Asianet News MalayalamAsianet News Malayalam

ദുബായ് ജൈടെക്സ് എക്സ്പോയില്‍ 20 കേരള സ്റ്റാര്‍ട്ടപ്പുകള്‍; നാലുദിവസത്തെ പ്രദര്‍ശനം

ദക്ഷിണേഷ്യ, മദ്ധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ബൃഹദ് സമ്മേളനമായ ജൈടെക്സില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെ ഇന്ത്യയില്‍ നിന്നും 50 സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുക്കുന്നത്. 

20 Kerala startups at Dubai Zytex Expo
Author
Trivandrum, First Published Oct 18, 2021, 11:42 AM IST

തിരുവനന്തപുരം: നൂതന ഉല്‍പ്പന്നങ്ങളും ഫലപ്രദമായ സാങ്കേതിക നൈപുണ്യവും സുസ്ഥിര ആശയങ്ങളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) മേല്‍നോട്ടത്തിലുള്ള 20 സ്റ്റാര്‍ട്ടപ്പുകള്‍ ദുബായിയിലെ വാര്‍ഷിക ജൈടെക്സ് സാങ്കേതികവിദ്യാ സമ്മേളനത്തിലെ ഫ്യൂച്ചര്‍ സ്റ്റാര്‍സ് 2021 പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഒക്ടോബര്‍ 17 ന് ആരംഭിച്ച നാലുദിവസത്തെ പ്രദര്‍ശനം വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് നടക്കുന്നത്.

ദക്ഷിണേഷ്യ, മദ്ധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ബൃഹദ് സമ്മേളനമായ ജൈടെക്സില്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെ ഇന്ത്യയില്‍ നിന്നും 50 സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുക്കുന്നത്. ലൊജിസ്റ്റിക്സ്, ഫിന്‍ടെക്, റോബോട്ടിക്സ്, ആരോഗ്യപരിരക്ഷ, ലഘുവ്യാപാരം- സംരംഭങ്ങള്‍, പെട്രോളിയം/ എണ്ണ, ഗ്യാസ് മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണിവ.

ആക്ടീവ് ലോജിക്ക ലൈഫ് സയന്‍സ് ഇന്നൊവേഷന്‍സ്,  ബില്യണ്‍ലൈവ്സ് ബിസിനസ് ഇനിഷ്യേറ്റീവ്സ്, ബിറ്റ് വോയ്സ് സൊലൂഷന്‍സ്, എംബ്രൈറ്റ് ഇന്‍ഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡ്, എക്സ്പ്രൈസ്ബെയ്സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐറോവ് (ഐറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) ഫെഡോ.എഐ, ഫൈനെക്സ്റ്റ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നുണ്ട്. ഐവാ (ഇന്‍റെര്‍നാഷണല്‍ വെര്‍ച്വല്‍ അസിസ്റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മെഡ്ട്രാ ഇന്നൊവേറ്റീവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, നിയോണിക്സ് സോഫ്റ്റ് വെയര്‍ സൊലുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, നെട്രോക്സ് ഐടി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, റീട്ടെയില്‍ബീന്‍ലൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്. റോണ്ട്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഷോപ്പ്ഡോക്, ടിഇബി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ടില്‍റ്റ്ലാബ്സ്, ട്രാന്‍സ്മിയോ ഐടി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ടുട്ടാര്‍ ആപ്പ്, വിഷ്വലൈസസ്. എഐ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉല്‍പ്പന്നങ്ങളും പ്രതിവിധികളും അവതരിപ്പിക്കുന്നതിനു പുറമേ മദ്ധ്യപൂര്‍വ്വേഷ്യയിലേക്ക് വിപണി വിപുലീകരിക്കുന്നതിനും നിക്ഷേപബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള സാധ്യതകളും സ്റ്റാര്‍ട്ടപ്പുകള്‍ തേടുന്നുണ്ട്. ദുബായിലെ വേള്‍ഡ് ട്രേഡ് സെന്‍ററിലെ സാബീല്‍ ഹാള്‍ 5 ലാണ് പ്രദര്‍ശനം നടക്കുന്നത്. സമൂഹത്തിലും ബിസിനസിലും ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തമായ നൂതന കണ്ടെത്തലുകളുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ജൈടെക്സില്‍ ഭാഗഭാക്കാകുന്നത്. അറുപതിലധികം രാജ്യങ്ങളില്‍ നിന്നും എഴുന്നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും നാന്നൂറിലധികം നിക്ഷേപകരും നാന്നൂറ്റിയന്‍പതിലധികം പ്രഭാഷകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios