ദില്ലി: 2019-20 അധ്യയന വർഷത്തിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനായി യുഎസിലെത്തിയതെന്ന്   റിപ്പോർട്ട്. യുഎസ് എംബസി പുറത്തിറക്കിയ ഓപ്പൺ ഡോർസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിരുദപഠനത്തിനായി അമേരിക്കയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

'കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അമേരിക്കയിൽ ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവുണ്ടായി. കാരണം ഉന്നതവിദ്യാഭ്യാസ രം​ഗത്ത് മികച്ച നിലവാരം പ്രദാനം ചെയ്യാൻ യുഎസിന് സാധിക്കുന്നു. ആ​ഗോള സമ്പദ് വ്യവസ്ഥയ്ക്ക് ​ഗുണകരമായ രീതിയിലുള്ള പ്രായോ​ഗിക വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് ഇവിടെ നിന്നും ലഭിക്കുന്നത്.' യുഎസ് കൗൺസിലർ ഡേവിഡ് കെന്നഡി വ്യക്തമാക്കി. 

ഇന്ത്യയിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ത്യയിലുടനീളം ഏഴ് വിദ്യാഭ്യാസ ഉപദേശക കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ദില്ലി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ബാം​ഗ്ലൂർ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷം ഹൈദരാബാദിൽ പുതിയ എഡ്യൂക്കേഷൻ സെന്റർ ആരംഭിക്കുന്നുണ്ട്. വിദ്യാഭ്യാസ രം​ഗത്തെ വിദ​ഗ്ധരാണ് ഓരോ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നത്. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് കൃത്യവും സമ​ഗ്രവും കാലികവുമായി വിവരങ്ങൾ ഇവർ വിദ്യാർത്ഥികൾക്ക് നൽകും. അമേരിക്കയിലെ 4500 ത്തിലധികം അം​ഗീകൃത  ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ട്.