പത്താം ക്ലാസ് പാസായ 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ നടക്കും.

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഏകദേശം 48,954 (പുരുഷൻമാർ-23467, വനിതകൾ-25487) ഒഴിവുകളാണുള്ളത്. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

മലയാളം, കന്നഡ ഉൾപ്പെ‌ടെ 13 ഭാഷകളിലായാണ് അസം റൈഫിൾസ് എക്സാമിനേഷൻ-2026 സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായി നടക്കും. പ്രായപരിധി- 18-23 വയസ്. ഒ ബി സി / എസ് സി/എസ് ടി /വിമുക്ത ഭടൻ എന്നിവർക്ക് നിയമാനൃസൃത വയസ്സിളവ് ബാധകമായിരിക്കും. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പരീക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകൾ, എസ് സി/എസ് ടി/വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.

താത്ക്കാലിക മോപ് - അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025-26 അദ്ധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനത്തിനായുളള താത്ക്കാലിക മോപ് -അപ് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ള അപേക്ഷകർ പ്രവേശന പരീക്ഷ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന പരാതികൾ ഡിസംബർ 9 വൈകുന്നേരം 6 മണിക്ക് മുൻപായി അറിയിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.

കിക്മയിൽ 23 വരെ ഓൺലൈൻ ക്ലാസുകൾ

കിക്മ കോളേജിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഡിസംബർ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് ഡയറക്ടർ അറിയിച്ചു. ക്ലാസ് ഷെഡ്യൂളുകളും ഓൺലൈൻ പ്ലാറ്റ്ഫോം ലിങ്കുകളും വിദ്യാർത്ഥികളെ പ്രത്യേകം അറിയിക്കും.