തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം ലഭിച്ചവർക്ക് ഒക്ടോബർ 27-ന് രാവിലെ പത്തുമുതൽ 30-ന് വൈകീട്ട് അഞ്ചുവരെ സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന്  അപേക്ഷിക്കാം. 27-ന് രാവിലെയാണ് ഇതിനെക്കുറിച്ചുള്ള ഒഴിവുവിവരങ്ങൾ പ്രസിദ്ധീകരിക്കുക. ഏകജാലകസംവിധാനത്തിലൂടെ മെറിറ്റ് ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയവർക്കാണ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. 

ഭിന്നശേഷിവിഭാഗത്തിലുള്ളവർക്ക് അധികസീറ്റ് സൃഷ്ടിച്ച് അലോട്ട്മെന്റ് അനുവദിച്ചിട്ടുള്ളതിനാൽ മാറ്റത്തിന് അപേക്ഷിക്കാനാകില്ല. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.hscap.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ ശരിയായി സമർപ്പിക്കാത്തതിനാൽ ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അപേക്ഷിക്കാൻ നവംബർ രണ്ടുമുതൽ വീണ്ടും അവസരം നൽകും. പല സ്കൂളുകളിലും മാനേജ്മെന്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ആ സീറ്റുകളിൽ പ്രവേശനം നടത്തുന്നതിന് അവസരം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.