഹിന്ദിയിൽ 'ബഹി ഖാത' എന്നാണ് പറയുക. ചില ട്രഡീഷണൽ ട്രേഡേഴ്‍സ് കടകളിൽ നമ്മൾ കാണാറുള്ള അതേ പുസ്തകം തന്നെ:

Image result for bahi khata

ഇതിലൂടെ ഒരു ബ്രിട്ടീഷ് രീതി ഉപേക്ഷിച്ച് രാജ്യത്തിന്‍റെ തനത് കണക്കെഴുത്ത് രീതിയോടുള്ള ആദരസൂചകമായാണ് നിർമലാ സീതാരാമൻ ഈ നടപടി സ്വീകരിച്ചതെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. സ്യൂട്ട് കെയ്‍സിൽ ബജറ്റ് രേഖ കൊണ്ടുവരുന്ന ആംഗ്ലിക്കൻ പതിവ് ഇത്തവണ എന്തായാലും രാജ്യത്തിന്‍റെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രി തെറ്റിച്ചിരിക്കുന്നു. ഇതുപോലെ പതിവുകൾ തെറ്റിക്കുന്ന, പ്രതീക്ഷകളെ കവച്ചു വയ്ക്കുന്ന ബജറ്റാകുമോ നിർമലാ സീതാരാമന്‍റേത്? കാത്തിരുന്നു കാണാം.

Follow Us:
Download App:
  • android
  • ios