79 വയസ്സുകാരൻ മുതൽ 24 വയസ്സുകാർ വരെ പരീക്ഷ എഴുതുന്നുണ്ട്.

ആലപ്പുഴ: പ്രായത്തിൻ്റെ പരിമിതികളെ പരാജയപ്പെടുത്തി 1222 പേർ ഹയർ സെക്കൻഡറി തുല്യതാപരീക്ഷ എഴുതും. യഥാസമയം പഠിക്കാൻ കഴിയാതെ പോയവർ കഠിനമായ പരിശ്രമത്തിലൂടെയാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തിയത്. തുടർപഠനത്തിനുള്ള സൗകര്യങ്ങളൊരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടെ നിന്നപ്പോൾ ഇവർ പുതിയ ജീവിത പാഠങ്ങൾ കൂടിയാണ് കൈവരിക്കുന്നത്. ജൂലൈ 10 മുതൽ പരീക്ഷ ആരംഭിക്കും.

ജില്ലയിൽ എട്ട് സ്കൂളുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ എഴുതുന്നവരിൽ 857 പേരും സ്ത്രീകളാണ്. എസ് സി വിഭാഗത്തിൽ നിന്നും 165 പേരും എസ് ടി വിഭാഗത്തിൽ നിന്നും രണ്ട് പേരും തുല്യതാ പരീക്ഷ എഴുതുന്നുണ്ട്. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്ന പി ഡി ഗോപിദാസാണ് (79) ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാവേലിക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്ന ശ്രീശാന്ത് (24), സുധീർകുമാർ (24) എന്നിവരാണ് പ്രായം കുറഞ്ഞ പഠിതാക്കൾ.

ഭിന്നശേഷിക്കാരായ നിരവധി പേർ പരീക്ഷ എഴുതുന്നുണ്ട്. മാവേലിക്കര ജ്യോതിസ് സ്കൂളിലെ 7 പേർ പരീക്ഷ എഴുതാൻ എത്തും. പരീക്ഷ എഴുതുന്നവരിൽ 5 പേർ ജനപ്രതിനിധികളാണ്. മാവേലിക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അമ്മയും രണ്ട് മക്കളും ഒരുമിച്ചിരുന്ന് പരീക്ഷ എഴുതും. ജില്ലയിലാകെ അഞ്ച് ദമ്പതിമാരും പരീക്ഷ എഴുതുന്നുണ്ട്.