ദില്ലി: അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് പരീക്ഷയിൽ ഒഡീഷ സ്വദേശിയായ ഷോയബ് അഫ്താബാണ് ഇത്തവണ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. വെറും റാങ്ക് എന്നതിനപ്പുറം ആകെ മാർക്കായ 720 ൽ 720 നേടിയാണ് അഫ്താബ് ചരിത്രം രചിച്ചത്. എന്നാൽ അഫ്താബിന് മാത്രമല്ല, ആകാൻഷ എന്ന മിടുക്കിയും 720 മാർക്ക് നേടിയാണ് നീറ്റ് പരീക്ഷ പാസ്സായത്. എന്നാൽ ഒന്നാം റാങ്ക് ആകാൻഷയ്ക്ക് ലഭിച്ചില്ല. കാരണമെന്തായിരിക്കും? 

നീറ്റ് പരീക്ഷയിലെ ടൈബ്രേക്കർ നയം നടപ്പിലാക്കിയത് മൂലമാണ് ഒരേമാർക്ക് നേടിയിട്ടും ഇവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയത്. ഇവരുടെ പ്രായം കണക്കാക്കിയാണ് അഫ്താബിനെ ഒന്നാം റാങ്കിന് തെരഞ്ഞെടുത്തത്. ആകാംഷയ്ക്ക് ഷോയബിനേക്കാൾ പ്രായക്കുറവായതിനാലാണ് അധികൃതർ വിജയിയായി അഫ്താബിനെ വിജയിയായി പ്രഖ്യാപിച്ചത്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധിക്കുക ബയോളജി, കെമിസ്ട്രി വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കാണ്. അതിലും വ്യത്യാസങ്ങള്‍ ഇല്ലെങ്കില്‍ പ്രായം പരിശോധിക്കും. പ്രായം കൂടുതലുള്ള ആള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അതിനാലാണ് 18 വയസുകാരനെ പരിഗണിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഉത്തർപ്രദേശിലെ ഖുശിന​ഗർ സ്വദേശിയാണ് ആകാംഷ. ദിവസവും 70 കിലോമീറ്റർയാത്ര ചെയ്താണ് ആകാംഷ ​ഗോരഖ്പൂരിലെ കോച്ചിം​ഗ് സെന്ററിൽ നീറ്റ് പരിശീലനത്തിനായി എത്തിയിരുന്നത്. 'ഡോക്ടറാകണമെന്ന് ചെറുപ്പം മുതലുള്ള ആ​ഗ്രഹമായിരുന്നു. അതുപോലെ എയിംസിൽ പഠിക്കണമെന്നും അതിയായി ആ​ഗ്രഹിച്ചിരുന്നു. എന്റെ നാട്ടിൽ നല്ല പരിശീലന കേന്ദ്രങ്ങളില്ല. ​ഗോരഖ്പൂരിലെ കോച്ചിം​ഗ് സെന്ററിൽ എത്താൻ ഒരു ദിവസം നാലുമണിക്കൂർ സമയം യാത്ര ചെയ്യണമായിരുന്നു. പത്താം ക്ലാസ് പാസ്സായതിന് ശേഷം പ്ലസ് ടൂ പഠനത്തിനായി ദില്ലിയിലെത്തി അവിടുത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.' ആകാംഷ പറഞ്ഞു.

നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം 700 നടുത്ത് മാർക്ക് ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് ആകാംഷ പറയുന്നു. ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ പഠിക്കും. ലോക്ക് ഡൗൺസമയത്ത് പഠിച്ച കാര്യങ്ങളെല്ലാം ആവർത്തിക്കാൻ സമയം ലഭിച്ചെന്നും ആകാംഷ പറയുന്നു. 'ന്യൂറോ സർജറിയിൽ റിസർച്ച് ചെയ്യാനാണ് താത്പര്യം. കൊവിഡ് കാലത്ത് ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ തന്നേപ്പോലുള്ള ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നതാണ്. ഒരു ആരോ​ഗ്യപ്രവർത്തകന് എത്രമാത്രം പ്രാധാന്യവും ഉത്തരവാദിത്വവും ഉണ്ടെന്ന് എനിക്ക് ബോധ്യമായി.' ആകാംഷയുടെ വാക്കുകൾ. വ്യോമസേനയിൽ ഉദ്യോ​ഗസ്ഥനായിരുന്നു ആകാംഷയുടെ അച്ഛൻ രാജേന്ദ്ര കുമാർറാവു. അമ്മ രുചി സിം​ഗ് പ്രൈമറി സ്കൂൾ അധ്യാപികയാണ്.