Asianet News MalayalamAsianet News Malayalam

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടൻ അടച്ചു പൂട്ടണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് യാതൊരുവിധ അംഗീകാരമോ അഫിലിയേഷനോ ഇല്ലാതെയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്പോലും നേടാതെയും, പഴക്കം ചെന്നതും, ദുർബലവും, കുട്ടികളുടെ ജീവന് ആപത്തു വരുന്ന വിധത്തിലുള്ളതുമായ കെട്ടിടങ്ങളിൽ ഒട്ടേറെ സ്കൂളുകൾ പ്രവർത്തിക്കുന്നതായി കമ്മീഷന് ബോധ്യപ്പെട്ടതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

All non accredited schools should be closed immediately Child Rights Commission
Author
Trivandrum, First Published Apr 16, 2021, 9:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടൻ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ. 2021-2022 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിറക്കി. അംഗീകാരവും സുരക്ഷിതത്ത്വവും ഇല്ലാതെ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളെ കുറിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് കമ്മീഷൻ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് യാതൊരുവിധ അംഗീകാരമോ അഫിലിയേഷനോ ഇല്ലാതെയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്പോലും നേടാതെയും, പഴക്കം ചെന്നതും, ദുർബലവും, കുട്ടികളുടെ ജീവന് ആപത്തു വരുന്ന വിധത്തിലുള്ളതുമായ കെട്ടിടങ്ങളിൽ ഒട്ടേറെ സ്കൂളുകൾ പ്രവർത്തിക്കുന്നതായി കമ്മീഷന് ബോധ്യപ്പെട്ടതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്കൂളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നതും അത്യന്തം ഗൗരവത്തോടെ കമ്മീഷൻ നോക്കിക്കാണുന്നെന്നും ഉത്തരവിലുണ്ട്.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിലവിൽ പഠിച്ചു വരുന്ന കുട്ടികൾക്ക് തുടർ പഠനം സാദ്ധ്യമാക്കുന്നതിനായി, സൗകര്യപ്രദമായി മറ്റ് സർക്കാർ, എയ്ഡഡ്, അംഗീകൃത സ്കൂളുകളിൽ പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലെ അംഗീകാരമുളള സ്കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ്ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും പൊതുജനങ്ങളുടെ അറിവിലേയായി പത്ര-ദൃശ്യ-മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ടതുമാണ്.

എയ്ഡഡ് സ്കൂളുകളോട് ചേർന്ന് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് എതിർകക്ഷികൾ ഉറപ്പു വരുത്തേണ്ടതാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാർശകളുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് മെയ്‌ 31ന് മുൻപായി കമ്മീഷന് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios