Asianet News MalayalamAsianet News Malayalam

'നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നു'; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം

67 പേരും 720ല്‍ 720ഉം നേടി ഒന്നാം റാങ്ക് നേടുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.  47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ആരോപണം

'NEET exam sabotaged'; Students with serious allegations, need to retake the exam, complaint to Ministry of Education
Author
First Published Jun 6, 2024, 11:36 AM IST

ദില്ലി:നീറ്റ് പരീക്ഷ ഫലത്തിൽ അട്ടിമറിയെന്ന ആരോപണം ശക്തമാകുന്നു. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാർത്ഥികൾ പരാതി നൽകി. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികൾക്ക്  ഗ്രേസ് മാർക്ക് നൽകിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം. എന്നാല്‍, ആക്ഷേപം അടിസ്ഥാനരഹിതമെന്നും പരാതിക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എൻടിഎ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു 

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്.

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന  പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നല്കിയത്. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.

കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഉയരുന്ന ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നാണ്  എൻടിഎ വ്യക്തമാക്കുന്നത്. പരാതിക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഉടൻ വിശദീകരണം പുറത്തിറക്കുമെന്നും എൻടിഎ വൃത്തങ്ങൾ അറിയിച്ചു. 

ഇതിനിടെ. നീറ്റ് പരീക്ഷ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സർക്കാർ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും
ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായതെന്നും പരീക്ഷാ ഫലവും അട്ടിമറിച്ചെന്നും കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയത് 13,16,268 വിദ്യാർത്ഥികൾ; മുഴുവൻ മാർക്കും നേടി 67 പേർ

 

Latest Videos
Follow Us:
Download App:
  • android
  • ios