Asianet News MalayalamAsianet News Malayalam

സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം; വിശദാംശങ്ങളിവയാണ്

ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 

apply for undergraduate and diploma courses in Sanskrit University sts
Author
First Published Jun 1, 2023, 9:53 PM IST

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17.

ബിരുദ പ്രോഗ്രാമുകളായ സംസ്കൃതം - സാഹിത്യം, സംസ്കൃതം - വേദാന്തം, സംസ്കൃതം - വ്യാകരണം, സംസ്കൃതം - ന്യായം, സംസ്കൃതം - ജനറൽ, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), ബി. എഫ്. എ. (പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ) എന്നീ ബിരുദ വിഷയങ്ങളും ആയുർവേദ പഞ്ച കർമ്മ & അന്താരാഷ്ട്ര സ്പാ തെറാപ്പി എന്നീ ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തപ്പെടുക.

ബിരുദ പ്രോഗ്രാമുകൾ
മുഖ്യ ക്യാമ്പസായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബി. എ. ബിരുദ പ്രോഗ്രാമുകളിലേയ്ക്കും, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ വിഷയങ്ങളിൽ നാലു വർഷത്തെ ബി. എഫ്. എ. ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം നൽകുന്നു. സർവ്വകലാശാലയുടെ തിരുവനന്തപുരം (സംസ്കൃതം ന്യായം), പന്മന (സംസ്കൃതം വേദാന്തം), കൊയിലാണ്ടി (സംസ്കൃതം-സാഹിത്യം, വേദാന്തം, ജനറൽ), തിരൂർ (സംസ്കൃതം വ്യാകരണം), പയ്യന്നൂർ (സംസ്കൃതം വ്യാകരണം) എന്നീ പ്രാദേശിക ക്യാമ്പസുകളിൽ വിവിധ സംസ്കൃത വിഷയങ്ങളിലാണ് ബിരുദ പ്രവേശനം നൽകുന്നത്. 

കുറഞ്ഞത് 10 വിദ്യാർത്ഥികളെങ്കിലും പ്രവേശനം നേടാത്ത ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ്ഷിപ്പ് നൽകി അവരെ മറ്റ് ക്യാമ്പസുകളിലേക്ക് മാറ്റുന്നതാണ്. യു. ജി. സി. നിർദ്ദേശ പ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ. ബി. ടി. എൽ. ഇ. സ്കീം) പ്രകാരമാണ് ബിരുദ പാഠ്യപദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. സംസ്കൃത വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രതിമാസം 500/-രൂപ വീതം സ്കോളർഷിപ്പ് നൽകുന്നുണ്ട്.

ഏതെങ്കിലും സ്ട്രീമിൽ പ്ലസു ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവർക്ക് (രണ്ട് വർഷം) മേൽപ്പറഞ്ഞ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പരമാവധി മൂന്ന് പ്രോഗ്രാമുകൾക്ക് ഒരു ക്യാമ്പസിൽ നിന്നും അപേക്ഷിക്കാവുന്നതാണ്.

നൃത്തം (മോഹിനിയാട്ടം, ഭരതനാട്യം), സംഗീതം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകൾക്ക് അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുന്നത്. കാലടി മുഖ്യ ക്യാമ്പസിൽ അഭിരുചി പരീക്ഷകൾ നടക്കും. പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ എന്നീ വിഭാഗങ്ങളിലേയ്ക്കുളള അഭിരുചി പരീക്ഷ ജൂൺ 26ന് നടക്കും. സംഗീത വിഭാഗത്തിലേയ്ക്കുളള അഭിരൂചി പരീക്ഷ ജൂൺ 26,27 തീയതികളിലും ഭരതനാട്യം വിഭാഗത്തിലേയ്ക്കുളളത് ജൂൺ 27, 29 തീയതികളിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 

മോഹിനിയാട്ടം വിഭാഗത്തിലേയ്ക്കുളള അഭിരുചി പരീക്ഷ ജൂൺ 29, 30 തീയതികളിലും ക്രമീകരിച്ചിരിക്കുന്നു. വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള റാങ്ക് ലിസ്്റ്റ് ജൂലൈ ആറിന് പ്രസിദ്ധീകരിക്കും. പ്രവേശനത്തിനായുളള അഭിമുഖം ജൂൺ 12ന് അതാത് കേന്ദ്രങ്ങളിൽ നടക്കും. ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള പ്രായം 2023 ജൂൺ ഒന്നിന് 22വയസ്സിൽ കൂടുതലാകരുത്. ബിരുദ പ്രോഗ്രാമുകൾക്ക് 50/-രൂപ പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 10/-രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

ഡിപ്ലോമ പ്രോഗ്രാം
ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്താരാഷ്ട്ര സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാനുളള യോഗ്യത എതെങ്കിലും സ്ട്രീമിൽ നേടിയ പ്ലസ്ടു ആണ്. ബിരുദധാരികൾക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ 20 സീറ്റുകൾ. കാലാവധി ഒരു വർഷം. 17നും 30നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലാണ് ഡിപ്ലോമ പ്രോഗ്രാം നടത്തുക. 

പ്രവേശനത്തിനായുളള ശാരീരിക ക്ഷമത പരീക്ഷ, അഭിമുഖം എന്നിവ ജൂലൈ 12ന് നടക്കും. യോഗ്യത പരീക്ഷ, ശാരീരിക ക്ഷമത പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിരുദ/‍ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുളള ക്ലാസ്സുകൾ ജൂലൈ 19ന് ആരംഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Follow Us:
Download App:
  • android
  • ios