തിരുവനന്തപുരം: സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഡിസംബര്‍ മൂന്നുവരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് ഒക്ടോബര്‍ 20 വരെയായിരുന്നു. aissee.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് പരീക്ഷാഫീസടയ്ക്കാം. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാര്‍ഥിയുടെ പ്രായം 2021 മാര്‍ച്ച് 31-ന് 10-നും 12-നും ഇടയ്ക്കായിരിക്കണം (ജനനം, 1.4.2009-നും 31.3.2011-നും ഇടയ്ക്ക്). 

ഒമ്പതാംക്ലാസ് പ്രവേശനം തേടുന്നവര്‍ പ്രവേശനസമയത്ത് അംഗീകൃത സ്‌കൂളില്‍നിന്നും എട്ടാംക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകര്‍ 1.4.2006-നും 31.3.2008-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം (പ്രായം 13-നും 15-നും ഇടയ്ക്ക്). രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 10-നാണ് നടക്കുക. എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.