വാഷിം​ഗ്ടൺ: ആസ്ട്രിയൻ അമേരിക്കൻ ബോഡി ബിൽഡറും നടനും വ്യവസായിയും രാഷ്ട്രീയപ്രവർത്തകനുമാണ് ആർനോൾഡ് ഷ്വാർസെനെഗർ. ട്വിറ്റർ യൂസേഴ്സിലൊരാൾ തന്നെക്കുറിച്ച് എഴുതിയ കുറിപ്പിന് ഷ്വാർസെനെഗർ നൽകിയ മറുപടിയാണ് ശ്രദ്ധേയം. ആദം നാഷ് എന്ന ട്വിറ്റർ യൂസറാണ് അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പും അതിന് ഷെയ്സന​ഗർ നൽകിയ മറുപടിയും ട്വീറ്റിൽ പങ്കുവച്ചിരിക്കുന്നത്.

സിനിമയിലെത്തുന്നതിന് മുമ്പ്, ബോഡിബിൽഡറായിരിക്കെ തനിക്ക് ലഭിച്ചിരുന്ന പ്രതിഫലം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാണ് 1970 കളിൽ ഷ്വാർസെനെഗർ മില്യണയറായത് എന്നാണ് റ്റൂ ഷിഫ്റ്റി ഫോർ യൂ എന്ന അക്കൗണ്ടിൽ നിന്നുള്ള കുറിപ്പ്. എന്നാൽ താൻ എങ്ങനെയാണ് മില്യണയറായത് എന്ന് വളരെ വിശദമായി തന്നെ ഷ്വാർസെനെഗർ മറുപടി നൽകിയിട്ടുണ്ട്. 

'നന്ദി. എന്റെ സമ്പാദ്യങ്ങളെല്ലാം ഞാൻ സ്വയം നേടിയതാണെന്ന് ഞാൻ ഇപ്പോഴും ചിന്തിക്കുന്നില്ല. എന്നാൽ ഒരു സിനിമാ താരം ആകുന്നതിന് മുമ്പ് തന്നെ ഞാൻ സമ്പന്നനായിരുന്നു എന്ന കാര്യം യാഥാർത്ഥ്യമാണ്. ഒരു വീട് വാങ്ങുന്നതിന് പകരം ആറ് നിലയുള്ള അപ്പാർട്ട്മെന്റാണ് ആദ്യം വാങ്ങിയത്. അതിൽ ഒരു നിലയിൽ ഞാൻ താമസിച്ചതിന് ശേഷം അവശേഷിക്കുന്ന സ്ഥലം വാടകയ്ക്ക് നൽകി. ബിസിനസിൽ നിന്നും ബോഡി ബിൽഡറായിട്ടും എനിക്ക് ലഭിക്കുന്ന തുകയിൽ നിന്നാണ് ആദ്യമായി വീട് വാങ്ങിയത്. എന്നക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നു. ഷ്വാർസെനെഗർ കുറിക്കുന്നു. ബോഡിബിൽഡിം​ഗിൽ തന്റെ സുഹൃത്തായ ഫ്രാങ്കോയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 

ബിസിനസിലും ബോഡി ബിൽഡിം​ഗിലും തന്റെ പങ്കാളിയും വഴികാട്ടിയുമായി പ്രവർത്തിച്ചവരെക്കുറിച്ചും ഷ്വാർസെനെഗർ പരാമർശിക്കുന്നുണ്ട്. ആർക്കും ഒറ്റയ്ക്ക് വിജയം എത്തിപ്പിടിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 'നമ്മുടെ വിജയത്തെക്കുറിച്ചുള്ള കഥ പറയുമ്പോൾ, നമ്മളെ മാത്രമല്ല, ആ വിജയത്തിൽ പങ്കാളികളായ എല്ലാവരെയും കുറിച്ച് പറയണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു'. തന്നെക്കുറിച്ചുള്ള കുറിപ്പിന് നന്ദി പറഞ്ഞാണ് ഷ്വാർസെനെഗർ മറുപടി അവസാനിപ്പിക്കുന്നത്.