തിരുവനന്തപുരം:  വിദ്യാർത്ഥികൾക്ക് അധിക നൈപുണ്യം നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഇന്റേൺഷിപ്പ് പദ്ധതി ഒരു വർഷത്തിനിടെ പ്രയോജനപ്പെടുത്തിയത് 400 എൻജിനിയറിംഗ് വിദ്യാർത്ഥികൾ. ഇതിൽ 300 പേർ പഠനത്തോടൊപ്പവും 100 പേർ പഠനം പൂർത്തിയാക്കിയ ശേഷവുമാണ് ഇന്റേൺഷിപ്പ് ചെയ്തത്. വിവിധ തദ്ദേശസ്ഥാപനങ്ങൾ, പ്രമുഖ സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിലാണ് പഠനത്തോടൊപ്പം വിദ്യാർത്ഥികൾ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കിയവർ തദ്ദേശസ്ഥാപനങ്ങൾ, കെ എസ് സി എ ഡി സി, ലൈഫ് മിഷൻ, കില, റീബിൽഡ് കേരള എന്നിവിടങ്ങളിലാണ് ഇന്റേൺഷിപ്പ് ചെയ്തത്.

111 വിദ്യാർത്ഥികളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്. വകുപ്പിന് കീഴിലുളള 64 ക്‌ളസ്റ്റർ ഗ്രാമപഞ്ചായത്തുകളിൽ വിവിധ പദ്ധതികൾ പ്രകാരമുളള മരാമത്ത് പ്രവൃത്തികളിൽ സാങ്കേതിക വിഭാഗത്തെ സഹായിക്കാനായി ട്രെയിനികളെ  കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുകയായിരുന്നു. വേതന ഇനത്തിൽ 10000 രൂപ വീതം ട്രെയിനികൾക്ക് നൽകി. പുതിയ ബാച്ച് ട്രെയിനികളെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അടുത്ത ഘട്ടത്തിൽ എൻജിനിയറിംങ്ങിനു പുറമെ മറ്റു വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തരവിദ്യാർത്ഥികൾക്കും തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന മേഖലകളിൽ ഇന്റേൺഷിപ്പിന് അവസരം ലഭിക്കും. അധിക നൈപുണ്യ ശേഷിയിലൂടെ മികച്ച തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് പദ്ധതി നടപ്പാക്കുന്നത്.

പഠനത്തോടൊപ്പവും പഠനശേഷവും എന്നിങ്ങനെ രണ്ട് തരത്തിലുളള ഇന്റേഷിപ്പ് തിരഞ്ഞെടുക്കാം. വിദ്യാർത്ഥികൾക്ക് കരിക്കുലത്തിന്റെ ഭാഗമായി പഠനകാലത്ത് തന്നെ ഹ്രസ്വകാല ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അവരുടെ പഠന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കും. ഇന്റേൺഷിപ്പ് ഏത് സ്ഥാപനത്തിൽ ചെയ്യണമെന്നത് വിദ്യാർത്ഥിക്ക് തീരുമാനിക്കാം. കമ്പനികൾ തയ്യാറാക്കുന്ന മുൻഗണനാ പട്ടിക പ്രകാരമായിരിക്കും ഇന്റേൺഷിപ്പിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പഠനത്തിന്റെ ഭാഗമായുളള ഇന്റേൺഷിപ്പിന് സറ്റൈപൻഡ് ഇല്ല.

പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുളള ഒരു വർഷത്തെ ഇന്റേൺഷിപ്പിനുള്ള അപേക്ഷകരിൽ നിന്നും അസാപ് തയ്യാറാക്കുന്ന സെലക്ട് ലിസ്റ്റ് പ്രകാരം വിവിധ കമ്പനികളിലേക്ക് പരീശിലനത്തിനായി  വിദ്യാർത്ഥികളെ തിരെഞ്ഞടുക്കും. ഇവർക്ക് ഇന്റേൺഷിപ്പ് കാലയളവിൽ സറ്റൈപ്പൻഡ് നൽകും. ഇന്റേൺഷിപ്പ് കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ചില അവസരങ്ങളിൽ അതാത് കമ്പനികളിൽ നിയമനം ലഭിക്കാനും സാധ്യതയുണ്ട്. ഇന്റേൺഷിപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് അസാപ് തന്നെ ഉദ്യോഗാർത്ഥികളുടെ പട്ടിക തയ്യാറാക്കി അവസരങ്ങളുളള കമ്പനികൾക്ക് നൽകും.

അസാപ്പിന്റെ നേതൃത്വത്തിൽ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥികൾക്ക്് നിർമാണ മേഖലയിൽ വൈദഗ്ധ്യം നൽകുന്നതിന് സി ബി അർ ഇ, ക്രെഡായി പോലുളള സംവിധാനങ്ങളിൽ 45 ദിവസത്തെ പ്രത്യേക പരീശീലനവും നൽകുന്നുണ്ട്. എൻജിനിയറിങ് മേഖലയിലേക്ക് എത്തുന്ന ഒരാൾക്ക് ആവശ്യമായ പരിശീലനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.  പരിശീലനശേഷം ക്രെഡായുടെ കീഴിൽ കേരളത്തിലുളള പ്രമുഖ നിർമാണ കമ്പനികളിൽ ഒരു വർഷ കാലയളവിൽ വിദഗ്ധ തൊഴിലാളിയായി നിയമിക്കും. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് കമ്പനികൾ സ്ഥിരം നിയമനവും നൽകാറുണ്ട്.

വ്യവസായ, സേവന മേഖലയ്ക്ക് ആവശ്യമായ നൈപുണ്യം ചെറുപ്പക്കാരിൽ സൃഷ്ടിച്ചെടുക്കാൻ പദ്ധതി സഹായകരമാണ്. ഇത് മികച്ച തൊഴിലവസരവും ഉറപ്പാക്കും. വ്യാവസായിക അന്തരീക്ഷം പരിചയപ്പെടുത്തിക്കൊടുക്കുക, പരിശീലനംനൽകുക, തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്. തൊഴിൽ വൈദഗ്ധ്യം നേടുന്നത് വരെയുളള എല്ലാ സഹായവും അസാപ് നൽകും. ഇന്റേൺഷിപ്പിന് താത്പര്യമുളളവർക്ക് അസാപ്പിന്റെ ഓൺലൈൻ ഇന്റേൺഷിപ്പ് പോർട്ടലായ internship.asapkerala.gov.in ൽ രജിസ്റ്റർ ചെയ്യാം.