Asianet News MalayalamAsianet News Malayalam

'5 ട്രില്യൺ ഡോളർ വളർച്ച', മോദിയുടെ സ്വപ്ന പദ്ധതിയുമായി ബജറ്റവതരണം തുടങ്ങി

ആദായനികുതിയിലെ ഇളവ്, തൊഴിലവസരങ്ങൾ കൂട്ടുക, കർഷക മേഖലയ്ക്കുള്ള വാഗ്ദാനങ്ങൾ എന്നിവ പുതിയ ബജറ്റിലുണ്ടാകുമോ എന്ന കാര്യം ഉറ്റുനോക്കുകയാണ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗം.

 

 

nirmala sitharaman in parliament union budget today live updates
Author
New Delhi, First Published Jul 5, 2019, 9:26 AM IST

ദില്ലി: എൻഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റവതരണം തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് നിർമലാ സീതാരാമൻ ബജറ്റവതരിപ്പിച്ച് തുടങ്ങിയത്. ജനങ്ങളുടെ ജീവിതനിലവാരം കൂട്ടിയ സർക്കാരിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്തെന്ന് നിർമലാ സീതാരാമൻ. 

'''സുശക്ത ദേശത്തിനായി, സുശക്തരായ ജനങ്ങൾ'' എന്നതാണ് ലക്ഷ്യമെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി. ചാണക്യനീതി സൂത്രവും, ഉറുദു കവിതയും പറഞ്ഞുകൊണ്ടാണ് ബജറ്റവതരണത്തിന്‍റെ പ്രധാന ഭാഗത്തേക്ക് നിർമല സീതാരാമൻ കടന്നത്. 

5 ട്രില്യൺ യുഎസ് ഡോളർ വളർച്ച കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് പുതിയ ഇന്ത്യ സഞ്ചരിക്കുന്നതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഇതിനായി രാജ്യത്തെ ഈ വർഷം തന്നെ 3 ട്രില്യൺ വളർച്ചയിലെത്തിക്കണമെന്നതാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യവികസനം മുതൽ, രാജ്യസുരക്ഷ വരെ, പത്ത് പ്രധാനലക്ഷ്യങ്ങളാണ് സർക്കാരിന് മുന്നിലുള്ളതെന്നും നിർമല സീതാരാമൻ പറഞ്ഞു.  

ഇടക്കാല ബജറ്റുകളുൾപ്പടെ രാജ്യത്തിന്‍റെ 89-ാമത് ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്‍റെ തുടർച്ചയാകും ഇന്നത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട്, ബജറ്റ് രേഖ നൽകി, അംഗീകാരം വാങ്ങിയ ശേഷമാണ് നിർമല സീതാരാമൻ തിരികെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ പാർലമെന്‍റിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബജറ്റ് രേഖയ്ക്ക് അംഗീകാരം നൽകി. ബജറ്റിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. ഇതിന് ശേഷമാണ് ബജറ്റിന് അംഗീകാരം നൽകിയത്.

ദില്ലിയിലെ ഒരു ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷമാണ് അനുരാഗ് ഠാക്കൂർ മന്ത്രാലയത്തിലേക്ക് പുറപ്പെട്ടത്. 

ആദായനികുതിയിലെ ഇളവ്, തൊഴിലവസരങ്ങൾ കൂട്ടുക, കർഷക മേഖലയ്ക്കുള്ള വാഗ്ദാനങ്ങൾ എന്നിവ പുതിയ ബജറ്റിലുണ്ടാകുമോ എന്ന കാര്യം ഉറ്റുനോക്കുകയാണ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗം. 

ആദായനികുതി പരിധി കൂട്ടുന്നതിനൊപ്പം, കാർഷികരംഗത്തും ആരോഗ്യ, സാമൂഹ്യക്ഷേമരംഗത്തുമുള്ള പദ്ധതിച്ചെലവ് കൂട്ടാനുള്ള നിർദേശങ്ങൾ നിർമലാ സീതാരാമൻ പുതിയ ബജറ്റിൽ അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം. അടുത്ത അഞ്ച് വർഷത്തെ രാജ്യത്തിന്‍റെ വികസനത്തിനുള്ള ഒരു വിശാലപദ്ധതിക്ക് ഈ ബജറ്റിൽ അടിത്തറയിട്ടേ തീരൂ. 

അഞ്ച് വർഷത്തെ ഏറ്റവും കുറവ് സാമ്പത്തിക വളർച്ചാ നിരക്കിൽ നിൽക്കുന്ന രാജ്യം, കടുത്ത വെല്ലുവിളികളാണ് നിർമലാ സീതാരാമന് മുന്നിൽ ഉയർത്തുന്നത്. വെല്ലുവിളികൾക്കൊപ്പം, ജനപ്രിയപദ്ധതികളും നടപ്പാക്കാൻ കേന്ദ്ര ധനമന്ത്രിക്ക് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

Read More: രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ കർഷകരും മധ്യവർഗവും

Follow Us:
Download App:
  • android
  • ios